പയ്യനാട് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച കര്‍ണാടകയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരം അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്ക് സ്വന്തമാക്കിയത് ടി.കെ ജെസിനെന്ന കേരളത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. 25-ാം മിനിറ്റില്‍ സുധീര്‍ കോട്ടികെല കര്‍ണാടകയെ മുന്നിലെത്തിച്ചതോടെ നിശബ്ദമായ ഗാലറി ഉണര്‍ന്നത് 30-ാം മിനിറ്റിലെ ജെസിന്റെ വരവോടെയായിരുന്നു. പിന്നാലെ 33-ാം മിനിറ്റില്‍ തന്നെ ജെസിന്‍ മികച്ചൊരു മുന്നേറ്റം നടത്തി. 

To advertise here,

35-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ജെസിന്റെ ആദ്യ ഗോളെത്തി. വലതുവിങ്ങില്‍ നിന്ന് റാഷിദ് നീട്ടിനല്‍കിയ പാസ് കര്‍ണാടക ഗോള്‍കീപ്പര്‍ കെവിന്‍ കോശിയെ കബളിപ്പിച്ച് ജെസിന്‍ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 42, 45 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത ജെസിന്‍, പകരക്കാരനായി കളത്തിലിറങ്ങി 10 മിനിറ്റിനുള്ളില്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പിന്നാലെ 56, 74 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത താരം ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ചു ഗോളുകളെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്. 

ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി അഞ്ചു ഗോള്‍ നേടുന്ന ആദ്യ താരമാണ് കേരളത്തിന്റെ ജെസിന്‍. 1987-ല്‍ ഹരിയാനക്കെതിരേ പകരക്കാരനായി വന്ന് മൂന്ന് ഗോള്‍ നേടിയ മഹാരാഷ്ട്രയുടെ ജസ്വന്ത് സിങ് എന്ന കളിക്കാരന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. കേരളത്തിനായി ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ ഏറ്റവും കൂടുതതല്‍ ഗോള്‍ നേടിയ താരവും ജെസിന്‍ തന്നെ. 1999 മദ്രാസ് സന്തോഷ് ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരേ നാലു ഗോള്‍ നേടിയ ആസിഫ് സഹീറിന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്.

1974 ജലന്ധര്‍ സന്തോഷ് ട്രോഫിയില്‍ ഒറ്റ മത്സരത്തില്‍ ഏഴു ഗോള്‍ നേടിയ ഇന്ദര്‍ സിങ്ങിന്റെ പേരിലാണ് ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ്. അന്നത്തെ ടൂര്‍ണമെന്റിലാകെ ഇന്ദര്‍ അടിച്ചുകൂട്ടിയ 23 ഗോളുകളും ഇന്നും റെക്കോഡ് ബുക്കില്‍ മാറ്റമില്ലാതെ കിടപ്പുണ്ട്. ഒരു സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ് ബംഗാളിന്റെ ഇതിഹാസ താരം മുഹമ്മദ് ഹബീബിന്റെ പേരിലാണ്. 1969-ല്‍ സര്‍വീസസിനെതിരേ അഞ്ച് ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഫൈനലില്‍ ജെസിന്‍ ഒന്ന് അറിഞ്ഞ് ചുവടുവെച്ചാല്‍ ഹബീബിന്റെ റെക്കോഡ് ചരിത്രമാകുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.


വിവരങ്ങള്‍ക്ക് കടപ്പാട്: ജാഫര്‍ ഖാന്‍