മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കര്‍ണാടകയുടെ വമ്പൊടിച്ചത് കേരളത്തിന്റെ സൂപ്പര്‍ സബ് ടി.കെ. ജെസിനാണ്. കേരളം ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയാണ് കോച്ച് ബിനോ ജോര്‍ജ് 30-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ജെസിനെ കളത്തിലിറക്കുന്നത്. അതോടെ കളിയുടെ ഭാവം തന്നെ മാറി. 35, 42, 44, 56, 74 മിനിറ്റുകളില്‍ കേരളത്തിനായി വലകുലുക്കിയ ജെസിന്‍ മത്സരം ഒറ്റയ്ക്ക് കര്‍ണാടകയില്‍നിന്ന് സ്വന്തമാക്കുകയായിരുന്നു. 

To advertise here,

കര്‍ണാടകത്തിന്റെ ഓപ്പണിങ് ഗോളോടെ നിശബ്ദമായ സ്റ്റേഡിയത്തെ ഉണര്‍ത്തിയത് ജെസിന്റെ ബൂട്ടുകളായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ജെസിന്‍ സെമിയില്‍ അടിച്ചുകൂട്ടിയത് അഞ്ചു ഗോളുകളാണ്. ഒപ്പം കര്‍ണാടകയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഒരു ഗോള്‍ കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതോടെ ആറു ഗോളുകളുമായി കേരളത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ സബ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. അഞ്ചു ഗോളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്. 

മമ്പാട് എം.ഇ.എസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൂടിയായ ജെസിന്‍ കേരള യുണൈറ്റഡിന്റെ താരമാണ്. കേരള ബ്ലാസ്റ്റേഴ്സ് വമ്പന്‍ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത അവരുടെ സൂപ്പര്‍ സ്ട്രൈക്കറുമാണ് ജെസിന്‍.