
സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നയിടമാണ് കേരളം. ഈ ചർച്ചകൾക്ക് മുതൽക്കൂട്ടാകുന്ന പുസ്തകമാണ് "കാഴ്ചപ്പാടുള്ള ക്ലാസ് മുറി. " അശ്വിൻ പ്രഭു എഴുതി സുരേഷ് നാരായണൻ പരിഭാഷ നിർവഹിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ദാർശനികനായ ജിദ്ദു കൃഷ്ണമൂർത്തിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഇന്ത്യയിലെ വിദ്യാലയങ്ങളുടെ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിൻ്റെ ദർശനങ്ങളിൽ ഊന്നിയ വിദ്യാഭ്യാസ ആശയങ്ങളെ ഏഴ് മേഖലകളാക്കി ഏഴ് അധ്യായങ്ങളിലൂടെ പുസ്തകത്തിൽ വിവരിക്കുന്നു.
വിദ്യാലയങ്ങൾ എന്തിനുള്ള ഇടമാണ് എന്ന് എക്കാലത്തെയും പ്രസക്തമായ ചോദ്യമുയർത്തിക്കൊണ്ടാണ് പുസ്തകത്തിൻ്റെ തുടക്കം. ആന്തരികമായി വേണ്ട മാനുഷിക ഗുണങ്ങൾ ഉണർത്തുവാൻ വിദ്യാലയങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക? വിദ്യാർത്ഥികളിൽ ജീവിതോപാധി കണ്ടെത്താനുള്ള കഴിവ് വളർത്തുന്നതിലുപരി ജീവിതത്തെ സമഗ്രമായി കാണാനും ജീവിത വിജയത്തിന് തയ്യാറാക്കാനും സ്കൂളുകൾക്കാകുമോ? വിദ്യാർത്ഥികളെ സ്വതന്ത്രമായി ചിന്തിക്കാനും നിലവിലുള്ള സാമാന്യ ധാരണകളെ മുഴുവൻ അതുപോലെ സ്വീകരിക്കാതെ വസ്തുനിഷ്ഠമായി വിലയിരുത്തി അവയെ സ്വീകരിക്കുവാനും തള്ളുവാനുള്ള കഴിവ് സൃഷ്ടിക്കുവാൻ വിദ്യാലയങ്ങൾക്ക് ആകുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ജിദ്ദു കൃഷ്ണമൂർത്തി ഫൗണ്ടേഷൻ വിദ്യാലയങ്ങളിലെ വിശാലമായ പ്രവർത്തനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പരിശോധിക്കുവാനുള്ള ശരിയായ ശ്രമമാണ് ഈ പുസ്തകം നടത്തിയിരിക്കുന്നത്.ഈ വിദ്യാലയങ്ങൾ സമൂഹത്തിൽനിന്നും അകന്ന് കുമിളകൾക്കുളിൽ പ്രവർത്തിക്കുന്നവയാണെന്നും അവിടുത്തെ വിദ്യാർത്ഥികൾ യഥാർത്ഥ ലോകത്തിൽ ജീവിതത്തിൽ എങ്ങനെയാകുമെന്നുമുള്ള സംശയം ഈ പുസ്തകത്തിൻ്റെ വായനയോടുകൂടി ഇല്ലാതാകും.
സ്വന്തം ചെയ്തികളെ /സ്വന്തം മനസ്സിൽ നടക്കുന്ന പ്രവർത്തനങ്ങളെ
ആന്തരികാവലോകനം നടത്തുവാൻ ഈ വിദ്യാലയങ്ങൾ വിദ്യാർഥികൾക്ക് പ്രേരണ നൽകുന്നു. .ഇത് വ്യക്തിയുടെ ചിന്തകൾ, വികാരങ്ങൾ, പ്രചോദനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സ്വയം മനസ്സിലാക്കി വ്യക്തിഗത വളർച്ചയ്ക്കും സഹായകമാകും. ജിദ്ദു കൃഷ്ണമൂർത്തി വിദ്യാലയത്തിൽ നടക്കുന്ന സ്വയാവബോധ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നത് ഒരു കുട്ടിയുടെ രചനയെ മുൻനിർത്തിയാണ് . കുട്ടി അഞ്ചാംക്ലാസിൽ എഴുതിയതും രണ്ടുവർഷം കഴിഞ്ഞ് എഴുതിയതുമായ അനുഭവിക്കുറിപ്പുകൾ താരതമ്യപ്പെടുത്തി അവൾ നേടിയ തിരിച്ചറിവിന്റെ തെളിമ വായനക്കാരെ ബോധ്യപ്പെടുത്തുന്നു . ഏകാന്തമായ ധ്യാനം മാത്രമല്ല സ്വയം അറിയുക എന്നതിൻ്റെ ഭാഗമായി ഇവിടെ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളത്. കുട്ടികളുടെ കവിതയെഴുത്ത് അവരുടെ ആത്മപ്രകാശനത്തിനുള്ള വേദിയായി കരുതി പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനം സ്വീകരിക്കുന്നു. അതോടൊപ്പം വട്ടത്തിൽ കൂടിയിരുന്ന് അതാത് ക്ലാസ്സ് നിലവാരമനുസരിച്ച് വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വിഷയങ്ങൾ മുൻകൂട്ടി നൽകി നടക്കുന്ന ചർച്ചകൾ കുട്ടികൾക്ക് സ്വയം തിരിഞ്ഞു നോക്കാനും മെച്ചപ്പെടാനും വിലയിരുത്താനും സവിശേഷമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ഓർമ്മശക്തിക്കും വിവരശേഖരണത്തിനും പരീക്ഷകളുടെ തയ്യാറെടുപ്പിനുമുള്ള ഓട്ടപ്പാച്ചിലിനിടയിലാണ് കുട്ടികൾ. ചുറ്റുപാടുകളെ വീക്ഷിക്കുന്നതിൽ , മനസ്സിലാക്കുന്നതിൽനിന്നുമെല്ലാം അവർ മാറ്റിനിർത്തപ്പെടുകയാണ്. ചിലയിടങ്ങളിലും ചില വിദ്യാലയങ്ങളിലും ഒഴികെ ലോകത്തെല്ലായിടത്തും ഇന്നും തുടരുന്നത് യാന്ത്രികമായ ഈ വിദ്യാഭ്യാസ രീതിയാണ്. ഒരു വ്യക്തിയുടെ ചുറ്റുപാടിന് പഠനത്തിൽ ചെലുത്തുവാൻ കഴിയുന്ന വലിയ സ്വാധീനത്തെ ക്കുറിച്ചാണ് രണ്ടാം അധ്യായം വിവരിക്കുന്നത്. പ്രകൃതി നിരീക്ഷണത്തിന്റെ അപൂർവ്വമായ അവസരങ്ങളൊരുക്കി കുട്ടിയുടെ അനുഭവങ്ങളെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും കഴിയണം. കൃഷ്ണമൂർത്തി ഫൗണ്ടേഷൻ കീഴിലുള്ള ഓരോ വിദ്യാലയവും പ്രാദേശിക പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ഇതിൻ്റെ ഭാഗമായി പ്രാദേശിക പഠന പരിപാടികൾ, പഠനയാത്രകൾ എന്നിവ നടത്താറുമുണ്ട്..ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി തങ്ങളുടേതിൽ നിന്ന് ഭിന്നമായ ജീവിത രീതികൾ സ്വാംശീകരിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതാണിത്. ആഴമുള്ള അനുഭവങ്ങൾ ലഭ്യമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്തിയാൽ
ഫലത്തെക്കുറിച്ച് സംശയമേ വേണ്ടതില്ല.
പഠിക്കുക എന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെ അതിൻ്റെ ഗുണകരമായ ഫലം ലഭിക്കുന്നത് സാധാരണയായി പരീക്ഷകൾ വിജയിക്കുന്നതിനുള്ള ഒരു പ്രവർത്തനത്തിലൂടെയാണ് . എന്നാൽ അറിയുക എന്നത് കുറെക്കൂടി വിശാലവും വിപുലവും ദീർഘകാലം കൊണ്ട് ഫലം ലഭ്യമാകുന്ന ഒന്നുമാണ് .അതിൻ്റെ ഫലവും നേട്ടങ്ങളും ഔദ്യോഗിക വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങളിൽ ചെലവഴിക്കുന്ന ഏതാനും വർഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല". അതുകൊണ്ടുതന്നെ പ്രവർത്തനം വഴിയുള്ള അറിവ് നേടൽ , അന്വേഷണ പ്രോജക്ടുകൾ ,വിദ്യാർത്ഥികളുടെ അവതരണങ്ങൾ ,പ്രവർത്തനാധിഷ്ഠിതമായ പാഠ്യപദ്ധതികൾ എന്നിവയെല്ലാം ഇന്ന് ലോകമെമ്പാടും സ്വീകരിച്ചിട്ടുണ്ട്.
കൃഷ്ണമൂർത്തി വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നതും പഠനത്തിന് പലതരം രീതികൾ പിന്തുടരാൻ കഴിയും വിധത്തിലും പ്രവർത്തനങ്ങൾ ഒരുക്കുന്നു . ഇത്തരം പഠന സാധ്യതകൾ ഒരു പ്രത്യേക വിഷയത്തെ /പ്രത്യേക അധ്യാപകനെ ഉദ്ദേശിച്ചല്ല ഇവിടങ്ങളിൽ തയ്യാറാക്കിയിട്ടുള്ളത് . ഇവിടെ മത്സരാധിഷ്ഠിത രീതിയിൽ വിദ്യാർഥികളെ താരതമ്യം ചെയ്യുന്ന രീതികളില്ല .കുട്ടികൾക്ക് ചെറുതും വലുതുമായി സംഘങ്ങളായി പ്രവർത്തിക്കാൻ അവസരം നൽകുന്നു. ഒപ്പം പൊതുവായതും വിപുലമായതുമായ ലക്ഷ്യങ്ങൾ നേടാൻ ക്ലാസിനെ പൂർണമായി സജ്ജമാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് .രൂപകൽപ്പന പരീക്ഷണശാല, ക്ലാസ് വാർത്താപത്രിക നിർമ്മാണം, സാംസ്കാരികവാരം എന്നീ മൂന്ന് ഇടപെടലുകളിലൂടെ ഉന്മേഷകരമായ ബോധന സാധ്യതകളെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. ഓരോരുത്തരും അവരുടെ അറിവുകളെയും അനുഭവങ്ങളെയും തങ്ങളെതന്നെ മാറ്റിയെടുക്കാൻ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന് മികച്ച പഠനാന്തരീക്ഷം നൽകുന്ന സാധ്യതകളുടെ ഘോഷയാത്ര പുസ്തകം വിനിമയം ചെയ്യും.
മത്സരബോധത്തോടെയല്ലാതെ ഒരു പൊതു ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ പ്രോത്സാഹിപ്പിക്കുന്ന പഠന രീതിക്ക് സമൂഹ നിർമ്മിതിയിൽ വലിയ പങ്കാണ് വഹിക്കാനുണ്ട് .കുട്ടികളുടെ വ്യക്തിഗത ദൗർബല്യങ്ങളും പഠന ശൈലികളും സൃഷ്ടിക്കുന്ന പരിമിതികളെ മറികടന്ന് അവർക്കിടയിൽ സഹവർത്തിത പഠനത്തിന്റെ മൂല്യങ്ങൾ വളർത്തിയെടുക്കാൻ അനുവദിക്കണം. ഈ സഹകരണ മനോഭാവം നൽകുന്ന അനുഭവപരമായ പഠനം മികച്ച സമൂഹ സൃഷ്ടിക്ക് അനിവാര്യമാണ്.നാടോടി നൃത്തം, നാടകം. തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെയുള്ള പഠനവും കായിക പഠനവും എങ്ങനെ പഠനത്തിനുള്ള സുപ്രധാന ഉപകരണങ്ങളായി മാറുന്നുവെന്ന് ഒന്നായി ചേർന്ന് പ്രവർത്തിക്കാൻ പഠിക്കാം എന്ന അധ്യായം വിവരിക്കുന്നു.
ബന്ധങ്ങളുടെ അനുഭവമെന്ന അടുത്ത അധ്യായം പ്രധാനമായും മൂന്ന് പ്രവർത്തനങ്ങളെ വിശകലനം ചെയ്തു കൊണ്ടാണ് വികസിക്കുന്നത് റൊട്ടേഷണൽ ഡ്യൂട്ടി,ഒന്നിച്ചുള്ള സാമൂഹ്യ പ്രവർത്തനം ,തുറന്ന വായനശാല എന്നിവയാണിവ.ഈ തന്ത്രങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പരമ്പരാഗത തടസ്സങ്ങൾ തകർക്കുന്നതിനും കൂടുതൽ ജനാധിപത്യപരവും പങ്കാളിത്തപരവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു .ഈ രീതികൾ വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്തയും സഹാനുഭൂതിയും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വളർത്താൻ ലക്ഷ്യമിടുന്നു. പഠനം ക്ലാസ് മുറിയിൽ ഒതുങ്ങാതെ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ നിർണായകമാകുന്ന ഇടപെടലുകളുടെ നേർചിത്രം പുസ്തക വായന ലഭ്യമാക്കും
സ്കൂൾ ടൈംടേബിളിൽ പതിവ് കലാകായിക സെഷനുകൾ എങ്ങനെ ഉൾപ്പെടുത്തണമെന്ന് ആറാം അധ്യായത്തിൽ പറയുന്നു. അവിടെ വിദ്യാർത്ഥികൾക്ക് ഡ്രോയിംഗ്, പെയിൻ്റിംഗ്, ശിൽപം, മറ്റ് കരകൗശല വസ്തുക്കൾ എന്നിവയിലെല്ലാം ഏർപ്പെടാവുന്നതാണ്. ഈ സെഷനുകൾ സ്വതന്ത്രമാകണം. കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോ സമർദ്ദങ്ങളോ ഇല്ലാതെ വിദ്യാർത്ഥികളെ വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുവാൻ അനുവദിക്കണം.കലയും കരകൗശലവും മറ്റ് വിഷയങ്ങളുമായി സമന്വയിപ്പിക്കുന്നതിനെ കുറിച്ച് പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. ചരിത്രവും ശാസ്ത്രവും പഠിപ്പിക്കാൻ കല ഉപയോഗപ്പെടുത്തണം. ഈ ഇൻ്റർ ഡിസിപ്ലിനറി സമീപനം പഠനത്തെ കൂടുതൽ ആകർഷകമാക്കുകയും വിജ്ഞാനത്തിൻ്റെ വിവിധ മേഖലകൾക്കിടയിലെ ബന്ധം മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു. കലാ പ്രദർശനങ്ങളും കരകൗശല മേളകളും വിദ്യാർത്ഥികൾക്ക് അവരുടെ സൃഷ്ടികൾ സമപ്രായക്കാർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മുൻപിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന വിധത്തിലാവണം സംഘടിപ്പിക്കേണ്ടത്. ഇത് അവരുടെ പ്രയത്നങ്ങളെ സാധൂകരിക്കുക മാത്രമല്ല സാമൂഹിക ബോധവും പങ്കുവയ്ക്കൽ പഠനവും ഉറപ്പിക്കുന്നു. കലയും കരകൗശലവും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നത് ഭാവിയിലെ പഠന പരിതസ്ഥിതികളെ ഗണ്യമായ മാറ്റത്തിലേക്ക് നയിക്കും . ഈ സമീപനം സ്വീകരിക്കുന്ന സ്കൂളുകൾ വൈകാരികമായി ബുദ്ധിയുള്ളവരും സാമൂഹിക അവബോധമുള്ളവരും ക്രിയാത്മകത പ്രകടിപ്പിക്കുന്നവരുമായ മികച്ച വ്യക്തികളെ സൃഷ്ടിക്കും.
അവസാന അധ്യായം വിദ്യാർത്ഥികളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസരിച്ച് വഴക്കമുള്ളതും പൊരുത്തപ്പെടുന്നതുമായ പാഠ്യപദ്ധതിയുടെ ആവശ്യകതയാണ് ചർച്ച ചെയ്യുന്നത്. ഇതിൽ മോഡുലാർ കോഴ്സുകൾ, വ്യക്തിഗത പഠനപദ്ധതികൾ ,അക്കാദമി പഠനത്തിനപ്പുറമുള്ള വിശാലമായ വിഷയങ്ങൾ ഉൾപ്പെടുത്തൽ എന്നിവ വിവരിക്കുന്നു . കുട്ടിയിൽ ഒളിഞ്ഞു കിടക്കുന്ന പഠനത്തോടുള്ള സ്നേഹം , പ്രോത്സാഹിപ്പിക്കുന്ന പഠനാന്തരീക്ഷങ്ങൾ സൃഷ്ടിക്കുവാൻ ഈ അധ്യായം നിർദ്ദേശിക്കുന്നു.
പ്രതിഫലനാത്മകമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അധ്യാപകർക്ക് പ്രേരണ നൽകണം. ഇത് വിദ്യാർത്ഥികൾക്ക് സ്വയാവബോധവും
ആഴത്തിലുള്ള ധാരണയും വളർത്തിയെടുക്കാൻ സഹായകമാകും. വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പഠനം സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വികസിക്കുന്ന ചലനാത്മകമായ ഒന്നാകണമെന്ന് പ്രതീക്ഷിക്കുന്നുണ്ട് .ഭാവിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അറിവ് മാത്രമല്ല പകരേണ്ടത്, സഹാനുഭൂതിയും നൂതനവുമായ ജീവിതം നയിക്കുവാൻ കഴിവുള്ളതുമായ വ്യക്തികളെ സൃഷ്ടിക്കലാകണം. വിദ്യാഭ്യാസത്തോടുള്ള ഈ സമഗ്രസമീപനം കൂടുതൽ നീതിയും അനുകമ്പയും നിറഞ്ഞ ഒരു ലോകത്തെ ഒരു ജനതയെ സൃഷ്ടിക്കും. വിദ്യാഭ്യാസത്തെ വ്യക്തിപരവും സാമൂഹ്യവുമായ പരിവർത്തന ഉപകരണമായി കാണാൻ സാധിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ വിജയിക്കൂ.
കൃഷ്ണമൂർത്തി ഫൗണ്ടേഷൻ നടത്തുന്ന വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം നാം ഇടപെടുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളുമായി തട്ടിച്ചു നോക്കുവാൻ പുസ്തകം നമ്മെ പ്രേരിപ്പിക്കും.രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ പഠനത്തിൻ്റെ വഴികളെ നൽകേണ്ട പിന്തുണയെ സൂക്ഷ്മതയോടെ നിരീക്ഷിക്കുവാൻ ഈ പുസ്തകം ഒരു മികച്ച വഴികാട്ടിയാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങൾ പിന്തുടരുന്ന വിദ്യാർത്ഥി കേന്ദ്രീകൃതമായ പാഠ്യപദ്ധതിയിൽ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് തെളിച്ചവും പിന്തുണയും പുസ്തകത്തിലെ പ്രവർത്തനങ്ങളിൽ നൽകുന്നുണ്ട്.കുട്ടിയുടെ പക്ഷത്തുനിന്ന് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പഠനത്തിന്റെ വഴിയൊരുക്കുന്നതിനും "കാഴ്ചപ്പാടുള്ള ക്ലാസ് മുറി "ഏറെ സഹായകമാകും.
Content Highlights: Teachers day 2024
Published: 05 Sept 2024, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented