മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ വിടവാങ്ങുമ്പോള്‍ സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ്. അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. സഹോദര തുല്യനായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.

To advertise here,

'ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു'-. യേശുദാസ് പറഞ്ഞു

വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്.  ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പൂങ്കുന്നത്തെ വീട്ടിൽ വെള്ളിയാഴ്ച എട്ടു മുതൽ 10 വരെയും റീജണൽ തിയേറ്ററിൽ 12 വരെയും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തിൽ.

ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങൾ: കൃഷ്ണകുമാർ, ജയന്തി, പരേതരായ സുധാകരൻ, സരസിജ.