വീണ്ടുമൊരു അധ്യാപകദിനം. 35 വര്‍ഷത്തോളം നീണ്ട സര്‍വീസ് കാലത്തിനിടെ സമൂഹത്തിന് ഞാന്‍ എന്താണ് നല്‍കിയത് എന്നാലോചിക്കുമ്പോള്‍ അതിന് എനിക്ക് ഉത്തരമില്ല. പക്ഷേ ഇക്കാലം കൊണ്ട് ഞാനെന്ത് നേടി എന്ന ചോദ്യത്തിന് എനിക്കുത്തരമുണ്ട്. എവിടെത്തിരിഞ്ഞാലും 'ടീച്ചറേ...' എന്ന വിളിയുമായി ഓടിയെത്തുന്ന കുറേ കുട്ടികളും ഓര്‍ക്കാനിഷ്ടപ്പെടുന്നതും ഇഷ്ടമല്ലെങ്കിലും ഓര്‍ക്കുന്നതുമായ കുറേ ഓര്‍മ്മകളാണ് എന്റെ സമ്പാദ്യം.
ഇരിപ്പിടം നഷ്ടപ്പെട്ട കുട്ടി
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന എന്നെ കണ്ടുകൊണ്ട് മാത്രമേ എന്റെ അധ്യാപന ജീവിതത്തെ കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. കാരണം, എന്നിലെ അധ്യാപികയ്ക്ക് അടിത്തറ പാകിയ കല്ലുകളാണ് ആ അനുഭവങ്ങള്‍. വിരമിച്ച് ഇത്ര വര്‍ഷത്തിനിപ്പുറവും മറക്കാന്‍ കഴിയാത്ത ആ കുട്ടിയുടെ മനസില്‍ ഇപ്പോഴുമുണ്ട്. എറണാകുളം ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്‌കൂളിലായിരുന്നു എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പുതിയ സ്‌കൂളില്‍ എട്ട് ജെ ആയിരുന്നു എന്റെ ക്ലാസ്. തൊണ്ണൂറോളം കുട്ടികളാണ് ആ ക്ലാസില്‍ തിങ്ങിനിറഞ്ഞിരുന്നത്. മൂന്നാമത്തെ ബെഞ്ചിന്റെ അറ്റത്ത്, ക്ലാസിന്റെ ഇടതുചുമരിനോട് ചേര്‍ന്നായിരുന്നു എന്റെ ഇരിപ്പിടം. ഞെരുങ്ങിയാണെങ്കിലും അവിടെ ഇരുന്ന് ഞാന്‍ ക്ലാസുകള്‍ കേട്ടു. അങ്ങനെ പോകവെ ഒരു ദിവസം മൂന്നാം പിരീഡായപ്പോഴാണ് ആ സംഭവമുണ്ടായത്. ബെഞ്ചിലെ ചില കുട്ടികള്‍ ഒന്ന് നേരെ ഇരുന്നു. അറ്റത്തിരിക്കുകയായിരുന്ന ഞാന്‍ താഴെ വീണ് എന്റെ തല ചുമരിലിടിച്ച് പൊട്ടി. ചോരവന്നു. അപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നോ? ഓര്‍മ്മയില്ല. ഇന്നാണ് ഒരു കുട്ടിക്ക് ഇത് സംഭവിക്കുന്നതെങ്കില്‍ അധ്യാപകര്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും. പക്ഷേ അന്ന് തല പൊട്ടി ചോരയൊലിപ്പിച്ച് നിന്ന കുട്ടിയുടെ അടുത്തേക്ക് ആരും വന്നില്ല.
ക്ലാസ് ലീഡറായിരുന്ന കുട്ടിയാണ് എന്ന അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെ നിന്ന് മരുന്നുവെച്ച് വീണ്ടും ക്ലാസിലെത്തി. പക്ഷേ ബെഞ്ചിലിരിക്കാന്‍ എനിക്ക് പേടിയായിരുന്നു. അന്ന് മുഴുവന്‍ ഞാന്‍ ക്ലാസില്‍ നിന്നു. അന്ന് മാത്രമല്ല, പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം ഞാന്‍ ക്ലാസില്‍ നില്‍ക്കുകയായിരുന്നു. നിന്നുകൊണ്ട് ക്ലാസ് കേള്‍ക്കുന്ന ആ എട്ടാം ക്ലാസുകാരിയെ ആരും ശ്രദ്ധിച്ചേയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം യാദൃച്ഛിമായി എന്റെ മൂത്ത ചേച്ചി സ്‌കൂളിലേക്ക് വന്നു. രണ്ട് മാസത്തിനിപ്പുറമായിരുന്നു അത്. ക്ലാസില്‍ ഞാന്‍ നില്‍ക്കുന്നത് അധ്യാപിക കൂടിയായ ചേച്ചി കണ്ടു. അവര്‍ക്ക് പരിചയമുണ്ടായിരുന്ന ഒരധ്യാപികയായിരുന്നു ക്ലാസെടുത്തിരുന്നത്. എന്നോട് കാര്യങ്ങള്‍ അന്വേഷിച്ച ശേഷം അവര്‍ എന്റെ അധ്യാപികയെ കണ്ട് സംസാരിച്ചു. അന്ന് മുതല്‍ എനിക്ക് ഇരിക്കാനിടം കിട്ടി.
'തൊണ്ണൂറ് കുട്ടികളുള്ള ക്ലാസല്ലേ, അതിലൊരു കുട്ടി നില്‍ക്കുന്നത് ശ്രദ്ധിച്ചില്ല' എന്ന് എന്റെ അധ്യാപിക ചേച്ചിയോട് പറഞ്ഞത് സത്യമാകാനേ തരമുള്ളൂ. അന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപികയോ ബാക്കി കുട്ടികളോ, ചിലപ്പോള്‍ എന്റെ ചേച്ചി പോലും ഈ സംഭവം മറന്നിട്ടുണ്ടാകും. പക്ഷേ ആ എട്ടാം ക്ലാസുകാരിയുടെ മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയിരുന്നു അത്. ആ മുറിവിന്റെ നീറ്റല്‍ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍, അധ്യാപികയായ ശേഷം എന്റെ ക്ലാസിലെ ഒരു കുട്ടിക്ക് പോലും ഇരിപ്പിടമില്ലാത്ത ദുരവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശിക്ഷാ നടപടിയായി പോലും ഒരു കുട്ടിയെ ഞാന്‍ എഴുന്നേറ്റ് നിര്‍ത്തുകയോ ക്ലാസില്‍നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ല.
കടല്‍ക്കാക്കയെ കണ്ട കുട്ടികള്‍
കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തീരപ്രദേശത്തെ ആ സ്‌കൂളിലെ നാലാം ക്ലാസില്‍ പഠിപ്പിക്കുന്ന സമയം. കടല്‍ക്കാക്കയെ കുറിച്ചാണ് പാഠം. ഓളപ്പരപ്പില്‍ ഒഴുകിനടക്കുകയും ഉയര്‍ന്ന് പറക്കുകയുമെല്ലാം ചെയ്യുന്ന കടല്‍ക്കാക്കയുടെ ചിത്രം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. പക്ഷേ തൃപ്തി വന്നില്ല. ഈ 'വെള്ളക്കാക്ക'യെ നേരില്‍ക്കാണിച്ച് കൊടുത്താല്‍ അത് കുട്ടികളുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല എന്നെനിക്ക് തോന്നി. അറബിക്കടലിന്റെ തീരത്തുള്ള സ്‌കൂളല്ലേ, അപ്പൊ അവിടെ കൊണ്ടുപോയി അവരെ കടല്‍ക്കാക്കയെ കാണിച്ചാല്‍ കുട്ടികള്‍ക്ക് അത് പുതിയൊരനുഭവമാകുമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ അവരുമായി തീരത്തേക്ക് നടന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കായതിനാല്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നു. എന്നും കടലിനോട് കൂട്ടുകൂടിയിരുന്ന കുട്ടികളാണ്. കടല്‍ക്കാക്കയും അവര്‍ക്ക് പുതിയൊരു കാഴ്ചയല്ല. എന്നാല്‍ പാഠപുസ്തകത്തില്‍ നിന്നറിഞ്ഞ ശേഷം കാണുമ്പോള്‍ കടല്‍ക്കാഴ്ച അവരില്‍ കൗതുകമുണര്‍ത്തി. ക്ലാസില്‍ കേട്ട കടല്‍ക്കാക്കയുടെ പ്രകൃതം കണ്ട് അവരുടെ കണ്ണ് വിടരുന്നത് ഞാന്‍ കണ്ടു. ഒരു മണിക്കൂര്‍ ക്ലാസെടുക്കുന്നതിനേക്കാള്‍ ഇതാണ് കുരുന്നു മനസുകളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന് എനിക്ക് അപ്പോള്‍ തോന്നി.
അങ്ങനെ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ചെത്തി. പക്ഷേ സ്‌കൂളിന്റെ ഗേറ്റ് അടച്ചിരുന്നു. ഞങ്ങളുടെ യാത്ര പ്രധാനാധ്യാപകനെ ചൊടിപ്പിച്ചിരിക്കുന്നു.
'ഇങ്ങനെ തോന്നിയ പോലെ പോകുമ്പൊ ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് തിരികെ നല്‍കാന്‍ ടീച്ചര്‍ക്ക് പ്രൊവിഷനുണ്ടോ?' അദ്ദേഹം ചോദിച്ചു. എനിക്ക് മറുപടി ഇല്ലായിരുന്നു. അന്ന് ഞാന്‍ ചെയ്തത് ശരിയാണോ തെറ്റാണോ? തെറ്റാണെന്ന് ഇന്നും എനിക്ക് തോന്നിയിട്ടില്ല. എന്തായാലും ഒന്നെനിക്കറിയാം കുട്ടികള്‍ അന്ന് പഠിച്ച കടല്‍ക്കാക്കയുടെ പാഠവും കടപ്പുറത്ത് പോയപ്പോള്‍ അനുഭവിച്ച സന്തോഷവും അവര്‍ ഒരിക്കലും മറക്കില്ല. 'ഞങ്ങള് എന്നും കടലിനൊപ്പം കളിക്കുന്നവരാ, ടീച്ചറ് കടലില്‍ വീണാലും ഒന്നും പറ്റാതെ ഞങ്ങള് നോക്കും' എന്ന് പറഞ്ഞ് എനിക്ക് ധൈര്യം പകര്‍ന്ന ആ കുരുന്നുകളെ ഞാനും ഒരിക്കലും മറക്കില്ല.
'എന്റെ കഥ' വായിച്ച ടീച്ചര്‍
കമലാ സുരയ്യയുടെ (മാധവിക്കുട്ടി) ആത്മകഥാംശമുള്ള പുസ്തകം വായിക്കുന്നത് ഇത്ര വലിയ തെറ്റാണോ? ആണ്. അത്തരം 'അശ്ലീല പുസ്തക'ങ്ങള്‍ ഒരു അധ്യാപിക സ്‌കൂളില്‍ വെച്ച് വായിക്കുക എന്ന് പറഞ്ഞാല്‍ അത് പൊറുക്കാനാകാത്ത തെറ്റ് തന്നെയായിരുന്നു ഒരുകാലത്ത്.
കാസര്‍കോട്ടെ തന്നെ സ്‌കൂളില്‍ ജോലി ചെയ്യുമ്പോഴാണ് ഞാന്‍ 'എന്റെ കഥ' വായിക്കുന്നത്. ക്ലാസെടുപ്പ് കഴിഞ്ഞുള്ള ഒഴിവുനേരങ്ങളില്‍ സ്റ്റാഫ് റൂമിലിരുന്നാണ് വായന. 'ഇവള്‍ക്ക് ഇതേ വായിക്കാനുള്ളോ, വേറെ എന്തെല്ലാം നല്ല പുസ്തകങ്ങള്‍ വായിക്കാം' എന്നെല്ലാമുള്ള അടക്കം പറച്ചിലുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.
