
ജീവിതത്തില്‍ ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത ഇടമാണ് സ്‌കൂള്‍ ജീവിതവും കലാലയ ജീവിതവും. പഠിച്ചിരുന്ന കാലത്തു പഠിപ്പ് ഒരു ശിക്ഷയായി തോന്നിയവര്‍ ഏറെ ഉണ്ടാകും എന്നാല്‍ പഠിക്കാന്‍ സ്‌കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്ത കുട്ടികളെ ഓര്‍ക്കുമ്പോള്‍ കൂടുതല്‍ സങ്കടവും വരും. നമ്മുടെ എല്ലാവരുടെയും ആദ്യത്തെ അധ്യാപകര്‍ അമ്മയും അച്ഛനും ആയിരിക്കും . അക്ഷരം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നത് മറ്റേതെങ്കിലും ഗുരുവിന്റെ മുന്‍പിലായിരിക്കും. കൊല്ലം ജില്ലയിലെ കടക്കല്‍ എന്ന ഗ്രാമത്തില്‍ 'അമ്മ എന്നെ ആദ്യം കൊണ്ടിരുത്തിയത് സരോജിനി ടീച്ചറുടെ വീട്ടിലാണ്. അക്ഷരം എന്ന വാക്കിന്റെ അര്‍ഥം ക്ഷരം ഇല്ലാത്തത് അഥവാ നാശം സംഭവിക്കാത്തത് എന്ന് അക്ഷരംപ്രതി ശരിയാണെന്നു ആദ്യമായി പകര്‍ന്നു നല്‍കിയ ടീച്ചര്‍, അതായിരുന്നു സരോജിനി ടീച്ചര്‍. അന്ന് ടീച്ചറിന്റെ വീട്ടില്‍ നമ്മള്‍ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു . ഉച്ചവരെ അക്ഷരം പഠിപ്പിക്കും, പാട്ടുപാടും, ഉച്ചയ്ക്ക് ശേഷം നമ്മള്‍ കുട്ടികളെ ഒന്ന് മയങ്ങാന്‍ വിടും. വൈകുന്നേരം മൂന്നു മണിക്ക് ദോശ ഉണ്ടാക്കി തരും . സ്വന്തം വീട് പോലെ ആയിരുന്നതുകൊണ്ട് ഞാന്‍ ഇടയ്ക് എപ്പോഴോ അടുക്കളയില്‍ പോയി ദോശ കട്ട് എടുക്കും. എടാ ദോശ കള്ളാ എന്ന് ടീച്ചര്‍ വിളിച്ചത് ഇന്നും മനസ്സിലുണ്ട് . ആ കള്ളാ എന്നുള്ള വിളിയില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പഞ്ചസാര ഊറി വരുമായിരുന്നു . മഷിത്തണ്ടും പറിച്ചു സ്‌ളേറ്റും പെന്‍സിലും കയ്യില്‍ പിടിച്ചുകൊണ്ടു പാട വരമ്പത്തുകൂടി ടീച്ചറിന്റെ വീട്ടില്‍ പോയിരുന്ന കാലം മനസ്സില്‍ ഓര്‍മകളുടെ ഓളം വെട്ടുമ്പോള്‍ ഓടി എത്തുന്ന ടീച്ചറുടെ പുഞ്ചിരിയും സ്‌നേഹം തുളുമ്പുന്ന വാക്കുകളുടെ ധ്വനിയുമാണ് കാതുകളില്‍ ഇന്നും മന്ത്രിക്കുന്നത്..
ഒരിക്കല്‍ പാതി വഴിയില്‍ ഡിഗ്രി പഠനം ഉപേക്ഷിച്ച ശേഷം മനുഷ്യാവകാശത്തില്‍ ഡിപ്ലോമ പഠിക്കാന്‍ ചെന്നത് കാര്യവട്ടം ക്യാമ്പസിലെ നിയമ വകുപ്പിലായിരുന്നു . അവിടെ വെച്ച് പരിചയപ്പെട്ട എം. സിറാജുദീന്‍ എന്ന അധ്യാപകനെ മറക്കാനാവില്ല. സിറാജുദീന്‍ സര്‍ എന്ന് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടായിരുന്നു. നിയമം എന്ന വിഷയത്തെ ഇത്രകണ്ട് ആരാധിച്ച മറ്റൊരു അധ്യാപകനെ എനിക്ക് പരിചയമില്ല. പഠനം കഴിഞ്ഞു കുറെ നാള്‍ കാണാതെ ഇരുന്ന എന്നെ വാടക വീടിന്റെ അഡ്രസ് തപ്പിപിടിച്ചു വന്നു ശകാരിച്ചു. കൂടെ കൂട്ടിയിട്ടു എട്ടു വര്‍ഷമായി അന്ന് മുതല്‍ ഒരു കുടുംബത്തിലെ അംഗം പോലെ എന്നെ അദ്ദേഹം കണ്ടു .വീട്ടില്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തി പുസ്തകങ്ങള്‍ ഉറക്കെ വായിപ്പിക്കും, പത്ര കടലാസുകള്‍ സൂക്ഷിച്ചു വെച്ച് വായിക്കാന്‍ തരും. രാവിലെ പത്രം കയ്യില്‍ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുമായിരുന്നു.പത്രം അവധി ഉള്ള ദിവസം തലേ ദിവസത്തെ പത്രം വീണ്ടും എടുത്തു വായിക്കുന്ന ഒരു മനുഷ്യന്‍. ലക്ഷക്കണക്കിന് അഭിഭാഷകന്മാരെയും ന്യായാധിപരെയും അറിവിന്റെ ഉരുക്കുശാലയില്‍ ഉരുക്കി തീര്‍ത്ത എളിയ മനുഷ്യന്‍. പുസ്തകങ്ങളെ ആര്‍ത്തിയോടെ വായിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയ വ്യക്തി.കേരള സര്‍വകാലശാല ലൈബ്രറിയില്‍ ഒരു പുസ്തകം ഏതു ഷെല്‍ഫില്‍ എത്രാമത്തെ വരിയില്‍ ഇരിക്കുന്നു എന്ന് വീട്ടില്‍ ഇരുന്നു കൊണ്ട് വിളിച്ചു പറഞ്ഞാല്‍ നിസ്സംശയം നമുക്ക് പോയി ആ പുസ്തകം അവിടെ നോക്കാം അത് അവിടെ തന്നെ ഉണ്ടാകും..അറിവിന്റെ അറവ്ശാലയില്‍ വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന ഈ ലോകത്ത് ഇത്തരം അധ്യാപകര്‍ വരും തലമുറയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. അധ്യാപകരെ ഓര്‍ക്കാന്‍ അധ്യാപക ദിനം എന്നൊരു ആശയം ആവശ്യമുണ്ടോ. ദിനത്തില്‍ ഒതുക്കാതെ ഒരു ദിനം ആയി കണ്ടാല്‍ എന്നും നമ്മളെ വിട്ടു പിരിയാതെ അവര്‍ കൂടെയുണ്ടാകും. മാന്യന്‍ എന്നതിലുപരി മനുഷ്യനായി മാറാന്‍ മധുരമുള്ള വാക്കുകളും ചൂരലിന്റെ ചൂടും ജീവിതത്തില്‍ ചുറുചുറുക്കോടെ മുന്നേറാന്‍ സഹായിക്കും തീര്‍ച്ച.
Content Highlights: Teachers day special page
Published: 04 Sept 2024, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented