കാല്‍ നൂറ്റാണ്ടിലേറെയായി കൊച്ചിയില്‍ താമസിക്കുന്ന കണ്ണൂരുകാരനായ വിനയചന്ദ്രനൊപ്പമാണ് പുലര്‍ച്ചെ തന്നെ കടമക്കുടിയിലേക്ക് പുറപ്പെട്ടത്. മെയിന്‍ റോഡില്‍ നിന്ന് കടമക്കുടിയിലേക്ക് ഗൂഗിള്‍ പറഞ്ഞുതന്ന വഴിയകലങ്ങളെല്ലാം തന്നെ വഴിയരികില്‍ കണ്ട സൈന്‍ ബോര്‍ഡുകളിലെ ദൂരവുമായി ഒരുതരത്തിലും കൂട്ടി മുട്ടിയിരുന്നില്ല. അക്കാരണം കൊണ്ടുതന്നെ സൈന്‍ബോര്‍ഡുകളെയും സ്ട്രീറ്റ് ലൈറ്റുകള്‍ക്കു താഴെയുള്ള കുഞ്ഞുടീസ്റ്റാളുകളില്‍ നിന്നും കട്ടന്‍ കുടിച്ച് വര്‍ത്തമാനം പറഞ്ഞുനില്‍ക്കുന്ന ആളുകളെയും ആശ്രയിച്ചാണ് യാത്രതുടര്‍ന്നത്. വീതി കുറഞ്ഞ് വളഞ്ഞുപുളഞ്ഞ വഴികളിലൂടെ അവസാനം എത്തിയത് കൊച്ചി നഗരം ഉള്ളിലൊളിച്ചുവച്ച മനോഹര കാഴ്ചകളിലേക്കാണ്.
ചിത്രംപോലെ

കടമക്കുടിയിലേക്ക് കടക്കുമ്പോള്‍ അതുവരെകണ്ട നഗരക്കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളിലേക്കാണ് പ്രകൃതി നിങ്ങളെ എടുത്തെറിയുക. റോഡിനിരുവശവും പ്രശാന്തമായ ജലപ്പരപ്പുകളാണ്. അതില്‍ അങ്ങിങ്ങായി ചേറില്‍ നിന്നും കുത്തിപ്പൊക്കിയുണ്ടാക്കിയ ബണ്ടുകള്‍... ബണ്ടുകളില്‍ നിരനിരയായി നില്‍ക്കുന്ന തെങ്ങുകള്‍, വെള്ളത്തില്‍ അവയുടെ നീണ്ട നിഴലുകള്‍, മീന്‍ പിടിക്കാന്‍ കെട്ടിയുണ്ടാക്കിയ ചീനവലകള്‍, പുഴയിലൂടെ ധൃതിയില്‍ പോവുന്ന യന്ത്രത്തുഴ ഘടിപ്പിച്ച തോണികള്‍... ആകെക്കൂടി കടമക്കുടിക്ക് ഒരു പ്രത്യേക അഴകാണ്. കൊച്ചി നഗരത്തില്‍ ഏതാണ്ട് 16 കിലോമീറ്റര്‍ അകലെയായി വരാപ്പുഴക്കടുത്തുള്ള കായലോര തുരുത്തുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. പ്രകൃതി ആകാശത്തിന് നിറങ്ങള്‍ ചാര്‍ത്തുന്ന പുലരികളിലോ വൈകുന്നേങ്ങളിലോ ആണ് കടമക്കുടി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. സായാഹ്നങ്ങളില്‍ റോഡരികിലെകുഞ്ഞു കടകളെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി തുറക്കും. ഇപ്പോള്‍ ധാരാളം പേര്‍ വൈകുന്നേരങ്ങള്‍ ആസ്വദിക്കാനായി കടമക്കുടിലേക്ക് വരുന്നുണ്ട്. അല്ലെങ്കിലും ഗ്രാമത്തിന്റെ ഭംഗി ഒരിക്കലും ആസ്വദിച്ചു തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ! സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളൂ. റോഡരികിലെ നടപ്പാതയില്‍ കായലിനഭിമുഖമായി ഇരുന്നാല്‍ ദൂരെ കിഴക്കന്‍ ചക്രവാളത്തില്‍ആകാശത്തിന് മഞ്ഞനിറം പിടിച്ചുവരുന്നത് കാണാം. ആകാശവും ഭൂമിയും ചേരുന്നിടത്തെല്ലാം നേര്‍ത്ത മൂടല്‍മഞ്ഞാണ്. ഇളം തണുപ്പും പല അകലങ്ങളില്‍ നിന്നും കേള്‍ക്കുന്ന നാനാതരം പക്ഷികളുടെ പാട്ടുകളും, നിങ്ങളെ മറ്റൊരു ലോകത്തേക്കെത്തിക്കും. മാനത്തുകണ്ണികള്‍ നിങ്ങള്‍ പോയോ എന്നറിയാന്‍ ജലപ്പരപ്പുകളില്‍ വന്ന് ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ടായിരിക്കും.

പുലരിക്കാഴ്ചകള്‍
പ്രഭാതസവാരിക്കാര്‍ നടത്തം തുടങ്ങിയിട്ടുണ്ട്. അധികം ചെളിപുരളാത്ത വാക്കിങ് ഷൂകളും വിലകൂടിയ ട്രാക് സ്യൂട്ടുകളും ധരിച്ചെത്തുന്ന നഗരവാസികള്‍ക്ക് അവരുടെ ജീവിതം പോലെതന്നെ അല്പം വേഗം കൂടുതലാണെന്ന് തോന്നുന്നു. പരസ്പരം തമാശകള്‍ പറഞ്ഞ് ചിരിച്ചുകൊണ്ടു വരുന്ന തദ്ദേശീയരായ രണ്ടുപേര്‍ ഞങ്ങളോട് കുശലം പറയാനെത്തി. പുതിയ കടമക്കുടിയെപ്പറ്റി പറയുമ്പോള്‍ പഴയ കടമക്കുടിയെപ്പറ്റിക്കൂടി പറയണം എന്നാണ് ഈ പുതുതലമുറക്കാരുടെ അഭിപ്രായം. ഇവിടം നല്ല 'വൈബുള്ള' സ്ഥലമാണെങ്കിലും കുറച്ചുകാലം മുമ്പ് വരെ ഇങ്ങോട്ടേക്കുള്ള യാത്ര ബുദ്ധിമുട്ടായിരുന്നത്രേ. ഏറെക്കുറേ 'വന്നാക്കുടുങ്ങി' എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ജലമാര്‍ഗമായിരുന്നു നഗരവുമായുള്ള ബന്ധം. ഇപ്പോള്‍ റോഡുകളും പാലങ്ങളും വന്നതിന് ശേഷമാണ് കടമക്കുടിയിലേക്ക് ആളുകള്‍ കൂടുതലായി വരാന്‍ തുടങ്ങിയത്.

സംസാരിച്ചുനില്‍ക്കുമ്പോഴാണ് കടമക്കുടിയിലെ ഒരു മുതിര്‍ന്നപൗരന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച മണിച്ചേട്ടന്‍. ആളും പ്രഭാതസവാരിയിലാണ്. കടമക്കുടിയിലെ കാര്‍ഷിക ജീവിതത്തെപ്പറ്റികൗതുകകരമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ജലത്താല്‍ ചുറ്റപ്പെട്ട സ്ഥലമായതുകൊണ്ടുതന്നെ ജലവുമായി ബന്ധപ്പെട്ടായിരുന്നു കടമക്കുടിയിലെ ജീവിതം. മഴക്കാലത്ത്, ചുറ്റുപാടുമുള്ള വെള്ളത്തിന് ഉപ്പുരസം കുറഞ്ഞുവരും. (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനംവരെ) ഈ സമയത്താണ് ഇവിടെ പൊക്കാളികൃഷി നടത്തുന്നത്. പൊക്കാളി ഉപ്പുരസമുള്ള നിലത്ത് ഉണ്ടാവുന്ന ഒരിനം നെല്ലിനമാണ്. കീടനാശിനികളൊന്നും പ്രയോഗിക്കാതെ ഉണ്ടാക്കുന്ന ഈ നെല്ലിന്റെ അരി കൂടുതല്‍ പോഷകഗുണങ്ങളുള്ളതാണത്രേ. മഴക്കാലത്തിനുശേഷം ശുദ്ധജലം കുറയുകയും ഉപ്പുവെള്ളം കൂടുതലായി ഇവിടേക്ക് വരികയും ചെയ്യും. (നവംബര്‍ മുതല്‍ വേനല്‍ക്കാലത്തിന്റെ അവസാനം വരെയുള്ള കാലം) ഇക്കാലത്ത് ഈപൊക്കാളിപ്പാടങ്ങളൊക്കെത്തന്നെ ചെമ്മീന്‍ പാടങ്ങളായി മാറും. ചെമ്മീന്‍കൃഷി കഴിയുന്ന സമയത്ത് ഉണ്ടാവുന്ന അവശിഷ്ടങ്ങളാണ് അടുത്ത പൊക്കാളികൃഷിക്ക് വളമായി വരുന്നത്. പ്രകൃതിയും ഋതുക്കളും മനുഷ്യനും ചേര്‍ന്നുള്ളൊരു കൊടുക്കല്‍ വാങ്ങല്‍.

നവംബര്‍ ആയതുകാരണം അടുത്ത ചെമ്മീന്‍കൃഷി സീസണ്‍ തുടങ്ങുകയാണ്. നിലങ്ങളെല്ലാം ബണ്ടുകള്‍ കെട്ടിതിരിച്ചിട്ടുണ്ട്. വെള്ളം പുറത്തേക്കു വിടാനായുള്ള 'ചീപ്പുചാലുകള്‍' സജ്ജമായിക്കഴിഞ്ഞിരിക്കുന്നു. ബണ്ടിലൂടെ നടന്നപ്പോള്‍ പൊക്കാളികൃഷിയുടെ കാലം കഴിഞ്ഞതറിയാതെ സങ്കടത്തോടെ തലകുനിച്ചു നില്‍ക്കുന്ന ഒരു നെല്‍ച്ചെടി കണ്ടു. താഴേക്ക് തൂങ്ങിനില്‍ക്കുന്ന അതിന്റെ കതിരില്‍ നിന്നും ഒരു നെന്മണിപൊളിച്ച് വായിലിട്ടുനോക്കി. അരിയായി ഉറയ്ക്കുന്നതിനുമുന്‍പുള്ള മധുരം പതിയെ നാവിലും മനസ്സിലും പരന്നു, കഴിഞ്ഞ മഴക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട്.
Content Highlights: kadamakudy island kochi travel national tourism day 2024
Published: 18 Jan 2024, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented