അരുണാചല്‍, ഹിമാലയന്‍ പ്രദേശങ്ങള്‍ ചുറ്റിയടിച്ച് മടക്കയാത്രയ്ക്ക് വിമാനം കയറാന്‍ ഗുവാഹട്ടിയിലേക്ക് വരുമ്പോഴാണ് മാജുലി ദ്വീപ് മനസ്സിലേക്ക് കടന്നുകയറുന്നത്. ബ്രഹ്മപുത്രാതടങ്ങള്‍ താലോലിച്ച് സ്വരുക്കൂട്ടിയെടുത്ത ദ്വീപ്. ബ്രഹ്മപുത്ര നിറഞ്ഞുകവിഞ്ഞ് എല്ലാവര്‍ഷവും ഒന്ന് മുക്കിക്കുളിപ്പിക്കുമെങ്കിലും ഗിന്നസ്ബുക്കില്‍ സ്ഥാനം ലോകോത്തരമാണ്. ലോകത്തിലെ ഏറ്റവും വലിയ നദീനിര്‍മിത ദ്വീപാണ് മാജുലി. അതിന്റെ മുഖമുദ്രകളാണ് മാസ്‌ക് നിര്‍മിതിയും അതുപയോഗിച്ചുള്ള നാടകങ്ങളും.
 
ആഡംബരങ്ങളൊക്കെയുള്ള പ്രത്യേക സ്റ്റീല്‍ ഫെറിയാണ് മാജുലിയിലേയ്ക്ക്. ആള്‍ക്കാര്‍ക്കും അക്കരെയിക്കരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ക്കുമെല്ലാം അതിനുള്ളില്‍ ആവശ്യത്തിലേറെ സ്ഥലം. ജോഹര്‍ഘട്ടില്‍ ബസിറങ്ങി പതിന്നാല് കിലോമീറ്റര്‍കൂടി മറ്റൊരു വാഹനത്തില്‍ യാത്രചെയ്താണ് നീമാത്തിഘട്ടിലെത്തിയത്. അവിടെനിന്നാണ് മാജുലിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കമലാബാരിയിലേക്കുള്ള ഫെറി. ബ്രഹ്മപുത്രയുടെ ഓളങ്ങള്‍ക്കൊപ്പം ഒരുമണിക്കൂര്‍ പതിനഞ്ച് മിനിറ്റ് ഒഴുകിയാണ് ഫെറി കമലാബാരിയുടെ കരപിടിച്ചത്. അവിടെ ഒരു മുളങ്കുടിലില്‍ ബ്രഹ്മപുത്രയുടെ അരികുപറ്റിയായിരുന്നു മൂന്നുനാള്‍ താമസം.

To advertise here,
placeholder
ബ്രഹ്‌മപുത്ര മുറിച്ചു കടക്കുന്ന ഫെറി

 രണ്ടാംനാളിലാണ് മാജുലിയിലെ സത്രങ്ങള്‍ തേടിയലഞ്ഞത്. സത്രങ്ങളെന്നാല്‍ ഇവിടെ വെറും താമസയിടങ്ങളല്ല, കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളാണ്. അസമീസ് നാടകങ്ങളും പൗരാണികച്ചുവയുള്ള പ്രഹസനങ്ങളും നൃത്തവും സംഗീതവുമെല്ലാം ഈ സത്രങ്ങളില്‍നിന്നുയരുന്നു. ഓരോ സത്രവും ഓരോ സര്‍വകലാശാല. അസമിന്റെ സാമൂഹികപരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന മഹാപുരുഷ ശങ്കര്‍ദേവയാണ് സത്രങ്ങളുടെ ഉപജ്ഞാതാവ്. 15-ാംനൂറ്റാണ്ടില്‍ ശങ്കര്‍ദേവയുടെ നേതൃത്വത്തില്‍ തുടങ്ങിയ നിയോ-വൈഷ്ണവ് മൂവ്മെന്റ് അസമിന്റെ സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അതിന്റെ ഭാഗമായി ഉയര്‍ന്നുവന്നതാണ് സത്രങ്ങളും നാംഖറുകളുമെല്ലാം. ഭാഗവത, രാമായണ കഥകളെ അനുബന്ധമാക്കി ശങ്കര്‍ദേവ സൃഷ്ടിച്ച ഭൊവനയെന്ന ചെറിയ നാടകങ്ങള്‍ നിരക്ഷരരായ അസം ജനതയില്‍ അറിവിന്റെയും അക്ഷരത്തിന്റെയും വിളക്ക് ജ്വലിപ്പിച്ചു. നാടകങ്ങളുടെയും പ്രഹസനങ്ങളുടെയും സംഗീതം, ചിത്രകല ഉള്‍പ്പെടെയുള്ളവയുടെ അവതരണത്തിനുമായി എല്ലാ ഗ്രാമങ്ങളിലും ഉയര്‍ന്നുവന്ന നാംഖര്‍ അഥവാ പ്രാര്‍ഥനാമന്ദിരങ്ങള്‍ പില്‍ക്കാലത്ത് സത്രങ്ങളായി പരിവര്‍ത്തനപ്പെട്ടു. അത്തരം കേന്ദ്രങ്ങളിലെ ആചാര്യന്മാര്‍ സത്രാധികാരികളെന്ന ഗുരുക്കന്മാരായി മാറി.

സമഗു(രി)ഡി സത്രത്തിനുമുന്നില്‍ വാഹനമെത്തി. കൊത്തുപണികള്‍ പൂര്‍ത്തീകരിക്കാത്ത മുഖമണ്ഡപത്തിന് ഒരു ഗ്രാമകവാടത്തിന്റെ ചേലുണ്ട്. വാഹനം തണലില്‍ നിര്‍ത്തിയിട്ട് ഇറങ്ങിനടന്നു. പൊടിക്കാറ്റാണെങ്കിലും ചെറിയ തണുപ്പുണ്ട്. വെയിലുവീഴാത്ത കോണ്‍ക്രീറ്റ് കെട്ടിടത്തണലില്‍ കുറേപ്പേര്‍ ഇരിപ്പുണ്ട്. എല്ലാവരും വിവിധ ജോലികളിലാണ്. ഒരാള്‍ മുളയുടെ ചീളുകള്‍ വളച്ചുചുരുട്ടി നെയ്‌തെടുക്കുന്നു, ഒരു പൂപ്പാത്രംപോലെ. മറ്റൊരാള്‍ കളിമണ്ണില്‍ ഏതോ രൂപമുണ്ടാക്കുന്ന തിരക്കിലാണ്. അവര്‍ക്കരികില്‍ ചെറിയ സ്റ്റൂളുകളില്‍ പുരാണസൃഷ്ടിയായ ഹനുമാനെപ്പോലെ തോന്നിക്കുന്ന ചില രൂപങ്ങള്‍ നിര്‍മാണദശയിലാണ്. ചുമലില്‍ ഷാള്‍പുതച്ച് ഒരു പക്ഷിരൂപത്തിന്റെ കണ്ണുകള്‍ക്ക് മിഴിവേകുകയാണ് ഒരു മധ്യവസയ്കന്‍. മാജുലിയില്‍ മാസ്‌ക് നിര്‍മാണം അഥവാ മുഖംമൂടി നിര്‍മാണത്തിന് ഏറെ പേരുകേട്ടയിടമാണ് സമഗുഡി സത്രം. മാജുലിയില്‍ മാത്രം 22 സത്രങ്ങളുണ്ട്. കമലാബാരി, ഔന്യതി, ഗൊരുമുറ, ദക്ഷിണ്‍പത്, സമഗുരി തുടങ്ങിയവ. അവയില്‍ പലേടത്തും മുഖംമൂടി നിര്‍മാണമില്ല. ഇക്കാര്യത്തില്‍ സമഗുഡിയാണ് പ്രധാനം.

 

placeholder
മാജുലിയിലെ താമസയിടങ്ങള്‍

പതിനാറാം നൂറ്റാണ്ടുമുതല്‍ അസമീസ് സാമ്പ്രദായിക കലാരൂപങ്ങളുടെയെല്ലാം മുഖം ഇത്തരം മുഖംമൂടികളാണ്. ഇവിടെ സംസ്‌കാരത്തിന്റെ അടയാളമുഖമാണ് മാസ്‌കുകള്‍. മുഖംമൂടിയെന്നല്ല, മുഖമെന്നുതന്നെയാണ് അസമുകാര്‍ ഇതിനെ പറയുന്നത്. ആദിവാസിഗോത്രസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മിത്തും ഫാന്റസിയുമെല്ലാം കൂടിക്കലരുന്നതാണ് ഈ മുഖങ്ങള്‍. എന്തിനുമേതിനും ഇത്തരം മുഖങ്ങള്‍ വേണം. പുരാണകഥകളിലെ ദൈവസങ്കല്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതിനൊപ്പം പ്രാദേശിക ആരാധനാമൂര്‍ത്തികളും മാസ്‌കിലുണ്ട്. പക്ഷേ, അവയ്ക്ക് രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങളിലെ നായികാനായകരോട് സാമ്യം കൂടുതലാണെന്നുമാത്രം. പക്ഷിരൂപത്തിന് നിറംനല്‍കുന്നയാള്‍ ഞങ്ങളെ നോക്കി വന്ദനം പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിലുള്ളത് ഗരുഡരൂപമാണ്. ചുവന്ന ചുണ്ടുകള്‍ വളച്ച് കണ്ണുകള്‍ ഉരുട്ടിമിഴിച്ച് മുന്നിലേക്ക് നോക്കുന്ന ഗരുഡന്‍. കിരീടത്തിന്റെ അവസാന മിനുക്കുപണിയിലാണ് അദ്ദേഹം. കേരളത്തില്‍ നിന്നെത്തിയവരാണെന്ന് പറഞ്ഞപ്പോള്‍ കണ്ണടയ്ക്കുള്ളിലൂടെ നോക്കി മന്ദഹസിച്ച് ഗരുഡനെ സ്റ്റൂളില്‍ പ്രതിഷ്ഠിച്ച് എഴുന്നേറ്റു. ഇത് സമഗുഡി സത്രത്തിന്റെ സത്രാധികാരി, ഹേംചന്ദ്ര ഗോസ്വാമി. തേടിവന്നത് ഈ ലോകപ്രശസ്തനെക്കൂടി കാണാനാണ്. മാസ്‌ക് നിര്‍മാണത്തിന്റെ സാമ്പ്രദായികവഴികളില്‍ ആധുനികതയുടെ സങ്കേതങ്ങള്‍ സൃഷ്ടിച്ചയാള്‍. ഇന്ന് അസമിലെ മാസ്‌ക്‌നിര്‍മാണത്തിന്റെ അവസാനവാക്ക് ഈ മനുഷ്യനാണ്.

placeholder
സമഗുരി സത്രത്തിന്റെ കവാടം​

ഗോസ്വാമിയുടെ കുടുംബം ഒരു ശതാബ്ദമായി മാസ്‌ക്‌നിര്‍മാണരംഗത്തുണ്ട്. 17-ാംനൂറ്റാണ്ടുമുതല്‍ തന്റെ കാരണവന്മാരിലൂടെ വളര്‍ന്നുവന്നതാണ് ഇക്കാണുന്നതെല്ലാമെന്ന് ഗോസ്വാമി പറഞ്ഞു. മാസ്‌ക് നിര്‍മിതിയുടെയും പാരമ്പര്യകലകളുടെയും ഗവേഷണത്തിന് ഗുവാഹാട്ടി സര്‍വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്. 1984 മുതല്‍ മാസ്‌ക് നിര്‍മാണം പരിശീലിപ്പിക്കുന്ന സ്‌കൂള്‍ ഇവിടെ നടത്തുന്നു. ഇവിടെ മാത്രമാണ് ശാസ്ത്രീയാഭ്യസനമുള്ളത്. അതിനൊപ്പം നൃത്തം, സംഗീതം എന്നിവയുടെ അടിസ്ഥാനവും പാഠ്യപദ്ധതിയിലുണ്ട്. സാമ്പ്രദായികരീതി പിന്തുടരുന്ന പഠനത്തിന് തിയറിക്കൊപ്പം പ്രാക്ടിക്കലുമുണ്ട്. സ്‌കൂള്‍ എന്നത് സങ്കല്പം മാത്രം. പഠനത്തിന് പ്രത്യേക കാലമില്ല. എപ്പോള്‍വേണമെങ്കിലും തുടങ്ങാം. 15 നാള്‍ വര്‍ക്ഷോപ്. അത് ആറുമാസംവരെ നീണ്ടുപോകാറുമുണ്ട്. മാജുലിഗ്രാമത്തിലും അസമിലാകെയും സംസ്ഥാനത്തിന് പുറത്തും ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. ഞങ്ങളെയുംകൊണ്ട് ഗോസ്വാമി പര്‍ണശാലയ്ക്കുള്ളിലേക്ക് കടന്നു. തകരഷീറ്റിട്ട കെട്ടിത്തിന് മുന്നിലെ തൂണില്‍ ചിരിക്കുന്ന വ്യാളീമുഖം തൂക്കിയിരിക്കുന്നു. കിരീടംവെച്ച്, കാതില്‍ കടുക്കനിട്ട സുന്ദര വ്യാളി. ഓരോ സീസണനുസരിച്ച് തൂണിലെ മുഖംമൂടിയും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ''ഇപ്പോള്‍ മഞ്ഞുകാലത്തിന്റെ വരവറിയിക്കുന്ന ഇളംവെയിലാണ്. അത് സന്തോഷത്തിന്റെതുകൂടിയാണ്. അതിനാല്‍ പ്രസാദമുള്ള മുഖമാണ്. ഇത് വിശ്വാസമൊന്നുമല്ല, കലാകാരന്റെ ആത്മാവിഷ്‌കാരം എന്നുമാത്രം കണ്ടാല്‍മതി.'' ഗോസ്വാമി പറഞ്ഞു.

placeholder
സത്രാധികാരി ഹേംചന്ദ്ര

ക്ഷേത്രനര്‍ത്തകര്‍ എന്ന പരമ്പരാഗത നാട്യക്കാര്‍ ഒന്‍പതാംനൂറ്റാണ്ടുമുതല്‍ ഇവിടെ സജീവമായിരുന്നു. ഇവിടത്തെ ശൈവ, വൈഷ്ണവ ക്ഷേത്രങ്ങള്‍ ആരാധനയ്‌ക്കൊപ്പം വളര്‍ത്തിക്കൊണ്ടുവന്നതാണ് നൃത്തകലയും സംഗീതവുമൊക്കെ. അവയുടെ മേളക്കൊഴുപ്പിനും നിറവൈവിധ്യത്തിനുമെല്ലാം ചിത്രകലയും മാസ്‌ക് ഉള്‍പ്പെടെയുള്ള സാമഗ്രികളും അത്യാവശ്യ ഘടകങ്ങളായിമാറി. തിയേറ്ററുകളില്‍ വിവിധ ഭാവങ്ങളുടെ പ്രകടനാത്മകതയ്ക്ക് ഉപയോഗിക്കുന്ന സിംബലോ സങ്കേതമോ ആയിരുന്നു മാസ്‌കുകള്‍. അവയുടെ വൈവിധ്യവും ഭംഗിയും വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. അത് മനസ്സിലാക്കിയാകണം ഗോസ്വാമി ഒരു മാസ്‌ക് കൈയ്യിലെടുത്ത് എനിക്കുനേരേ നീട്ടി. ഉരുണ്ട കണ്ണുകളും തടിച്ച ചുണ്ടും നീണ്ട മുടിയുമൊക്കെയുള്ള രൂപം. സാക്ഷാല്‍ ശൂര്‍പ്പണഖ. തൊപ്പിപോലെ തലയില്‍ ഇറക്കിവെച്ചു. ഒപ്പമുള്ളവരുടെ ക്യാമറകള്‍ ഇടതടവില്ലാതെ മിന്നി. ഞങ്ങളുടെ തമാശകളില്‍ ആ വിഖ്യാത കലാകാരനും പങ്കുചേരുന്നു. മറ്റൊരാള്‍ ധരിച്ചത് ഗരുഡരൂപമാണ്. പത്തുതലയന്‍ രാവണനെ തലയിലേറ്റി ഒരുചിത്രമെടുക്കാന്‍ മോഹംതോന്നിയെങ്കിലും അത് ചുവരില്‍നിന്ന് താഴേക്കിറക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് വേണ്ടെന്നുവെച്ചു. ഞാനണിഞ്ഞ ശൂര്‍പ്പണഖയ്ക്ക് നാടകത്തിലെത്തുമ്പോള്‍ മുഖംമൂടി മാത്രമല്ല, ശരീരഭാഗങ്ങളുമുണ്ടാകും. ലക്ഷ്മണന് അരിഞ്ഞുകളയാനുള്ളവ. അവ മറ്റൊരുഭാഗത്ത് തൂക്കിയിട്ടുണ്ട്.

placeholder
വിവിധ മാസ്‌കുകള്‍

അസം ഫോക് തിയേറ്ററുകളുടെ സൗന്ദര്യവും പ്രത്യേകതയും അതിന്റെ വിന്യാസത്തിലാണ്. മിമിക്രി, ടാബ്ലോ, ഘോഷയാത്രകള്‍, ആയോധനകലകള്‍, മാജിക് ഇങ്ങനെ ഒട്ടുമിക്കതും നിറഞ്ഞതാണ് തിയേറ്റര്‍രൂപങ്ങള്‍. അതില്‍ മാസ്‌കുകളുടെ സ്വാധീനം വളരെ വലുതാണ്. രാസലീലാ ഉത്സവത്തിനും ഭൊവന എന്ന തെരുവുതിയേറ്റര്‍ സംഗീതാഖ്യായികയ്ക്കുമാണ് മാസ്‌കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ബോര്‍ഗീത് അഥവാ ഭക്തിഗാനങ്ങള്‍ക്കൊപ്പം ഭൊവനയ്ക്ക് ചുവടുവയ്ക്കാനും മാസ്‌കുകള്‍ കൂടിയേതീരൂ. രാമായണകഥകളെ അടിസ്ഥാനമാക്കിയാണ് മിക്ക ഭൊവനയും. കൃഷ്ണലീലയെ അടിസ്ഥാനമാക്കിയാണ് എല്ലാ പൗരാണികനാടകങ്ങളും. മാസ്‌കുകളുടെയും നിര്‍മാണം അതിനനുസരിച്ചാണ്. പുതിയ ലോകത്തിന് അത്രത്തോളം പിടികിട്ടാത്ത തരത്തിലാണ് നാടകങ്ങളുടെ പേരുകള്‍തന്നെ. പക്ഷേ, മാസ്‌കില്‍ പ്രതിഫലിക്കുന്ന രൂപങ്ങള്‍ നാടകകഥയെ മുന്നോട്ട് ചലിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയാണ് കേട്ടറിവ് മാത്രമുള്ള രുക്മിണിഹരന്‍, കാളിയ, ഗോപാല, പത്‌നി പ്രസാദ തുടങ്ങിയ ഭാവനകളൊക്കെ ജനഹൃദയത്തിലെത്തിയത്. അതിന് ഉപയോഗിക്കുന്ന മാസ്‌കുകള്‍ക്ക് പ്രധാനമായും പക്ഷികളുടെയും മൃഗങ്ങളുടെയും പാമ്പിന്റെയുമൊക്കെ മുഖമാണ്. ദൈവത്തിന്റെ അവതാരങ്ങളായതിനാല്‍ കൃഷ്ണന്‍, രാമന്‍, ലക്ഷ്മണന്‍ എന്നിവരുടെ മാസ്‌കുകള്‍ സാധാരണ നിര്‍മിക്കാറില്ല.

placeholder

പര്‍ണശാലയോട് ചേര്‍ന്നാണ് ശില്പിയുടെ ആലയെന്ന് വിശേഷിപ്പിക്കാവുന്ന വര്‍ക്ക് ഷെഡ്. കരകൗശലത്തിന്റെ ഇന്ദ്രജാലമാണവിടെ. ചിരിതൂകിയും ക്രോധമാവേശിച്ചും വശ്യമായും ചുവരില്‍ തൂങ്ങുന്ന മാസ്‌കുകളുടെ നിര്‍മാണശാല. സാമ്പ്രദായിക മുഖാവരണങ്ങള്‍ നിര്‍മിക്കുന്നത് ടെറാകോട്ടയിലും മുളയിലും തടിയിലും ലോഹങ്ങളിലും പിത്തിലുമൊക്കെയാണ്. മാസ്‌കുകള്‍ മൂന്നുതരത്തിലാണ്. ചോ മാസ്‌ക്, ലോതോകി മാസ്‌ക്, മുഖ് മാസ്‌ക്. മുഖവും ശരീരവും രണ്ട് ഭാഗങ്ങളായി തിരിച്ച് നിര്‍മിക്കുന്നതാണ് ചോ മാസ്‌ക്. ഇവയാണ് പരമാവധി വലുപ്പത്തിലുള്ളത്. ലോതോകി മാസ്‌ക്, ചോ മാസ്‌കിന്റെ ചെറിയ രൂപമാണ്. മുഖ് മാസ്‌ക് മുഖം മാത്രം മറയ്ക്കുന്ന തരത്തിലുള്ളതാണ്. ശരീരമാകെ മറയ്ക്കുന്ന മാസ്‌കിന് 117 ഇഞ്ചാണ് സാധാരണ വലുപ്പം. മുഖം മറയ്ക്കുന്ന മാസ്‌കുകള്‍ക്ക് 64 ഇഞ്ചും. ഇതിനിടയിലുള്ള വലുപ്പമാണ് ലാതോകി മാസ്‌കുകള്‍ക്ക്. മാജുലിയിലെ മാസ്‌കുകളാണ് ലോകപ്രശസ്തം. മുള, കളിമണ്ണ്, തുണി തുടങ്ങി ഭാരംകുറഞ്ഞ നിര്‍മാണവസ്തുക്കളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. ഗോസ്വാമിയുടെ ശിഷ്യന്മാരാണ് ഇവിടത്തെ ശില്പികള്‍. പഠനത്തോടൊപ്പമുള്ള പരിശീലനപരിപാടിയാണ് ആലയില്‍ നടക്കുന്നത്. പ്രത്യേകതരത്തിലുള്ള കത്തി (ദാവു) ഉപയോഗിച്ച് ഒരാള്‍ മുള കഷ്ണങ്ങളാക്കി കീറിയെടുക്കുകയാണ്. മാസ്‌ക്‌നിര്‍മാണത്തിന് വേണ്ട പ്രാഥമിക അസംസ്‌കൃതവസ്തുവാണിത്. മുള തിരഞ്ഞെടുക്കുന്നതിലുമുണ്ട് പ്രത്യേകത. ഏറ്റവും കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രായംവേണം. മാസ്‌ക്‌നിര്‍മിതി തുടങ്ങുംമുന്‍പ് കുറേ ആചാരങ്ങളൊക്കെയുണ്ട്. നവംബറിലാണ് നിര്‍മാണം തുടങ്ങുന്നത്. വൈഷ്ണവസത്രങ്ങളില്‍ മൂന്നുനാള്‍ നീളുന്ന പ്രത്യേക ചടങ്ങുകളും പ്രാര്‍ഥനയും കലാപരിപാടികളുമൊക്കെ അനുബന്ധിച്ച് നടത്താറുണ്ട്. ആലയില്‍ നടക്കുന്ന നിര്‍മാണം പഠനാവശ്യത്തിന്റെ ഭാഗമായതിനാല്‍ ചടങ്ങുകളൊക്കെ ഒഴിവാക്കും.

placeholder

മുളയെ രണ്ട് സെന്റിമീറ്റര്‍ വലുപ്പമുള്ള ചീളുകളാക്കുന്ന ജോലിക്ക് പ്രത്യേക വൈദഗ്ധ്യം വേണം. അത് കുട്ടികളെക്കൊണ്ട് പഠനകാലത്ത് സാധാരണ ചെയ്യിക്കാറില്ല. അപകടംപിടിച്ച പണിയാണത്. ക്യാമറവെളിച്ചം മിന്നിയിട്ടും വിദ്യാര്‍ഥികളിലൊരാള്‍ തലയുയര്‍ത്തുന്നില്ല. സൂക്ഷ്മമായ നിര്‍മാണപ്രവര്‍ത്തനത്തിലാണ്. അയാള്‍ നിര്‍മിക്കുന്നത് ഹോജയാണ്. മുളച്ചീളുകള്‍ മുഖാകൃതിയില്‍ കോര്‍ത്തെടുത്ത് തലയോട്ടിയുടെ നിര്‍മാണം. കൃത്യമായ കണക്കും രൂപവും പാലിച്ചില്ലെങ്കില്‍ മാസ്‌കിന്റെ രൂപം മാറും. നേരത്തേ നിര്‍മിച്ച് ഉണക്കിയെടുത്ത തലയോട്ടിയില്‍ കനംകുറഞ്ഞ തുണി കളിമണ്ണ് ചാലിച്ച് ഒട്ടിച്ചെടുക്കുകയാണ് മറ്റൊരാള്‍. അതിനുമീതേ അരച്ച് അരിച്ചെടുത്ത ചാണകക്കൂട്ട് ഉറപ്പിക്കും. വേണമെങ്കില്‍ അതിനുമീതേ വീണ്ടും തുണി ഒട്ടിക്കും. മുളയില്‍ തീര്‍ത്തെടുക്കുന്ന കാംകട്ടിയെന്ന കത്തിപോലുള്ള ഉപകരണമാണ് അതിനുപയോഗിക്കുന്നത്. ആലയില്‍ ചെറിയൊരു മേശയിലിരുന്ന കുഴച്ച മണ്ണ് ഗോസ്വാമി കയ്യിലെടുത്തു. പുറ്റുപോലുള്ള മണ്ണ് അരച്ചൊരുക്കിയെടുക്കുന്നതിന് കുഹ്ല എന്നാണ് പേര്. മാസ്‌കിന്റെ കണ്ണ്, പല്ല്, മൂക്ക്, ചെവി തുടങ്ങിയവ രൂപപ്പെടുത്തുന്നത് കുഹ്ല ഒട്ടിച്ചെടുത്താണ്. ഒട്ടിച്ചെടുത്തശേഷം വെയിലിലുണക്കിയോ പ്രത്യേക അനുപാതത്തില്‍ ചൂട് നല്‍കിയോ മുഖം നിറംചാലിക്കാനെത്തുന്നു. ഈ പ്രോസസ് പൂര്‍ത്തീകരിക്കാന്‍ 10-15 ദിവസമെടുക്കും.

placeholder

ഇത്രയുംസമയം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടതിന് ഗോസ്വാമിക്ക് നന്ദിപറഞ്ഞ് പുറത്തിറങ്ങാന്‍തുടങ്ങുമ്പോഴാണ് കെട്ടിടത്തിന്റെ മൂലയില്‍ ചാരിവെച്ച നര്‍ത്തകീരൂപം കാണുന്നത്. മുളഞ്ചീളില്‍ കോര്‍ത്തെടുത്ത നര്‍ത്തകി അസമീസ് കരകൗശലത്തിന്റെ സമ്പൂര്‍ണ അടയാളമായി തോന്നി. അത് ചില സ്റ്റേജുകളിലെ ദേവീരൂപമാണ്. ഇന്ന് കാണുന്ന തിയേറ്ററുകളും സത്രങ്ങളുമൊക്കെ ഉണ്ടാകുംമുന്‍പ് കാഥികര്‍ എന്നര്‍ഥമുള്ള ഖോണികോര്‍ എന്നാണ് മാസ്‌ക് ധരിച്ച് കഥപറയുന്നവര്‍ അറിയപ്പെട്ടിരുന്നത്. മാസ്‌കുകളില്‍ പ്രയോഗിക്കുന്ന പുരാണ അടയാളങ്ങള്‍ക്ക് പവിത്രത കല്‍പ്പിക്കുന്നതിനായി ഇത്തരം ദേവീരൂപങ്ങള്‍ കാഥികര്‍ സ്റ്റേജില്‍ കൊണ്ടുവയ്ക്കുമായിരുന്നു. ഇതിനിടെ ഗോസ്വാമി ചിത്രപ്പണി പുനരാരംഭിച്ചു. സ്റ്റൂളില്‍ വെച്ച ഗരുഡരൂപത്തിന്റെ കിരീടത്തിന് നിറംകൊടുക്കുകയാണ്. മാസ്‌കുകളില്‍ ഉപയോഗിക്കുന്ന നിറങ്ങളെല്ലാം തികച്ചും പ്രാദേശികമാണ്. മാജുലിയില്‍തന്നെ വിടരുന്ന പൂക്കളുടെ, ഇലകളുടെ, കായ്കളുടെ, വിത്തുകളുടെ, മണ്ണിന്റെ, പാറയുടെ നിറങ്ങള്‍. ചുവപ്പും മഞ്ഞയും നിര്‍ബന്ധമായും പച്ചക്കറികളില്‍നിന്നാണെടുക്കുന്നത്. ഖോരിമതി (വെളുപ്പ്), ഹെന്‍ഗുള്‍ (ചുവപ്പ്), ചാര്‍കോള്‍ (കറുപ്പ്), ഹൈതാല്‍ (മഞ്ഞ) എന്നിവയാണ് പ്രധാന നിറങ്ങള്‍. അടുത്തിടെയായി കൂടുതല്‍ ഇഫെക്ടുകള്‍ക്ക് ചില കെമിക്കല്‍ നിറങ്ങള്‍ ഉപയോഗിക്കുന്നു. മാസ്‌കുകളില്‍ തൂക്കുന്ന കമ്മലുകള്‍, കടുക്കന്‍, മകുടങ്ങള്‍ തുടങ്ങിയവ മുളയില്‍ നിര്‍മിച്ച് ഈ നിറങ്ങളില്‍ മുക്കിവയ്ക്കും.  നിറംചേര്‍ത്ത ചിത്രത്തുണികളും ഉപയോഗിക്കാറുണ്ട്.

placeholder
ദ്വീപിലെ വാഹനം

എല്ലാ പാരമ്പര്യകലകളെയുംപോലെ മാസ്‌ക് നിര്‍മാണവും അനുബന്ധ നാടകങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. ഇപ്പോള്‍ സീസണല്‍ കലയാണ് ഇവ. മാസ്‌ക് നിര്‍മാണവും പരിപാലിക്കലും സാധാരണ കലാകാരന് ബുദ്ധിമുട്ടാണ്. സീസണില്‍ മാത്രം ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ അവയുടെ റിപ്പെയറിങ് ചെലവ് പുതിയവ വാങ്ങുന്നതിനോളമാണ്. പക്ഷേ, മാജുലി ഈ പ്രതിസന്ധി അതിജീവിക്കുന്നത് മാസ്‌കുകളുടെ വില്പനസാധ്യതയിലൂന്നിയാണ്. പ്രധാന മാസ്‌കുകളുടെ ചെറിയ രൂപങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ഇവര്‍. അത് മാസ്‌കുകളുടെ നിലനില്പും പ്രചാരവും കൂട്ടിയിട്ടുണ്ട്. കൗതുക, അലങ്കാര വസ്തുക്കളുടെ കൂട്ടത്തില്‍ കിടപിടിക്കുന്നവയായി മാസ്‌കുകള്‍ മാറിക്കഴിഞ്ഞു.

Content Highlights: Majuli, the largest inhabited river island in the world, Mask Village