ക്രമേണെ എന്റെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ എന്നോട് സംസാരിക്കാതായി. അവരെ കുറ്റം പറയാന്‍ പറ്റില്ല. സ്റ്റാഫ് റൂമിലിരുന്ന് 'അശ്ലീല പുസ്തകം' വായിച്ച ടീച്ചറോട് മിണ്ടുന്നത് തെറ്റുതന്നെയാണല്ലോ! എട്ട് വര്‍ഷത്തിലേറെക്കാലം അവരാരും എന്നോട് മിണ്ടിയിട്ടില്ല.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകര്‍ക്കായി ക്ലാസെടുക്കാന്‍ അവസരം ലഭിച്ചു. അന്ന് 'എന്റെ കഥ'യും സിലബസ്സില്‍ ഉള്‍പ്പെട്ടിരുന്നു. ഇതാകുമോ കാലത്തിന്റെ കാവ്യനീതി? അറിയില്ല.
ചില ഓര്‍മ്മച്ചീന്തുകള്‍ കൂടി
കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു അധ്യാപികയായുള്ള എന്റെ ആദ്യനിയമനം. അവിടെ മൂന്നാം ക്ലാസിലേക്കാണ് ആദ്യമായി ഞാന്‍ നിയോഗിക്കപ്പെട്ടത്. ക്ലാസിലെത്തി. രാവിലെയുള്ള പ്രാര്‍ഥന കഴിഞ്ഞിട്ടില്ല. പെട്ടെന്ന് എന്റെ മുന്നില്‍ രണ്ട് ചെരിപ്പുകള്‍ വന്ന് വീണു. ആരാണ് എറിഞ്ഞതെന്ന് ചോദിച്ചെങ്കിലും ഉത്തരമുണ്ടായിരുന്നില്ല. എനിക്ക് വലിയ സങ്കടമായി. ഇന്നും ആരാണ് അത് ചെയ്തതെന്ന് എനിക്കറിയില്ല.കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം കിട്ടിയെത്തിയപ്പോള്‍, അവിടത്തെ കുട്ടികള്‍ എന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. മറ്റ് അധ്യാപകരെ മാഷേ എന്നും ടീച്ചറേ എന്നുമാണ് അവര്‍ വിളിക്കുന്നത്. എന്റെ പേരല്ലേ വിളിക്കുന്നത്, അതിലെന്താണ് കുഴപ്പം? പേര് വിളിച്ചാല്‍ അടുപ്പം കൂടുകയല്ലേ ചെയ്യുക, എന്നാണ് ഞാന്‍ ചിന്തിച്ചത്. കുട്ടികളുടെ സ്വരത്തിലെ പരിഹാസം തിരിച്ചറിഞ്ഞെങ്കിലും, തുടര്‍ന്നും എന്നെ പേര് തന്നെ വിളിച്ചോളാന്‍ ഞാന്‍ അവരോട് പറഞ്ഞു. ഒരാളെ പരിഹസിക്കുന്നതിലെ ശരികേട് കാലം കഴിയുമ്പോള്‍ അവര്‍ മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. ആ കുട്ടികളോടും എനിക്ക് സ്‌നേഹം മാത്രമേ ഉള്ളൂ.
