ഏറെ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യായനവർഷം ആരംഭിക്കുകയാണല്ലോ. ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതാകണം അധ്യാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മൂല്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ട് എന്തു കാര്യം. അതു നമ്മുടെ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻകൈ പ്രവർത്തനം നടത്താൻ കഴിയുന്നത്. തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടി സ്വന്തം കുട്ടി ആണെന്നുള്ള ധാരണ ഓരോ അധ്യാപകർക്കും ഉണ്ടാകണം. ആ ഒരൊറ്റ ചിന്താഗതി മതി നമ്മുടെ സമൂഹം നന്നാവാൻ. അത് കേവലം ഭരണകൂടത്തിന്റെ അഭ്യർത്ഥനയോ ഉത്തരവുകളോ ഒന്നുമുണ്ടാകാതെ സ്വതന്ത്രമായും ആത്മാർത്ഥമായും സത്യസന്ധമായും തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാൻ കഴിയണം. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും പകർന്നു കൊടുക്കാൻ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷകർത്താക്കളും ആഗ്രഹിക്കുന്ന പോലെ പാഠ്യവിഷയങ്ങളിലെ ഫുൾ എ പ്ലസുകൾക്കല്ല അധ്യാപകരും രക്ഷിതാക്കളും പ്രാധാന്യം കൊടുക്കേണ്ടത് മറിച്ച് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുവാൻ വേണ്ട സാഹചര്യം അവർക്ക് സൃഷ്ടിച്ചു കൊടുക്കുക എന്നുള്ളതാണ്.
കോവിഡ് കാലഘട്ടത്തിനുശേഷം നമ്മുടെ കുട്ടികളിൽ അവരുടെ ചിന്താഗതിയിലും മനോഭാവത്തിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അത് ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. നമുക്കറിയാത്ത പല കാര്യങ്ങളിലും അവർക്ക് കൃത്യവും വ്യക്തവുമായ അവബോധം ഉണ്ടെന്നുള്ളത് നമ്മൾ മനസ്സിലാക്കുക. നമ്മുടെ ചിന്താഗതിയിൽ നിന്നും നോക്കുമ്പോൾ അവരെല്ലാം കുഴപ്പം പിടിച്ചവരാണെന്ന ധാരണ മിക്കവർക്കും ഉണ്ട്. കേവലം രണ്ടാഴ്ചകൾ കൊണ്ട് നിർത്തേണ്ടതല്ല കുട്ടികളിലെ ജീവിതമൂല്യ പഠനങ്ങൾ. എല്ലാ ദിവസവും അതത് ക്ലാസ് ടീച്ചേഴ്സ് ന് 10 മിനിറ്റ് നേരം അവരുമായി സംവദിക്കാൻ കഴിയണം.
ഏതെല്ലാം വിഷയങ്ങളിൽ സംവദിക്കാം.
മാനുഷിക പാഠം
വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു കല്ലോ പഴത്തൊലിയോ റോഡിൽ കിടന്നാൽ മറ്റൊരാൾക്ക് അപകടം ഉണ്ടാകാതെ അതൊന്നു മാറ്റി ഇടാനും കുടിവെള്ളവും വൈദ്യുതിയും സൂഷ്മതയോടെ ഉപയോഗിക്കുവാൻ കഴിയുന്ന മനോഭാവത്തോടെയും കുട്ടികൾ വളർന്നുവരണം.
എന്താണ് മനുഷ്യത്വമെന്നും മാനവികത എന്നും പറഞ്ഞുകൊടുക്കാം. ആദ്യം തന്നെ തന്നെ സ്വയം സ്നേഹിക്കണമെന്നും ഒപ്പം കുടുംബാംഗങ്ങളെയും അയൽക്കാരെയും സഹജീവികളെയും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സഹായ മനസ്കതയോടെയും കാണാൻ കഴിയണമെന്നും അതിലൂടെ മാത്രമേ ഒരു നല്ല വ്യക്തി രൂപപ്പെടുന്നുള്ളു എന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കണം.
കൃഷി,പരിസ്ഥിതി പാഠം
നമ്മൾ മൂന്നുനേരം കഴിക്കുന്ന ആഹാരസാധനങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നുള്ള കൃത്യമായ ബോധം കുഞ്ഞുങ്ങളിൽ ഉണ്ടാകണം. പാടത്ത് പണിയെടുക്കുന്ന കർഷകനെ നേരിട്ട് അറിയുവാൻ അവസരം ഒരുക്കിക്കൊടുക്കണം. എത്ര ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും മൂന്നുനേരം കഴിക്കേണ്ട ആഹാരത്തെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും അതിന്റെ പിന്നിലുള്ള കഷ്ടപ്പാടുകളെ കുറിച്ചും ഓരോ കുട്ടിയും അറിഞ്ഞിരിക്കണം. നമ്മുടെ അന്നദാതാക്കളായ കർഷകരെ ബഹുമാനിക്കുവാനും എന്നും ആ കർഷകരെ ഓർക്കുവാനും ഓരോ കുട്ടിക്കും കഴിയണം. ഓരോ കുട്ടിയും താൻ അധിവസിക്കുന്ന പരിസ്ഥിതിയെയും പ്രകൃതിയെയും കുറിച്ച് ബോധവാനായിരിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം. ഒരു നല്ല പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ നാളെ അവരുടെ ജീവിതം സന്തോഷകരവും ആരോഗ്യകരവും ആയിരിക്കുള്ളൂ എന്ന സന്ദേശം നൽകണം.
സാമ്പത്തിക പാഠം
ഈ അടുത്ത സമയത്ത് ഒരു രക്ഷകർത്താവ് പങ്കുവെച്ച കാര്യം ഓർത്തു പോവുകയാണ്. 'തന്റെ മകൻ ലുലു മാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടൂർ പോകുന്നതിന് കമണിയായി ചോദിച്ചത് ഒരു രൂപയാണ്. 'അവരുടെ കണക്കിൽ ഒരു രൂപ എന്നത് ഒരു ലക്ഷമാണെന്ന് അറിഞ്ഞപ്പോൾ ആ പിതാവ് ഞെട്ടി. ഇന്നത്തെ കുട്ടികളുടെ സാമ്പത്തിക മനോഭാവം പ്രകടമാക്കുന്ന ഒരു അവസ്ഥയാണ് സൂചിപ്പിച്ചത്. ഇന്നത്തെ മിക്ക കുട്ടികളും സാമ്പത്തിക ബുദ്ധിമുട്ടോ അതിന്റെ പിന്നിലുള്ള കഷ്ടപ്പാടൊ അറിയാതെയാണ് വളർന്നുവരുന്നത്. ഞാൻ കഷ്ടപ്പെട്ടാണ് വളർന്നത് അതുകൊണ്ട് എന്റെ കുട്ടികൾ കഷ്ടപ്പാട് അറിയരുതെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളും വിരളമല്ല. രക്ഷിതാക്കളുടെ ഇത്തരം ചിന്താഗതികളിൽ മാറ്റങ്ങൾ ഉണ്ടാകണം. മാതാപിതാക്കൾ പണിയെടുക്കുന്ന സ്ഥലങ്ങൾ നിർബന്ധമായും കുട്ടികൾ കാണണം അതിന്റെ കഷ്ടപ്പാടുകൾ അറിയണം.ഈ നിർദ്ദേശം അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം.
ഒരു വ്യക്തി എത്ര അധികം രൂപ സമ്പാദിച്ചാലും അതിന്റെ ക്രയവിക്രയം കൃത്യമായും ബുദ്ധിപരമായും വിനിയോഗിച്ചില്ലെങ്കിൽ അവൻ വിദ്യാഭ്യാസം ചെയ്തതുകൊണ്ട് എന്ത് പ്രയോജനം? ഓരോ രക്ഷകർത്താവും ആഗ്രഹിക്കുന്നത് തന്റെ കുട്ടി പഠിച്ചു വലിയവനായി വലിയ സമ്പത്തുള്ള വ്യക്തിയായി മാറണമെന്നാണ്. എന്നാൽ സാമ്പത്തിക വരുമാനമല്ല യഥാർത്ഥ സമ്പത്ത് എന്ന ആശയം പകർന്നു നൽകണം. എങ്ങനെയാണ് ശരിയായ തരത്തിൽ വരുമാനം ഉണ്ടാക്കുന്നതെന്നും അതിൽ നിന്നും എങ്ങനെയാണ് മിച്ചം പിടിക്കാമെന്നതും അത് ഉപയോഗിച്ച് എങ്ങനെയാണ് വീണ്ടും സമ്പാദിക്കേണ്ടതെന്നും കുട്ടി അറിഞ്ഞിരിക്കേണ്ട സമയമാണിത്. അതിനായി ഓരോ മാസത്തെയും കുടുംബ ബജറ്റ് കുട്ടികളെ (യു പി തലം മുതൽ) കൊണ്ട് തയ്യാറാക്കാൻ നിർദ്ദേശം കൊടുക്കാം. അതിലൂടെ സാമ്പത്തിക അച്ചടക്കമുള്ളവരായി നമ്മുടെ കുട്ടികൾ വളരട്ടെ.
