ശബരിമല: ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ ഒരുദിവസം ബുക്ക് ചെയ്യാവുന്നവരുടെ പരിധി 70,000 തന്നെ. ബുക്കിങ് പരിധി 80,000 ആക്കി ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

To advertise here,

ഇപ്പോള്‍ ഓരോദിവസവും ബുക്ക് ചെയ്തശേഷം പതിനായിരത്തിലേറെപ്പേരാണ് വരാതിരിക്കുന്നത്. 70,000-ല്‍ ബുക്കിങ് നിജപ്പെടുത്തുന്നതിനാല്‍ വരാതിരിക്കുന്നവരുടെ അവസരം മറ്റാര്‍ക്കും കിട്ടുകയുമില്ല. പമ്പയിലേക്ക് വന്നാല്‍ സ്‌പോട്ട് ബുക്കിങ് കിട്ടുമോയെന്ന ആശങ്ക തീര്‍ഥാടകര്‍ക്കുണ്ട്. ഇതുമൂലം സ്‌പോട്ട് ബുക്കിങ് തീരെ കുറവാണ്. ദേവസ്വം ഓഫീസിലേക്ക് ദര്‍ശനസൗകര്യം ചോദിച്ച് ഒട്ടേറെ വിളികള്‍വരുന്നുണ്ട്.

ഒരു ദിവസം 80,000 പേര്‍ക്ക് സുഗമമായി ദര്‍ശനം നടത്താമെന്നാണ് പോലീസിന്റെ കണക്ക്. ഈ തീര്‍ഥാടനകാലത്ത് ഒരുദിവസംപോലും 80,000 പേര്‍ എത്തിയിട്ടില്ല. പരമാവധിപ്പേര്‍ വന്നത് 18-നാണ്. 75,959 പേര്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി ഉയര്‍ത്തിയാല്‍ ബുക്ക് ചെയ്തവരില്‍ 10,000 പേര്‍ വന്നില്ലെങ്കിലും സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം കിട്ടും.

വെബ് സൈറ്റില്‍ നോക്കുമ്പോള്‍ തീര്‍ഥാടനത്തിന് നിറയെ ആള്‍ക്കാരുണ്ട്, എന്നാല്‍ ദര്‍ശനത്തിന് തീരെ തിരക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍. ഇങ്ങനെ പോയാല്‍ ഈ തീര്‍ഥാടനകാലത്ത് ആഗ്രഹിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദര്‍ശനം കിട്ടാതെവരുമെന്ന ആശങ്കയുണ്ട്.

ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80,000, സ്‌പോട്ട് ബുക്കിങ്ങിലൂടെ 10,000 എന്നിങ്ങനെ ദിവസവും 90,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് പാലിക്കാതെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ഒരുദിവസം 70,000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഉയര്‍ത്താമെന്ന നിലപാടിലേക്ക് ദേവസ്വംബോര്‍ഡും എത്തിയെങ്കിലും തീരുമാനം വൈകുകയാണ്.