അറിഞ്ഞോ അറിയാതെയോ പി. ജയചന്ദ്രനെന്ന ഗായകനെ ഞാൻ മറന്നുപോയെന്ന തെറ്റ് തിരുത്തിയിടത്തുനിന്നാണ് ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഢമായത്. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാംഅധ്യായം തുടങ്ങിയതും അവിടന്നായിരുന്നു. ഞങ്ങൾ തൃശ്ശൂരുകാരാണ്; ജയേട്ടൻ ഇരിങ്ങാലക്കുടയും ഞാൻ കൊടുങ്ങല്ലൂരും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ഞങ്ങൾ പഠിച്ചത്. അദ്ദേഹം എന്റെ വളരെസീനിയറായിരുന്നു. സ്‌കൂളിൽ പഠിക്കുന്നകാലംതൊട്ട്, “മഞ്ഞലയിൽ മുങ്ങിത്തോർത്തി” എന്ന ഗാനംമുതൽ, അദ്ദേഹത്തിന്റെ എല്ലാപാട്ടുകളും ഞാൻ ആസ്വദിച്ചിരുന്നു. എന്നാലും കുറച്ചധികം ഇഷ്ടം ദാസേട്ടനോടായിരുന്നു. പിന്നീട് സിനിമയിൽ സഹസംവിധായകനായപ്പോൾ, ജയേട്ടനെ നേരിൽക്കാണാനും നല്ലൊരു സൗഹൃദമുണ്ടാക്കിയെടുക്കാനും സാധിച്ചു. അദ്ദേഹം തമിഴിൽ ഇളയരാജയുടെ പാട്ടുകൾ പാടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഞാൻ സംവിധാനംചെയ്യുന്ന ആദ്യസിനിമയിൽ യേശുദാസിനെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്നതായിരുന്നു ആഗ്രഹം. അർജുനൻ മാസ്റ്ററുടെ സംഗീതത്തിൽ ദാസേട്ടൻ പാടുകയും ചെയ്തു. അത് കഴിഞ്ഞ്, ‘ഉണ്ണികളേ ഒരുകഥ പറയാം’എന്ന സിനിമ ചെയ്തു. ഔസേപ്പച്ചനായിരുന്നു സംഗീതം നിർവഹിച്ചത്. അതിലും ദാസേട്ടനാണ് പാടിയത്. അങ്ങനെ, കുറെ പടങ്ങളിൽ ദാസേട്ടൻതന്നെ പാടി. ആ സമയത്ത് ജയേട്ടനെക്കൊണ്ട് എൻ്റെ ഒരു സിനിമയിൽപ്പോലും പാട്ട് പാടിച്ചിട്ടില്ല. എന്താണ് കാരണമെന്ന് ചോദിച്ചാൽ, എനിക്കുമറിയില്ല. അന്നത്തെ സംഗീതസംവിധായകരിൽ മിക്കവരും നിർദേശിച്ച പേര് യേശുദാസെന്നായിരുന്നു. ഞാനും മറിച്ചൊന്നും ചിന്തിച്ചില്ല.

To advertise here,

സത്യത്തിൽ ജയേട്ടന്റെ കാര്യം ഞാനും മറന്നുപോവുന്ന ഒരവസ്ഥയിലേക്കെത്തി. ഞാൻമാത്രമല്ല, മലയാളസിനിമതന്നെ അദ്ദേഹത്തെ മറന്നൊരുകാലമുണ്ടായിരുന്നു. എൺപതുകളുടെ പകുതിമുതൽ തൊണ്ണൂറുകളുടെ അവസാനംവരെ. വളരെ അപൂര്‍വം പാട്ടുകളേ, അദ്ദേഹം ആ കാലയളവില്‍ പാടിയിട്ടുള്ളൂ. ഹിറ്റുകള്‍ കുറവായിരുന്നു. തമിഴില്‍ പാടിയിരുന്നെങ്കിലും പിന്നീട് അവിടെയും അവസരങ്ങള്‍ കുറഞ്ഞു. ഒരുദിവസം മദ്രാസില്‍ വെച്ച് യാദൃച്ഛികമായി ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അന്ന് മദ്രാസിലെ ന്യൂവുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലാണ് ഞങ്ങളൊക്കെ താമസിച്ചിരുന്നത്. ഞാനും തിരക്കഥാകൃത്ത് ടി.എ. റസാക്കും ഹോട്ടലിന്റെ വരാന്തയില്‍ സംസാരിച്ചുകൊണ്ടിരിക്കെ, ജയേട്ടന്‍ അവിടെ ആരെയോ കാണാന്‍വേണ്ടി വന്നതായിരുന്നു. അദ്ദേഹത്തെ കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ ജയേട്ടാ എന്ന് വിളിച്ച് അടുത്തേക്ക് ചെന്നു. ജയേട്ടന്‍ വളരെ ഗൗരവത്തില്‍ എന്നെയൊന്ന് നോക്കി. എനിക്ക് പെട്ടെന്ന് ചമ്മല്‍ വന്നു. ഇനി എന്നെ മനസ്സിലാവാഞ്ഞിട്ടാണോ എന്ന് കരുതി ഞാന്‍ പറഞ്ഞു: ''ജയേട്ടാ, കമലാണ്...'' ''നിന്നെ എനിക്ക് മനസ്സിലാവാതെയാണോ. ഒന്നുമില്ലെങ്കിലും നമ്മള്‍ നാട്ടുകാരല്ലേടാ? നീ ഇപ്പോ വല്യസംവിധായകനായില്ലേ? നമ്മളെയൊക്കെ മറന്നു.'' ഞാന്‍ പെട്ടെന്ന് വല്ലാണ്ടായി: ''ചേട്ടാ, എന്ത് പറ്റി?'' ''ഒന്നൂല്ല. മലയാളസിനിമതന്നെ എന്നെ മറന്നു. പിന്നെയാണോ നീയ്. ഞാനൊന്നും പാട്ടുകാരനല്ലല്ലോ. എല്ലാവര്‍ക്കും ദാസ് മതിയല്ലോ,'' അദ്ദേഹം പരിഭവത്തോടെ പറഞ്ഞു. ജയേട്ടന്‍ പോവാന്‍ തുടങ്ങിയപ്പോള്‍, റസാക്ക് അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു: ''ജയേട്ടാ, നമുക്ക് കുറച്ച് സംസാരിച്ചിട്ടൊക്കെ പോവാം.'' അതും പറഞ്ഞ് റസാക്ക് അദ്ദേഹത്തെ തൊട്ടടുത്തുള്ള ഞങ്ങളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറേനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ആ ദേഷ്യവും പരിഭവവുമൊക്കെ പാടേ അലിഞ്ഞുപോയി. ഇടയ്ക്ക്, എന്റെ സിനിമകളിലെ നല്ല പാട്ടുകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പോവാൻ നേരം അദ്ദേഹംപറഞ്ഞു: “നേരത്തേ ഞാൻ വെറുതേ പറഞ്ഞതാണ്. നിനക്ക് എപ്പോഴെങ്കിലും പാടിക്കണമെന്ന് തോന്നുമ്പോൾ വിളിച്ചോ. ഞാൻ പാടാം. ”അദ്ദേഹത്തെകൊണ്ടുവിട്ട് തിരികെ വന്നപ്പോൾ, ഞാൻ റസാക്കിനോട് പറഞ്ഞു: “ഞാൻ ചെയ്തത് വളരെ തെറ്റായിപ്പോയി. ജയേട്ടനെക്കൊണ്ട് പാട്ട് പാടിക്കണമായിരുന്നു. എന്റെ അടുത്ത പടത്തിൽ തീർച്ചയായും അദ്ദേഹത്തെക്കൊണ്ട് പാടിച്ചിരിക്കും.” അങ്ങനെ, ‘നിറം’ സിനിമയുടെ പാട്ട് കമ്പോസിങ്ങിനിടെ വിദ്യാസാഗറിനോട് ജയേട്ടനെക്കൊണ്ട് ഒരുപാട്ട് എന്തായാലും പാടിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. വിദ്യാസാഗറും താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം ആദ്യം കമ്പോസ് ചെയ്തത് “മിഴിയറിയാതെ” എന്ന പാട്ടായിരുന്നു. അത് ദാസേട്ടൻ പാടിയാലാണ് നന്നാവുകയെന്നും പറഞ്ഞു. “പ്രായംനമ്മിൽ” എന്ന പാട്ട് ജയേട്ടൻ പാടിയാൽ എങ്ങനെയിരിക്കുമെന്ന് ഞങ്ങൾ പരസ്പരം ചർച്ചചെയ്തു. “ഫാസ്റ്റ് സോങ്ങാണ്. കോളേജ് പിള്ളേരുടെ പാട്ടല്ലേ? എം.ജി. ശ്രീകുമാറൊക്കെ പാടിയാലാവും നന്നാവുക” എന്ന് വിദ്യാസാഗർ അഭിപ്രായം പറഞ്ഞു.

“അല്ലെങ്കിൽപ്പിന്നെ, ശുക്രിയ എന്ന പാട്ട് നോക്കണം.”ആ ചർച്ച അവിടെ അവസാനിപ്പിച്ച്, ഞങ്ങൾ അന്ന് പിരിഞ്ഞു. പിറ്റേന്ന് വിദ്യാസാഗർ വിളിച്ചപ്പോൾ, “നമുക്ക്, പ്രായം നമ്മിൽ എന്ന പാട്ടുതന്നെ ജയേട്ടനെക്കൊണ്ട് പാടിക്കാം” എന്ന് പറഞ്ഞു. അങ്ങനെ, ജയേട്ടനെ ഫോൺ ചെയ്ത് പാട്ടിന്റെ കാര്യം പറഞ്ഞു. പിറ്റേന്ന്, വിദ്യാസാഗറിന്റെ ഓഫീസിൽനിന്ന് വിളിച്ചെന്നും സ്റ്റുഡിയോയിലേക്ക് വന്നോളാമെന്നും അദ്ദേഹം എന്നെ അറിയിച്ചു. വലിയൊരു പാട്ടായതുകൊണ്ടുതന്നെ ഓർക്കസ്ട്രേഷൻ രാവിലെ തുടങ്ങിയിരുന്നു. ഇതിനിടയ്ക്ക് രണ്ട്പ്രാവശ്യം എപ്പോഴാണ് വരേണ്ടതെന്ന് ചോദിച്ച് ജയേട്ടൻ വിളിച്ചു. രാത്രി 9 മണിയായപ്പോൾ ‘ഇനി ഇന്നുണ്ടാവില്ലല്ലോ, ഞാൻ ഉറങ്ങട്ടെ’ എന്നുപറഞ്ഞ് ഫോൺ വെച്ചു. ഞാനിക്കാര്യം വിദ്യാസാഗറിനോട് പറഞ്ഞു. 

‘അല്ല, നമ്മുടെ പാട്ട് റെഡിയാണ്’. അരമണിക്കൂറിനുള്ളിൽ ജയേട്ടനോട് വന്നോളാൻ പറഞ്ഞു. 9.30 ആയപ്പോഴേക്കും അദ്ദേഹമെത്തി. എന്റെ കൈയിൽനിന്ന് വരികൾ വാങ്ങി നോക്കി കുറച്ചുനേരം സംസാരിച്ചിരുന്നു. ഓർക്കസ്ട്രേഷൻ കഴിയുമ്പോൾ രാത്രി പതിനൊന്നരമണി. ബുദ്ധിമുട്ടാണെങ്കിൽ നാളെ പാടാമെന്ന് വിദ്യാസാഗർ പറഞ്ഞപ്പോൾ വേണ്ട, ഏതായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ, ഇന്നു തന്നെപാടാമെന്ന് പറഞ്ഞ് അദ്ദേഹം അവിടെത്തന്നെ ഇരുന്നു. ഏകദേശം പന്ത്രണ്ടരമണി കഴിഞ്ഞാണ് അദ്ദേഹത്തിന് പാട്ട് പാടിക്കൊടുക്കുന്നത്. വളരെ ഉത്സാഹത്തോടെ ആ രാത്രിതന്നെ പാട്ട് പഠിച്ച് അദ്ദേഹംപാടി. പാടിക്കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടുപോയി. കാരണംഇത്രയും കാലം ഈ മനുഷ്യനെ വിളിച്ചില്ലല്ലോ. എന്തൊരുയങ് വോയ്സാണ്. ഞങ്ങളിത് പ്രതീക്ഷിച്ചില്ല. ഞാനിത് നേരത്തേ ആലോചിക്കേണ്ടതായിരുന്നു എന്ന് വിദ്യാസാഗറും പറഞ്ഞു. പിറ്റേദിവസം ജയേട്ടൻ വിദ്യാസാഗറിനെ വിളിച്ച് ഒന്നുകൂടി പാടിനോക്കാമെന്ന് പറഞ്ഞ് ചെറിയ തിരുത്തലുകളും നടത്തി. അദ്ദേഹത്തിന് തൃപ്തിയാവുന്നതുവരെ പാടി. ആ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്പാട്ടായിരുന്നു ‘പ്രായം നമ്മിൽ’. സത്യത്തിൽ കുറച്ചുനാൾ പാടാതിരുന്ന ജയേട്ടന്റെ ശക്തമായൊരുതിരിച്ചുവരവായിരുന്നു അത്. പ്രേക്ഷകർ ഹൃദയത്തിലേറ്റുവാങ്ങിയ പാട്ട് തിയേറ്ററിൽ ആഘോഷം തീർത്തു. ആ പാട്ടിലൂടെ മികച്ച ഗായകനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തി.

നിറം തെലുഗിൽ റീമേക്ക് ചെയ്തപ്പോൾ കീരവാണിയായിരുന്നു സംഗീതസംവിധായകൻ. ഈ പാട്ടുതന്നെ ഉപയോഗിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയും ജയേട്ടനെക്കൊണ്ടുതന്നെ പാടിക്കുകയുംചെയ്തു. തുടർന്ന് മലയാളത്തിലും തെലുഗിലും അദ്ദേഹത്തിന് കുറെ പാട്ടുകൾ പാടാൻ സാധിച്ചു. എന്നെ സംബന്ധിച്ച് ആ സംഭവംഎന്റെ കണ്ണ് തുറപ്പിക്കലായിരുന്നു. ഞാൻ ദാസേട്ടന്റെ ശബ്ദത്തിന് അടിമപ്പെട്ട് അദ്ദേഹത്തിന്റെ പിന്നാലെ മാത്രം പോയി എന്നൊരു കുറ്റബോധം. ദാസേട്ടനോടുള്ള എല്ലാ സ്നേഹത്തോടും ബഹുമാനത്തോടും കൂടിതന്നെ എന്റെ എല്ലാ സിനിമകളിലും ഒരു പാട്ടെങ്കിലും ജയേട്ടനെക്കൊണ്ട് പാടിക്കണമെന്ന് എനിക്കുതോന്നി. പിന്നീട് മധുരനൊമ്പരക്കാറ്റ്, ഗ്രാമഫോൺ, രാപ്പകൽ, പെരുമഴക്കാലം തുടങ്ങിയ സിനിമകളിലൊക്കെ ജയേട്ടൻ പാടി. ‘പെരുമഴക്കാല’ത്തിലെ ‘കല്ലായിക്കടവത്തെ’എന്ന പാട്ട് എത്ര മനോഹരമായാണ് അദ്ദേഹം പാടിയത്. ‘ഗ്രാമഫോണി’ലെ ‘എന്തേ ഇന്നും വന്നീല’ എന്ന പാട്ട് ഖവ്വാലി ഒക്കെ മിക്സ് ചെയ്ത പാട്ടാണ്. ബാബുക്കയുടെ സംഗീതശൈലിയിലുള്ള പാട്ട്. ആരെക്കൊണ്ട് പാടിക്കുമെന്ന് വിദ്യാസാഗർ ചോദിച്ചപ്പോൾ ആദ്യം കൺഫ്യൂഷനായിരുന്നു, ദാസേട്ടനോ ജയേട്ടനോ. പിന്നീട് വിദ്യാസാഗറും ഗിരീഷ് പുത്തഞ്ചേരിയും പറഞ്ഞു, “ജയേട്ടൻ അടിച്ചുപൊളിച്ച് പാടും, ജയേട്ടൻ മതി” എന്ന്. അതിമനോഹരമായിതന്നെ ജയേട്ടൻ ആ പാട്ട് പാടി. റെക്കോഡിങ്ങിന് വന്നപ്പോൾ ബാബുക്കയുടെ പാട്ടിനെക്കുറിച്ചും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാതോരാതെസംസാരിച്ചു. ശാസ്ത്രീയസംഗീതം പഠിക്കാത്തൊരാളാണ് താനെന്ന് ജയേട്ടൻ എപ്പോഴും പറയുമായിരുന്നു. എന്നാൽ സംഗീതം കേട്ട് പഠിച്ച് മനസ്സിൽകൊണ്ടുനടക്കുന്നൊരാളാണ് അദ്ദേഹം. 

2020ലാണ് ജയേട്ടന് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്. ഞാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്ന അവസാനത്തെ വർഷമാണ് അത് നടന്നത്. അന്നൊരു തമാശയുണ്ടായി. ജെ.സി. ഡാനിയേൽ കമ്മിറ്റിയുടെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻസാറായിരുന്നു. അക്കാദമിയുടെ ഭാഗത്തുനിന്നുള്ള നിർദേശം എന്ന നിലയിൽ ഞാൻ ജയേട്ടന്റെ പേര് പറഞ്ഞു. “എന്തിനാണ് ഗായകർക്ക് അവാർഡ് കൊടുക്കുന്നത്...സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമല്ലേ”എന്ന് അടൂർസാർ ചോദിച്ചു. ഞാൻ അടൂർസാറിനോട് തമാശയ്ക്ക് ചോദിച്ചു. “സാറിന്റെ പടത്തിൽ പാട്ടില്ലാത്തതുകൊണ്ടാണോ” എന്ന്. “ദാസേട്ടന് കൊടുത്തിട്ടുണ്ടല്ലോ. പാട്ട് ജനങ്ങളുടെ മനസ്സിനെ ആകർഷിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഒന്നാണ്. സിനിമയിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾക്കുകൂടിയാണല്ലോ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകുന്നത്.” അപ്പോൾ അന്ന് ജൂറി അംഗങ്ങളായിരുന്ന രൺജിപണിക്കരും സീമയും കൾച്ചറൽ സെക്രട്ടറി റാണി ജോർജുമൊക്കെ ഒരേ സ്വരത്തിൽ അനുകൂലിച്ചു.

“വിരോധമുണ്ടായിട്ടല്ല, അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ, ഗായകർക്കാണോ കൊടുക്കേണ്ടത് എന്നൊരു ചോദ്യംമാത്രം.” അടൂർസാർ പറഞ്ഞു. എന്തുതന്നെയായാലും അന്തിമതീരുമാനം കമ്മിറ്റിയുടേതായിരുന്നു. ഒടുവിൽ അദ്ദേഹം തീരുമാനം പറഞ്ഞു. “നമ്മൾ കൊടുക്കേണ്ടത് ജയചന്ദ്രന് തന്നെയാണ്. കാരണം അദ്ദേഹം പലയിടത്തുനിന്നും തഴയപ്പെട്ടിട്ടുണ്ട്. അർഹിച്ച പല അംഗീകാരങ്ങളും കിട്ടാതെപോയിട്ടുണ്ട്” എന്ന്. ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഇറങ്ങുന്നതിനുമുമ്പ് അങ്ങനെയൊരു കാര്യം കൂടി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. യേശുദാസ് എന്ന മഹാമനുഷ്യന്റെ തണലിൽ പലരും പാടിപ്പോയിട്ടുണ്ട്. പലരും സംഗീതപ്രതിഭകളാവാതെയും പോയി. അവിടെ വേറിട്ട ശബ്ദവും ആലാപനശൈലിയുംകൊണ്ടുതന്നെയാണ് ജയചന്ദ്രൻ എന്ന ഗായകൻ യേശുദാസിനൊപ്പം ഇത്രയും കാലം പിടിച്ചുനിന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സ്വരം എത്ര മധുരമാണ്. വെറുതേയല്ല അദ്ദേഹത്തെ ഭാവഗായകൻ എന്ന് വിളിക്കുന്നത്. 

(2023 ജൂൺ ലക്കം സ്റ്റാർ ആൻഡ് സ്റ്റെെലിൽ പ്രസിദ്ധീകരിച്ച ലേഖനം)