സെപ്റ്റംബർ 5 അധ്യാപകദിനം.  ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ അദ്ധ്യാപകൻ ഡോ. സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത്.  ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാർത്ഥികളെ ഓരോ കാലഘട്ടങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ചു പഠിപ്പിക്കാനാവശ്യമായ കഴിവുകൾ അധ്യാപകർ സ്വായത്വമാക്കേണ്ടതുണ്ട്. പുതിയ ജനറേഷൻ അഥവാ ആൽഫ ജനറേഷൻ കുട്ടികളെ ലോകത്തോട് കിടപിടിക്കുന്നവരാക്കി മാറ്റാൻ അധ്യാപന -പഠന പ്രകൃയകൾ മാറ്റം വരുത്തേണ്ടതാവശ്യമാണ്.ജനറേഷന്‍ Millenials ലും Gen- Z ല്‍ ജനിച്ചവരായിരിക്കും ആല്‍ഫ ജനറേഷന്റെ അധ്യാപകര്‍. ആ ജനറേഷന്‍ ഗ്യാപ് എന്താണെന്ന് മനസ്സിലാക്കുകയും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളോട് സമരസപ്പെട്ടുപോകുവാന്‍ ആവശ്യമായ കഴിവുകള്‍ ഉണ്ടാക്കി കൊടുക്കുകയുമാണ് അധ്യാപകരുടെ പ്രധാന കര്‍ത്തവ്യം.

To advertise here,

 ആരാണ് ആല്‍ഫ ജനറേഷന്‍ 

2010 ന് ശേഷം ഉയര്‍ന്ന ഡിജിറ്റല്‍ ലോകത്ത് ജനിച്ച ഏറ്റവും പുതിയ തലമുറയാണ് ജനറേഷന്‍ ആല്‍ഫ. 1960മുതല്‍ 1980 വരെ ജനിച്ചവര്‍ Gen.X. 1981 നും 1996 നും ഇടയില്‍ ജനിച്ചവര്‍ Millennials എന്നും 1997 - 2009 നും ഇടയില്‍ ജനിച്ചവര്‍ Generation  Z ആണ്. ജനറേഷന്‍ ആല്‍ഫ വര്‍ഷങ്ങള്‍ ഈ ദശാബ്ദത്തിലായതിനാല്‍ ജനറല്‍ ആല്‍ഫ പ്രായ പരിധി 0 മുതല്‍ 14 വയസ്സ് വരെയാണ്. ലോകത്ത് 2.5 ദശലക്ഷം ആല്‍ഫകള്‍ ഓരോ ആഴ്ചയും ജനിക്കുന്നുണ്ട്. ഈ കുട്ടികളാണ് ഐപ്പാഡുകളും സ്മാര്‍ട്ട്‌ഫോണുകളും കയ്യില്‍കരുതി വളരുന്നത്. അവരുടെ പ്രത്യേകതകള്‍:-

-    സാങ്കേതിക പരിജ്ഞാനം കൂടുതലായിരിക്കും
-    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അവരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും.
-    പഠനത്തിനോടുള്ള സമീപനം വ്യത്യസ്തമാണ്
-   സോഷ്യല്‍ മീഡിയ ആയിരിക്കും അവരുടെ പ്രധാന ഇടപെടല്‍ രീതി
-    ഷെയറിംഗ് ആന്റ് കെയറിംഗ് കുറവായിരിക്കും.
-    മതവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു.
-    അവരുടെ ഭക്ഷണക്രമം, ജീവിതരീതി വളരെ വ്യത്യസ്തമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യമെന്നത് ആഗോള ലോകത്ത് മത്സരിക്കുന്നതിന് ആര്‍ജ്ജവമുള്ള ധാര്‍മ്മികതയില്‍ വേരൂന്നിയ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുക എന്നതാണ്. വളരെ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ലോകം അസ്തിരവും, അനിശ്ചിതത്വവും, സങ്കീര്‍ണ്ണവും അവ്യക്തതയും (Volatility, Uncertainty, Complexity, Ambiguity) നിറഞ്ഞതായതിനാല്‍ (VUCA WORLD) അതിനെ മറികടക്കാന്‍ കഴിയുന്ന കൂടുതല്‍ ഫലപ്രദവും സുതാര്യവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്ക് ഉപകാരപ്പെടുകയുള്ളൂ. അതിന് കഴിവുള്ള അധ്യാപകരെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അങ്ങിനെയുള്ള അധ്യാപകര്‍ക്ക് ഉണ്ടായിരിക്കേണ്ട കഴിവുകള്‍ താഴെ പറയുന്നു.

