ശബരിമല: ഓരോ ദിവസവും ശബരിമലയിലേക്ക് തീര്‍ഥാടകരുടെ എത്ര വാഹനങ്ങള്‍ എത്തുന്നുണ്ട് എന്നതിന്റെ കൃത്യം കണക്കുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇലവുങ്കലില്‍ സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറയില്‍ നിന്നാണ് കണക്ക് ലഭിക്കുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍, ചെറിയ നാലുചക്ര വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് കിട്ടുക.

To advertise here,

തീര്‍ഥാടനം കഴിഞ്ഞുമടങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ക്യാമറ നല്‍കും. ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറ (എ.എന്‍.പി.ആര്‍.) ആണ് ഇലവുങ്കലില്‍ സ്ഥാപിച്ചിരിക്കുന്നത്.

നമ്പര്‍ തിരിച്ചറിയുന്നതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്ര വാഹനങ്ങളെത്തി എന്ന കണക്കും ലഭിക്കും. ശബരിമലയിലെ തീര്‍ഥാടകരുടെ തിരക്ക് എത്രയുണ്ടെന്ന് ഇതില്‍നിന്ന് ഏകദേശം കണക്കുകൂട്ടാനാകും. ഇതിനുപുറമേ കുറ്റകൃത്യങ്ങള്‍ മറ്റും ഉണ്ടായാല്‍ വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും.പോലീസ് അടക്കമുള്ള സര്‍ക്കാര്‍ പട്രോളിങ് വാഹനങ്ങളും ഈ പട്ടികയില്‍വരും എന്നതാണ് ആകെയുള്ള പോരായ്മ. മോട്ടോര്‍ വാഹന വകുപ്പ് വാടകയ്ക്ക് എടുത്തിട്ടുള്ള ക്യാമറ മകരവിളക്കുവരെ ഉണ്ടാകും.

തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് വകുപ്പിനുവേണ്ടി ക്യാമറ സ്ഥാപിച്ചത്.

ക്യാമറയില്‍നിന്നുള്ള കണക്കുപ്രകാരം, ശബരിമലനട തുറന്ന 15-ന് ഉച്ചയ്ക്ക് 12 മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ 22,963 വാഹനങ്ങള്‍ നിലയ്ക്കല്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് ഏറെയും. രണ്ടാംസ്ഥാനത്ത് തമിഴ്‌നാടാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്ന ക്രമത്തിലാണ് പിന്നീടെത്തിയ വാഹനങ്ങള്‍.