ആരോഗ്യ പാഠം
ഒരു വ്യക്തിയുടെ വിജയത്തിന് ആവശ്യമായ ഏറ്റവും പ്രധാന ഘടകം അവന്റെ ആരോഗ്യം തന്നെയാണ്. ആരോഗ്യം ക്ഷയിച്ചാൽ പിന്നെ അവനെന്താണ് നേടാൻ കഴിയുന്നത്. ഈ യാഥാർഥ്യം ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ട ഒന്നാണ്. ആരോഗ്യം എന്നത് ശാരീരിക ആരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടെ ചേർന്നതാണ്. എല്ലാ ദിവസവും ഒരു മണിക്കൂർ സമയം ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവയ്ക്കുവാൻ ആവശ്യപ്പെടാം. ഇതിനായി പ്രാണായാമം പോലെയുള്ള യോഗമുറകളും വ്യായാമമുറകളും അഭ്യസിക്കാം. അത് ജീവിതചര്യയാക്കണമെന്നും ആവശ്യപ്പെടാം. സ്കൂളിൽ ചെയ്യുന്നതോടൊപ്പം കുടുംബാംഗങ്ങളുമായി ചേർന്ന് സുമ്പാ ഡാൻസ് വീടുകളിൽ കൂടി ശീലമാക്കാം. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും വിശ്വാസവും വർദ്ധിപ്പിക്കുവാനും നല്ലതാണ്.
ഗതാഗത പാഠം
കൃത്യമായ ഗതാഗത നിയമങ്ങളും മനുഷ്യജീവന്റെ വിലയും മനസ്സിലാക്കാത്ത എത്രയോ കുഞ്ഞുങ്ങളാണ് ദിനംപ്രതി നമ്മുടെ നിരത്തുകളിൽ വാഹനാപകടങ്ങളിൽ പൊലിയുന്നത്. സ്കൂളുകളിൽ നിന്ന് തന്നെയാകണം അതിനുള്ള ബോധവൽക്കരണം നൽകേണ്ടത്. അടിസ്ഥാനപരമായ ഗതാഗത നിയമങ്ങൾ പറഞ്ഞു കൊടുക്കുന്നതോടൊപ്പം ഗതാഗത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും ചർച്ച ചെയ്യപ്പെടണം. നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നും കുടുംബം ഉണ്ടെന്നും ഉള്ള ബോധ്യം ഓരോ കുട്ടിയും അറിഞ്ഞിരിക്കണം. അഭ്യാസപ്രകടനങ്ങൾക്കോ അഹങ്കാരങ്ങൾക്കോ ഉപയോഗിക്കേണ്ടതല്ല നമ്മുടെ വാഹനങ്ങളെന്നും മറിച്ച് ഭൂമിയിലെ എല്ലാ മനുഷ്യർക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനും അതുവഴി അവന്റെ ദൈനംദിന ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഉള്ളതാണെന്നുള്ള ബോധ്യം കൂടി അവരിൽ വളർത്തണം. എല്ലാ ജീവനും വിലപ്പെട്ടതാണെന്നുള്ള ബോധ്യം ഓരോ കുട്ടിയിലും ഉണ്ടാകണം. 18 വയസ്സിനു മുൻപ് പൊതുനിരത്തിൽ വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളും ഇക്കാര്യത്തിൽ ബോധവാന്മാരാകേണ്ടതുണ്ട്. അതിനായി രക്ഷിതാക്കളിലും ബോധവൽക്കരണം നടത്താം.
സാമൂഹ്യപാഠം
ഓരോ കുട്ടിയെയും സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കണം. സമൂഹത്തിലെ എല്ലാ ഘടകങ്ങളുമായും ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു എന്നും സമൂഹത്തിന്റെ പിൻബലമില്ലാതെ ഒരു വ്യക്തിക്കും യഥാർത്ഥ വിജയം കൈവരിക്കാൻ കഴിയത്തില്ല എന്നുള്ള ബോധ്യം കുട്ടികളിൽ വളർത്തണം. തന്റെ വീട്ടിലും സമൂഹത്തിലും നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ലോകത്തും നടക്കുന്ന സംഭവവികാസങ്ങൾ യഥാക്രമം മനസ്സിലാക്കാനും അത് ചർച്ച ചെയ്യപ്പെടാനുള്ള ഇടങ്ങളായി വിദ്യാലയങ്ങളും വീടുകളും മാറണം. അതിനായി പത്രമാധ്യമങ്ങളും വിഷ്വൽ മീഡിയകളും പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടാം. തന്റെ ചുറ്റുപാടും കാണുന്ന അനീതികൾക്കും അക്രമങ്ങൾക്കുമെതിരേ ആരോഗ്യകരമായ തരത്തിൽ പ്രതികരിക്കുവാനും അതിലൂടെ മാതൃകാപരമായ ചെറിയ ചെറിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാനും കുട്ടിക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളിൽ ആദ്യം അധ്യാപകർ മാതൃകയാകണം. വളർന്നുവരുന്ന ഓരോ കുട്ടിയും നല്ലതിനെ നല്ലതെന്നും മോശമായവയെ മോശമെന്നും പറയുവാനുള്ള ധൈര്യവും തന്റേടവും പ്രകടമാക്കാൻ കഴിയണം.
മാധ്യമ പാഠം
നമ്മൾ റേഡിയോയുടെ കാലഘട്ടത്തിൽ പിറന്നവരാണെങ്കിൽ കുഞ്ഞുങ്ങൾ മൊബൈൽ യുഗത്തിൽ പിറന്നവരാണ്. കോവിഡ് സമയത്ത് നമ്മൾ മൊബൈൽ അവരുടെ കൈകളിൽ അടിച്ചേൽപ്പിച്ചതാണ്. മൊബൈൽ അഡിക്ഷന്റെ പേരിൽ അത് അവരിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങാനോ പൂർണമായും അത് നിരസിക്കുവാനോ മുതിരുന്നത് ആന മണ്ടത്തരമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്റർനെറ്റ് യുഗത്തിൽ ഈ ലോകത്തുള്ള ഏത് അറിവുകളും നമ്മളെക്കാൾ കൂടുതൽ വേഗത്തിൽ അറിയാൻ കഴിയുന്നത് കുഞ്ഞുങ്ങൾക്കാണ്. ഈ കാര്യത്തിൽ പല രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ ആശ്രയിക്കുന്നുണ്ട് താനും. ഈയടുത്ത സമയത്ത് ഒരു പ്ലസ് വൺ വിദ്യാർഥി അധ്യാപക പരിശീലനം വേളയിൽ അധ്യാപകരെ ഡ്രോൺ ഉണ്ടാക്കാൻ പഠിപ്പിച്ചത് ശ്രദ്ധേയമാണ്.
കുട്ടികൾ അമിതമായോ വികലമായോ മൊബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാനായി രക്ഷകർത്താവിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം. ഇന്റർനെറ്റ് യുഗത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെ സാധ്യതകളെ സംബന്ധിച്ചും അത് ഉണ്ടാകാതിരിക്കാൻ ഉള്ള മുൻകരുതലുകളെ കുറിച്ചും കുട്ടികൾക്ക്പ കർന്നു നൽകണമെങ്കിൽ ആദ്യം അധ്യാപകരും രക്ഷിതാക്കളും അതിനെക്കുറിച്ച് ബോധവാന്മാരാകണം. അതവർക്ക് പകർന്നു കൊടുക്കാൻ കഴിയണം.
വിദ്യാഭ്യാസപരമോ കലാപരമോ ആയ അറിവ് നേടുന്നതിന് പണ്ട് അകലങ്ങളിലേക്ക് പോയിരുന്നുവെങ്കിൽ ഇന്ന് അത് വിരൽത്തുമ്പിൽ ലഭിക്കുകയാണ്. കലാപരമായി പരിപോഷിപ്പിക്കുന്നതിനും പഠനസംബന്ധമായ സംശയങ്ങൾ ദുരൂകരിക്കുന്നതിനും ഇപ്പോൾ ഒരു മൊബൈൽ ഉപയോഗപ്പെടുത്താം. അത്തരം കാര്യങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളിലെ കഴിവ് കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കുവാനും സാധിക്കും. തന്റെ ക്ലാസിലെ ഓരോ കുട്ടിയെയും ഏതെങ്കിലും ഒരു പാഠ്യേതര പ്രവർത്തനത്തിൽ പങ്കാളിയാക്കാൻ അദ്ധ്യാപകൻ ശ്രമിക്കണം. (അതിലൂടെ മോശമായ ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും പോകുന്ന വിദ്യാർത്ഥിയെ നമുക്ക് രക്ഷിക്കാൻ കഴിയും.) ആ മേഖലയിലുള്ള അവന്റെ കഴിവിനെ തന്റെയോ സ്കൂളിന്റെയോ സോഷ്യൽ മീഡിയ പേജുകളിലൂടെ പരിചയപ്പെടുത്തുന്നതിൽ ഒരു പിശുക്കും കാണിക്കരുത്. അതിന് മുതിരാത്ത അധ്യാപകർക്ക് ഇനിയുള്ള കാലങ്ങളിൽ കുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിക്കുവാൻ കഴിയില്ല. കാരണം ഇത് അവരുടെ ലോകമാണ്. പണ്ട് ഇത്തരത്തിലുള്ള പ്രോത്സാഹനം കുട്ടിയും അധ്യാപകനും മാത്രമായിരുന്നു അറിഞ്ഞിരുന്നത്.എന്നാൽ ഇന്ന് അവൻ ജീവിക്കുന്നിടത്തോളം കാലം തന്റെ അധ്യാപകരുടെ പ്രോത്സാഹനവും പിന്തുണയും സോഷ്യൽ മീഡിയ പേജുകളിലൂടെ എന്നും അവനും മറ്റുള്ളവർക്കും കാണാൻ കഴിയും. ഇത് കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നൽകുകയും ചെയ്യും. അനാവശ്യമായിട്ടുള്ള മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്നതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രയത്നം ആവശ്യമാണ്. അതിനായി കുട്ടികളെ വിശ്വാസത്തിലെടുത്തു കൊണ്ട് ഒരു ദിവസം ഒരു നിശ്ചിത സമയം മൊബൈൽ ഉപയോഗം നിജപ്പെടുത്തുവാനുള്ള നിർദ്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാം.
ലഹരി എന്ന പാഠം
ലഹരി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിൽ വരുന്നത് മദ്യവും മയക്കുമരുന്നും മറ്റുമാണ്. മറിച്ച് ഒരുവന്റെ ജീവിതത്തിൽ അവന് അമിത താല്പര്യമുള്ള നല്ല പ്രവൃത്തികളും ചിന്താഗതികളും ഒരു ലഹരിയാണ്. അത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാമിന്ന് കാണപ്പെടുന്ന 'ലഹരി'യിൽ നിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കാൻ കഴിയും. മദ്യം, മയക്കുമരുന്ന് ഉപയോഗം, അമിതമായ മൊബൈൽ ഉപയോഗം, പ്രത്യേക ഭക്ഷണങ്ങളോടുള്ള അമിത താല്പര്യം ഇതെല്ലാം ഇക്കാലത്തെ അപകടകരമായ ലഹരികളാണ്. അമിതമായ ലഹരിയുടെ ഉപയോഗം വ്യക്തികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളൊക്കെ തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നു പറയുവാൻ കഴിയണം. അതിന്റെ ഉപയോഗത്തിലൂടെ ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുവാൻ കഴിയണം. അടുത്തകാലത്തായി രാസലഹരി മൂലം എത്രയോ അനിഷ്ട സംഭവങ്ങളാണ് നമ്മുടെ കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്. അതിന്റെ നേർസാക്ഷ്യം കുട്ടികളെ ബോധ്യപ്പെടുത്തുവാൻ അധ്യാപകർക്ക് കഴിയണം. അതിന്റെ ദൃശ്യമാധ്യമ വാർത്തകൾ ക്ലാസ് മുറികളിൽ അവതരിപ്പിക്കപ്പെടട്ടെ. കുറച്ചു പേരെങ്കിലും മാറി ചിന്തിക്കാൻ ഇതുവഴി നൽകും.
വായനയെന്ന പാഠം
മൊബൈലിന്റെ വരവോടുകൂടി വായനാശീലം ഉള്ളവരും വായനയിൽ നിന്നും അകന്നുപോയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതിന്റെ തെളിവാണ് പകലന്തിയോളം നമ്മുടെ വീടിന്റെ പൂമുഖങ്ങളിൽ പാറിപ്പറന്ന് കിടക്കുന്ന പത്രങ്ങൾ. വായനയെന്ന ലഹരി തിരിച്ചു കൊണ്ടു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാം. അതിനായി ക്ലാസ് മുറികളിൽ വായനാ മൂലകൾ സൃഷ്ടിക്കുന്നതോടൊപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടീച്ചർമാർക്ക് ചെറിയ സമ്മാന പദ്ധതികൾ നടപ്പാക്കാം. ഓരോ കുട്ടിയും വായിച്ച കഥകൾ ക്ലാസ് മുറികളിൽ ചർച്ചചെയ്യപ്പെടട്ടെ. ആ പ്രവൃത്തിയിലൂടെ നമുക്ക് ഭാവിയിലെ സാഹിത്യകാരന്മാരെ സംഭാവന ചെയ്യാം.
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ലേഖകൻ)
Content Highlights: Shaping Future Generations: Values & Skills
Published: 01 Jun 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented