കോട്ടയം: വൈക്കം ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഭക്തര്‍. ശബരിമല ഇടത്താവളമായ തളിയില്‍ മഹാദേവക്ഷേത്രത്തില്‍ അയ്യപ്പന്മാരും. വെളുപ്പാന്‍കാലത്ത് കടുത്തുരുത്തി ജങ്ഷനില്‍ എത്തുമ്പോള്‍ ഉറക്കമിളപ്പിന്റെ ക്ഷീണമുണ്ട്. ഇത് മനസ്സിലാക്കിയെന്ന വിധം കടുത്തുരുത്തി ജങ്ഷനില്‍ ജനമൈത്രി പോലീസ് സ്‌നേഹത്തിന്റെ കട്ടന്‍കാപ്പിക്കട തുറന്നിരിപ്പുണ്ട്.

To advertise here,

യാത്രയില്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഡ്രൈവര്‍മാര്‍ക്ക് ചുക്കുചേര്‍ത്ത കട്ടന്‍കാപ്പി നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നു. മുമ്പോട്ടുള്ള യാത്ര ഉറങ്ങാതെ ശ്രദ്ധയോടെ വേണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

എരുമേലിയിലെ പോലീസ് എയ്ഡ് പോസ്റ്റായ മാക്കക്കവലയിലാണ് ഈ ഭാഗത്തെ ചുക്കുകാപ്പി വിതരണം. ഈ കവല കഴിഞ്ഞ് ശബരിമല റൂട്ടില്‍ അട്ടിക്കവല മുതല്‍ കണമല വരെയുള്ള ഭാഗത്ത് വലിയ വളവുകളുണ്ട്.

അപകടസാധ്യതയുള്ള മേഖലയാണ്. വാഹനം നിര്‍ത്തിച്ച് അപകടം ഒഴിവാക്കാന്‍ ഉറങ്ങാതിരിക്കുകയാണ് വേണ്ടതെന്ന്‌ ൈഡ്രവര്‍മാരെ ഓര്‍മ്മപ്പെടുത്തിയശേഷം കാപ്പി നല്‍കി യാത്രയാക്കുയാണ് ചെയ്യുന്നതെന്ന് പോലീസ് ഉദ്യോസഥന്‍ സി.എസ്.സിറാജുദ്ദീന്‍ പറയുന്നു.

ഇവിടത്തെ എയ്ഡ് പോസ്റ്റില്‍തന്നെയാണ് കാപ്പി തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം നിന്നുപോയ പദ്ധതി ഈ വര്‍ഷം എരുമേലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണ് വീണ്ടും തുടങ്ങിയത്. മണ്ഡലകാലം തീരുന്നതുവരെ കോട്ടയം ജില്ലയില്‍ പല പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കട്ടന്‍കാപ്പി നല്‍കുന്നുണ്ട്. പൊന്‍കുന്നം പോലീസ് സ്റ്റേഷന് മുന്‍പിലാണ് മറ്റൊരു കാപ്പിവിതരണ ഇടം.