ശബരിമല: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ കാനനപാത എന്നിവിടങ്ങളിലെല്ലാം ഇക്കുറി നല്ല വൃത്തിയാണ്. ചപ്പുചവറുകള്‍ അപ്പോള്‍ത്തന്നെ നീക്കംചെയ്യുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശുദ്ധസേനയാണ് ഈ ജോലി ചെയ്തുവരുന്നത്. തമിഴ്‌നാട് അയ്യപ്പസേവാസംഘവുമായി സഹകരിച്ച് ആയിരം വിശുദ്ധസേനാംഗങ്ങളെയാണ് ദേവസ്വം ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയോഗിച്ചിട്ടുള്ളത്.

To advertise here,

സന്നിധാനം-300, പമ്പ-210, നിലയ്ക്കല്‍ ബേസ് ക്യാമ്പ്-450, പന്തളം-30, കുളനട-10 എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

അപ്പാച്ചിമേട്, മരക്കൂട്ടം, മരക്കൂട്ടം സബ്വേ, ശരംകുത്തി, നടപ്പന്തല്‍, താഴേ തിരുമുറ്റം, ഭസ്മക്കുളം, പാണ്ടിത്താവളം, ബെയ്ലി പാലം, മരക്കൂട്ടം പതിമൂന്നാം വളവ്, ട്രാക്ടര്‍ പാത എന്നിവിടങ്ങളിലെല്ലാം വിശുദ്ധസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 12 മണിക്കൂര്‍ വീതമുള്ള രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.

തീര്‍ഥാടന സീസണിലും ആറാട്ട്, വിഷു മഹോത്സവ കാലയളവിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍.ഡി.ഒ. മെമ്പര്‍ സെക്രട്ടറിയും ആയിട്ടുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി 1995-ലാണ് രൂപവത്കൃതമായത്.

ഒരു വിശുദ്ധസേന അംഗത്തിന് പ്രതിദിനം 550 രൂപയാണ് വേതനം. ആയിരം രൂപ യാത്രാപടിയായും അനുവദിക്കും.

ഇത് കൂടാതെ രണ്ട് ജോഡി യൂണിഫോം, തോര്‍ത്ത്, പുതപ്പ് പുല്‍പ്പായ, ചെരിപ്പ് ,വെളിച്ചെണ്ണ, കുളിക്കുന്നതിനും അലക്കുന്നതിനുമുള്ള സോപ്പ് എന്നിവയും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നല്‍കിവരുന്നു. ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് ആണ് നല്‍കുന്നത്.

വിശുദ്ധിസേനാംഗങ്ങള്‍ ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രത്യേകം വേര്‍തിരിച്ച് ഇന്‍സിനറേറ്ററുകളില്‍ എത്തിക്കുന്നതിന് 14 ട്രാക്ടര്‍ ഓടുന്നുണ്ട്.