1.    ആധുനിക അധ്യാപന നൈപുണികള്‍  ( Advanced Teaching Skills)
2.    തേച്ചുമിനുക്കിയ അറിവുകള്‍  (Updated knowledge)
3.    ശക്തമായ അനുഭവങ്ങള്‍ (Powerful Experiences)
4.    ശുഭാപ്തിവിശ്വാസമുള്ള മനോഭാവം (Positive Attitude)

 1.    ആധുനിക അധ്യാപന നൈപുണികള്‍ (Advanced Teaching Skills)

 അധ്യാപനം മഹത്തായ കലയും ശാസ്ത്രവുമാണ്. യോഗ്യതകളെക്കാള്‍ പ്രധാനം അധ്യാപനത്തിലുള്ള ഗുണനിലവാരമാണ്. ആല്‍ഫ ജനറേഷനിലുള്ള കുട്ടികളെ അവരുടെ ശാരീരിക - മാനസീക - വൈജ്ഞാനിക നിലവാരവും പ്രത്യേകതകളും മനസ്സിലാക്കിക്കൊണ്ട് വേണം അധ്യാപനം നടത്താന്‍. അതിനനുയോജ്യമായ LTM (Learning Teaching Materilas) ഉപയോഗിക്കുകയും കുട്ടികളുടെ ആവശ്യം (Need) അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് ക്ലാസ്സ് മുറികളില്‍ നടത്തേണ്ടത്. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ അറിയുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള സര്‍ഗ്ഗാത്മകമായ കഴിവ് (Creativity), ആശയ വിനിമയ പാഠവം (Effective Communication Skills), സഹാനുഭൂതി (Empathy) വികാരങ്ങളെ അറിയാനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പാഠവം (Managing emotions), സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കഴിവ് (Coping with stress) തുടങ്ങിയവയെല്ലാം പുതിയകാലഘട്ടത്തിലെ അധ്യാപകര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള  പ്ലാറ്റ്‌ഫോമുകളെ കുറിച്ചും (Google meet, Zoom, Webex meet etc), വിദ്യാഭ്യാസ ബോര്‍ഡുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെ Online teaching source നെക്കുറിച്ചും നല്ല ധാരണ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം Social Media എങ്ങിനെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നും അറിയേണ്ടതുണ്ട്. 

2 .തേച്ചുമിനുക്കിയ അറിവുകള്‍  (Updated knowledge)

അധ്യാപകര്‍ക്ക് രണ്ട് തരത്തിലുള്ള അറിവുകള്‍ ഉണ്ടാകേണ്ടതുണ്ട്. ലംബമായ അറിവും (Vertical knowledge)  തിരശ്ചീനമായ അറിവും (Horizontal knowledge). ലംബമായ അറിവ് എന്ന്ഉദ്ദേശിക്കുന്നത് താന്‍ പഠിച്ച, പഠിപ്പിക്കുന്ന വിഷയങ്ങളിലെ ആഴത്തിലുള്ള, അഗാധമായ അറിവിനെയാണ്. എന്നാല്‍ മറ്റ് വിഷയങ്ങളിലുള്ള അറിവുകള്‍, പൊതുവിജ്ഞാനം, (General knowledge), 👆കുട്ടികളുടെ മന:ശാസ്ത്രം (Child Psychology),  പെരുമാറ്റ ശാസ്ത്രം (Behavioural Science) സാംസ്‌കാരികമായ അറിവുകള്‍ (Cultural knowledge) എന്നിവയൊക്കെയാണ് തിരശ്ചീനമായ അറിവുകൊണ്ടുദ്ദേശിക്കുന്നത്.

പ്രസ്തുത രണ്ട് അറിവുകളും ഉണ്ടായിരിക്കുകയും കാലഘട്ടത്തിനനുസരിച്ച് പുതുക്കുകയും ചെയ്യുമ്പോഴാണ് അത് ഉപകാരപ്പെടുന്ന അറിവായി പരിണമിക്കുന്നത്. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കിന് മാത്രമെ മറ്റൊരു വിളക്കിനെ വെളിച്ചം പകരുവാന്‍ സാധ്യമാവുകയുള്ളൂ. അധ്യാപകര്‍ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അഥവാ അറിവുകള്‍ സ്വായത്തമാക്കണം. എങ്കില്‍ മാത്രമെ കുട്ടകള്‍ക്ക് പുതിയ അറിവുകള്‍ ലഭിക്കുകയുള്ളൂ.

ക്ലാസ്സിലുള്ള എല്ലാകുട്ടികളും ഒരുപോലെയല്ലല്ലോ. ബുദ്ധിശക്തി, ഗ്രഹിക്കാനുള്ള കഴിവ്, പഠനരീതി, വീട്ടിലെ സാഹചര്യങ്ങള്‍, ശാരീരിക - മാനസീകാവസ്ഥകള്‍ എന്നിവയൊക്കെ വ്യത്യസ്ഥമാണ്. അങ്ങിനെയുള്ള കുട്ടികളെയാണ് അവരുടെ ആവശ്യമനുസരിച്ച് പഠനപ്രക്രിയകള്‍ ക്രമീകരിച്ച് കൊടുക്കേണ്ടത്. അധ്യാപകരുടെ തനതായ ശൈലികള്‍ കുട്ടികള്‍ക്ക് മതിയാകുന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് പഠനം ലഭിക്കുന്ന പുതുമയുള്ള ശൈലികള്‍ പരീക്ഷിക്കേണ്ടതുണ്ട്. എല്ലാ കുട്ടികളേയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ബോധനരീതികള്‍ കണ്ടെത്താനും അത് ക്ലാസ്സ്‌റൂമുകളില്‍ പ്രയോഗിച്ച് കുട്ടികളെ പ്രചോദിപ്പിക്കാനും കഴിയേണ്ടതുണ്ട്.

3.ശക്തമായ അനുഭവങ്ങള്‍ (Powerful Experiences) 

അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല അധ്യാപകര്‍. പഠനപ്രിക്രിയ പൂര്‍ണ്ണമാകണമെങ്കില്‍ പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ ഉപയോഗപ്രദമാകണം. ജീവിതഗന്ധിയായ അനുഭവങ്ങളിലൂടെ കുട്ടികള്‍ക്ക് അറിവ് ലഭിച്ചാല്‍ മാത്രമേ അത് ജീവിതാവസാനം വരെ ഉപയോഗപ്പെടുകയുള്ളൂ.

കണ്ടും കേട്ടും പഠിക്കുന്നതിനേക്കാള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് അനുഭവങ്ങളിലൂടെ പഠിക്കുമ്പോഴാണ്. അത്തരം അനുഭവങ്ങള്‍ ക്ലാസ്മുറികളിലോ അതിനു പുറത്തോ ഉണ്ടാക്കിയെടുക്കുന്നതില്‍ അധ്യാപകര്‍ ജാഗ്രതകാണിക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല അനുഭവങ്ങള്‍ ഉണ്ടാകേണ്ടത്. അധ്യാപകര്‍ക്കും തങ്ങള്‍ക്ക് കിട്ടുന്ന അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തി സ്വയം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ആല്‍ഫ ജനറേഷന്‍ കുട്ടികളുടെ പഠനസങ്കല്പങ്ങളും അവരുടെ ലോകത്തോടുള്ള കാഴ്ച്ചപ്പാടുകളും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള കഴിവുകളുമൊക്കെ മനസ്സിലാക്കുകയും അവരില്‍ ഒരാളായി മാറുകയും ചെയ്യേണ്ടതുണ്ട്. ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന രീതികള്‍ ഒരു തരത്തിലും ഗുണകരമല്ല. ഇന്നത്തെ സാഹചര്യത്തില്‍ അതിന് കഴിയുകയുമില്ല. അതുകൊണ്ട് കുട്ടികളിലേക്കിറങ്ങി അവരുടെ അനുഭവങ്ങളും നമ്മുടെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പഠന പ്രക്രിയയാണ് ഉപയോഗപ്പെടുകയുള്ളൂ.

4 .ശുഭാപ്തിവിശ്വാസമുള്ള മനോഭാവം (Positive Attitude) 

മുകളില്‍ സൂചിപ്പിച്ച മൂന്നു ഘടകങ്ങളുണ്ടെങ്കിലും മനോഭാവം ശരിയായില്ലെങ്കില്‍ ഒരാള്‍ക്കും നല്ല അധ്യാപകരാകാന്‍ കഴിയില്ല. ഒരു രാജ്യത്തിന്റ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് ക്ലാസ്‌റൂമുകളിലാണ്. അധ്യാപകര്‍ സാമൂഹിക എഞ്ചിനീയര്‍മാരാണ്. കുശവന്മാര്‍ പലസ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മണ്ണ് തന്റെ ആലയിലിട്ട് കുഴച്ച് പരുവപ്പെടുത്തി പൊതുജനങ്ങള്‍ക്കാവശ്യമായ മണ്‍കലങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതുപോലെ ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനാവശ്യമായ വ്യത്യസ്ഥ ജോലികള്‍  ചെയ്യുന്നവരെ  സൃഷ്ടിച്ചെടുക്കുക എന്ന മഹത്തായ ദൗത്യമാണ് അധ്യാപകര്‍ ചെയ്യുന്നത്.

അധ്യാപനജോലിയോടുള്ള അണയാത്ത ആവേശം തന്റെ ജോലിയോടുള്ള നല്ല മനോഭാവത്തെ സൂചിപ്പിക്കുന്നതാണ്. നമ്മുടെ മക്കള്‍ നല്ലവരാകും എന്ന ശുഭാപ്തിവിശ്വാസം എല്ലാ അധ്യാപകര്‍ക്കും ഉണ്ടാകണം. ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മാതൃകകള്‍ (Role  Model) ആകേണ്ടതാണ്. സാമൂഹിക തിന്മകളില്‍ നിന്നും, ദുരാചാരങ്ങളില്‍ നിന്നും അധ്യാപകര്‍ പൂര്‍ണ്ണമായും ഒഴിവാകേണ്ടതാണ്. 

കഴിഞ്ഞ കാലങ്ങളില്‍ അധ്യാപകര്‍ക്ക് സമൂഹം നല്‍കിയിരുന്ന ഒരു ആദരവ് ഇന്ന് കാണാന്‍ കഴിയാത്തതിന്റെ കാരണം അധ്യാപനം വെറുമൊരു തൊഴിലായി മാറ്റിയപ്പോളായിരിക്കും. അധ്യാപകരുടെ പ്രവര്‍ത്തന മേഖല വളരെ വിശാലമാണ്. അധ്യാപകര്‍ കുട്ടികളുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നത് ബാഹ്യമായ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. ഒരു സമൂഹത്തില്‍ ജീവിക്കേണ്ട പൗരന്മാര്‍ എന്ന നിലയില്‍ മൂല്യങ്ങളുടെ സമന്വയം ചിട്ടപ്പെടുത്തുക എന്നതാണ് ആന്തരീകമായ ലക്ഷ്യം. സത്യത്തോടുള്ള പ്രതിബദ്ധത, ഭയം കൂടാതെ ജീവിക്കുക, ജീവിതത്തോടുള്ള ആദരവ് എന്നീ മൂല്യങ്ങള്‍ കുട്ടികളുടെ ഹൃദയത്തിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും വലിയ അധ്യാപനം.