കൊച്ചി: ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത സ്വര്‍ണ ഉരുപ്പടി നിക്ഷേപമാക്കി പലിശനേടാമെന്നിരിക്കെ ശബരിമലയില്‍ സൂക്ഷിച്ചിട്ടുള്ളത് 227.824 കിലോഗ്രാം സ്വര്‍ണം. കാണിക്കയായി ലഭിച്ച സ്വര്‍ണം നിക്ഷേപമാക്കിമാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതിനല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കൊണ്ടുവന്ന സ്വര്‍ണനിക്ഷേപ പദ്ധതി ഇതിന് പ്രയോജനപ്പെടുത്താം.

To advertise here,

ലഭിക്കുന്ന പലിശ ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇത്തരത്തില്‍ പലിശവരുമാനം ലഭിക്കേണ്ട സ്വര്‍ണ ഉരുപ്പടികള്‍ അടക്കമാണ് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്നത്.

പൗരാണികമൂല്യമുള്ള ഉരുപ്പടികള്‍ അടങ്ങുന്നതിനാല്‍ സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയം കൃത്യമായി നടത്തിയിട്ടില്ലെന്ന് ബോര്‍ഡ് വിവരാവകാശപ്രവര്‍ത്തകന്‍ എം.കെ. ഹരിദാസിന് നല്‍കിയ മറുപടിയില്‍ അറിയിച്ചു. പൗരാണികം, നിത്യപൂജയ്ക്കുള്ളവ എന്നിവ ഒഴികെയുള്ള സ്വര്‍ണം വേര്‍തിരിക്കാനും പദ്ധതിയിലേക്ക് മാറ്റാനുമുള്ള നടപടി പുരോഗമിക്കുകയാണെന്ന് ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫിസര്‍ പറയുന്നു.

കൊച്ചി, ഗുരുവായൂര്‍ ദേവസ്വങ്ങള്‍ സ്വര്‍ണനിക്ഷേപ പദ്ധതി നേരത്തേ നടപ്പാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം 2019 മുതല്‍ 13.56 കോടി രൂപയാണ് പലിശയിനത്തില്‍ നേടിയത്. നാല് സ്വര്‍ണനിക്ഷേപ പദ്ധതികളിലായി 869.18 കിലോഗ്രാം സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വം മുംബൈ എസ്.ബി.ഐ. ബുള്ള്യന്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ചത്.