ഒരിക്കല്‍ രണ്ടാം ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ സുനില്‍കുമാര്‍ എന്ന കുട്ടി ക്ലാസില്‍ ശ്രദ്ധിക്കാതെ ചിത്രം വരയ്ക്കുന്നത് കണ്ടു. ഡെസ്‌കില്‍ വെച്ചല്ല, കയ്യില്‍ പിടിച്ചാണ് അവന്‍ ചിത്രം വരയ്ക്കുന്നത്. അവന്റെ അടുത്ത് പോയി എന്താ ചെയ്യുന്നത് എന്ന് ചോദിച്ചെങ്കിലും അവന്‍ അത് കാണിച്ചുതരാന്‍ തയ്യാറായില്ല. അവനോട് കൂടുതലൊന്നും ചോദിക്കാതെ ഞാന്‍ ക്ലാസ് തുടര്‍ന്നു. പിന്നീട് വരച്ച് പൂര്‍ത്തിയാക്കിയ ആ ചിത്രം അവന്‍ മറ്റൊരു കുട്ടിയെ ഏല്‍പ്പിച്ചിട്ട് എനിക്ക് നല്‍കാന്‍ അവനോട് പറഞ്ഞു. എന്റെ കയ്യില്‍ നേരിട്ട് തരാന്‍ അവന് മടിയായിരുന്നു. 'സുനില്‍ കുമാര്‍ തരാന്‍ പറഞ്ഞതാ'ണെന്ന് പറഞ്ഞ് അവന്റെ കൂട്ടുകാരന്‍ എനിക്ക് ആ ചിത്രം കൊണ്ടെത്തന്നു. തുറന്ന് നോക്കിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്നെയാണ് അവന്‍ വരച്ചിരിക്കുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി എത്ര മനോഹരമായാണ് എന്നെ വരച്ചതെന്നോര്‍ത്ത് എന്റെ അത്ഭുതം ഇരട്ടിച്ചു. ഇപ്പൊ അവനെവിടെയായിരിക്കും? അറിയില്ല. പക്ഷേ ഒന്നുറപ്പാണ്, ആ മിടുക്കന്‍ ഉയരങ്ങളിലെത്തിയിട്ടുണ്ടാകും.
യു.പി. ക്ലാസുകളില്‍ പഠിപ്പിക്കുമ്പോള്‍ ക്ലാസ് തുടങ്ങുന്നതിന് മുമ്പായി അല്‍പ്പനേരം ചുറ്റുപാടുമുള്ള കാഴ്ചകളും രസകരമായ അനുഭവങ്ങളുമെല്ലാം ഞാന്‍ കുട്ടികളോട് പറയുമായിരുന്നു. ഇംഗ്ലീഷിലാണ് പറയുക. ചിലത് ബോര്‍ഡിലെഴുതുകയും ചെയ്യും. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ ഭാഷ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. കുട്ടികള്‍ അതെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കാറുമുണ്ട്. അങ്ങനെയിരിക്കെ ഒരുദിവസം അഞ്ചിലോ ആറിലോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല, ക്ലാസിനോട് വിശേഷങ്ങള്‍ പറയവെ ഒരു കുട്ടി എഴുന്നേറ്റ് നിന്നു (അവന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല). ടീച്ചറ് പറയുന്നത് പോലെ അവനും ഒരനുഭവം പറയാനുണ്ടത്രെ. ഇത്രനേരം പറഞ്ഞതല്ലേ, ഇനി കുറച്ച് കേള്‍ക്കാമെന്ന് വെച്ച് ഞാന്‍ അവനോട് പറഞ്ഞോളാന്‍ പറഞ്ഞു.
നഴ്‌സറിയില്‍ പഠിക്കുന്ന കാലത്തെ സംഭവമാണ് അവന് പറയാനുണ്ടായിരുന്നത്. നഴ്‌സറി ക്ലാസില്‍ എന്നും അവന്റെ തൊട്ടടുത്ത് ഇരിക്കാറുള്ള ഒരു കൂട്ടുകാരന്‍ അവനുണ്ടായിരുന്നു. മഴക്കാലമായിരുന്നു അത്. ഉച്ചയ്ക്ക് അവനും ആ കൂട്ടുകാരനും ഒന്നിച്ച് ചോറുണ്ണാനായി പോകുകയായിരുന്നു. ഒരു കുളത്തിന്റെ വക്കിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കാല് തെന്നി അവന്‍ കുളത്തിലേക്ക് വീണു. ഉടനെ മറ്റൊന്നുമാലോചിക്കാതെ ഞാനും കുളത്തിലേക്ക് ചാടി അവനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ തനിക്കതിന് കഴിഞ്ഞില്ല. അവന്‍ പിടിവിട്ടുപോയി. നന്നായി നീന്താന്‍ അറിയാമായിരുന്ന അവന്‍ എന്റെ കണ്‍മുന്നില്‍ വെച്ച് കുളത്തില്‍ മുങ്ങിമരിച്ചു. ഇത് ഇപ്പോഴും തന്റെ മനസില്‍ കനല് പോലെ എരിയുന്നുണ്ടെന്ന് കൂടി പറഞ്ഞാണ് അവന്‍ പറഞ്ഞുനിര്‍ത്തിയത്. മരവിച്ച മനസോടെയാണ് അവന്റെ അനുഭവകഥ ഞാന്‍ കേട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങി മരിച്ച ആ കുഞ്ഞിനെ എനിക്ക് അറിയുക പോലുമില്ല. പക്ഷേ ഞാന്‍ കാണാത്ത ആ കുരുന്ന് ഇന്നും എന്റെയുള്ളില്‍ വേദനയായി അവശേഷിക്കുന്നുണ്ട്.
സ്‌കൂളില്‍ ഞാന്‍ പഠിപ്പിച്ച ഒരു പെണ്‍കുട്ടി അടുത്തിടെ എന്നെ കാണാന്‍ വന്നു. വിശേഷങ്ങള്‍ പറയുന്നതിനിടെ അവളൊരു കാര്യം പറഞ്ഞു. അടുത്തിടെ മംഗലാപുരത്ത് പോയപ്പോള്‍, കാഴ്ചശക്തിയില്ലാത്ത ഒരാള്‍ റോഡ് മുറിച്ച് കടക്കാന്‍ വിഷമിക്കുന്നത് കണ്ടു. അവള്‍ ഓടിച്ചെന്ന് അയാളെ മറുഭാഗത്തെത്താന്‍ സഹായിച്ചു. ഒറ്റനോട്ടത്തില്‍ അയാളുടെ അവസ്ഥ മനസിലാക്കിയ അവള്‍ അയാളെ കൊണ്ടുപോയി ഒരു ചായ വാങ്ങിക്കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഒരു തുക നല്‍കുക കൂടി ചെയ്ത ശേഷമാണ് അവള്‍ അയാളെ യാത്രയാക്കിയത്. ഇത്രയും പറഞ്ഞ ശേഷം അവള്‍ ഒരു കാര്യം കൂടി പറഞ്ഞു. 'ഇതെല്ലാം ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ടീച്ചറുടെ മുഖമാണ്' എന്ന്. അധ്യാപിക എന്ന നിലയില്‍, ഏത് വലിയ പുരസ്‌കാരത്തേക്കാളും മൂല്യമുള്ള ഈ വാക്കുകള്‍ക്കപ്പുറം എനിക്ക് മറ്റെന്താണ് വേണ്ടത്? എന്റെ കണ്ണ് നിറഞ്ഞത് അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ അന്ന് ഞാന്‍ പാടുപെട്ടു....
ഞാനൊരു മികച്ച അധ്യാപികയായിരുന്നു എന്ന അവകാശവാദം എനിക്കില്ല. എന്നെക്കാള്‍ എത്രയോ മികച്ച അധ്യാപകര്‍ എനിക്ക് മുമ്പും ശേഷവും ഉണ്ടായിരുന്നു. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ കയ്യിലൂടെ കടന്നുപോയ കുട്ടികള്‍ മോശം കാര്യങ്ങളൊന്നും ചെയ്യില്ല. അവര്‍ എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവരായിരിക്കും. അതുതന്നെയാണ് മൂന്നരപ്പതിറ്റാണ്ടുകാലത്തെ എന്റെ സമ്പാദ്യവും.
(സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അധ്യാപികയാണ് ലേഖിക. ഇ-മെയിൽ വിലാസം: shyamala.cn62@gmail.com)
Content Highlights: Teachers Day: Memoir by Shyamala CN
Published: 04 Sept 2024, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented