ആളുകളെ സന്തോഷിപ്പിക്കാനും വേദനിപ്പിക്കാനും വാക്കുകൾക്ക് സാധിക്കും. അതുകൊണ്ട് വാക്കുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഖുർആൻ നിർദേശിക്കുന്നുണ്ട്. ‘നിങ്ങൾ ജനങ്ങളോട് നല്ലവാക്ക് പറയണം’(ഖുർആൻ 2/83) എന്ന ഖുർആൻ വചനം മനുഷ്യസമൂഹത്തിന്റെ സാംസ്കാരികതലം എങ്ങനെയാവണമെന്ന് വരച്ചുകാട്ടുന്നു. നല്ലതുമാത്രം സംസാരിക്കുന്ന മനുഷ്യൻ സമൂഹത്തിന്റെ അനുഗ്രഹമായിരിക്കും. അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ നല്ലത് പറയട്ടെ, അതിനാവില്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്ന് പ്രവാചകൻ ഉപദേശിച്ചിട്ടുണ്ട്. നല്ല സംസാരവും ദൈവവിശ്വാസവും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണിത് സൂചിപ്പിക്കുന്നത്. നല്ല ചിന്തകളും നല്ല വിചാരങ്ങളുമാണ് നല്ലവാക്കുകളായി പുറത്തുവരുക. അതിനാൽ സംസാരിക്കുന്നതിനുമുൻപായി പറയേണ്ട കാര്യങ്ങളെക്കുറിച്ച് ശരിക്കും ആലോചിക്കണം.
ആയുധം കൊണ്ടുണ്ടാവുന്ന മുറിവുകൾ സാവകാശം മാറും. എന്നാൽ, വാക്കുകൾകൊണ്ടുണ്ടാവുന്ന മുറിവുകൾ മാറാതെ കിടക്കുമെന്ന് ഒരു അറബ് തത്ത്വചിന്തകൻ പറഞ്ഞതോർക്കുന്നു. ആളുകൾക്ക് സന്തോഷം നൽകാൻ നമ്മുടെ ഓരോ വാക്കിനും സാധിക്കും. ആളുകൾ ഏറെ വേദനിക്കുന്നതും മറ്റുള്ളവർ പറയുന്ന മൂർച്ചയേറിയ വാക്കുകൾകൊണ്ടാണ്.
ചെറുപ്രായത്തിൽ മക്കൾ കേൾക്കേണ്ടിവരുന്ന രൂക്ഷമായ വാക്കുകൾ അവരുടെ മനസ്സിൽ മായാതെ കിടക്കും. പല മഹാന്മാരുടെയും വളർച്ചയുടെ പ്രധാനഘടകം അവരുടെ കുട്ടിക്കാലത്ത് ലഭിച്ച പ്രോത്സാഹനം നൽകുന്ന വാക്കുകളായിരുന്നുവെന്ന് അവരുടെ ചരിത്രത്തിൽ കാണാം. അപ്രകാരംതന്നെ എത്രയോ പേരുടെ ഭാവി തകർത്തത് ആ പ്രായത്തിൽ അനുഭവിക്കേണ്ടിവന്ന അധിക്ഷേപങ്ങളും കളിയാക്കലുകളുമാണെന്ന് കാണാം. എക്കാലത്തും ഓർത്തുവെക്കാവുന്ന നന്മകളായിരിക്കണം നമ്മുടെ വാക്കുകൾ.
Content Highlights: ramadan 2023
Published: 10 Apr 2023, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented