
ആമ്പല്‍പ്പാടത്തിന് പേരുകേട്ട മലരിക്കലില്‍നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെയാണ് എഴുമാന്തുരുത്ത്. വൈക്കത്തിനും കടുത്തുരുത്തിക്കും ഇടയിലുള്ള ഈ ഗ്രാമം ആലപ്പുഴ, എറണാകുളം ജില്ലക്കാര്‍ക്കും എളുപ്പമെത്തിച്ചേരാവുന്ന സ്ഥലമാണ്. അതിരാവിലെ എഴുമാന്തുരുത്തില്‍ ആമ്പലുകള്‍ പൂവിടും. വിശാലമായ ഭൂമിമുഴുവന്‍ ആമ്പല്‍പ്പൂക്കള്‍ പൊതിയും. താമരകളുമുണ്ട്. പക്ഷേ, താമരമൊട്ടുകള്‍ക്ക് വിരിയാനാകുംമുന്‍പേ അവയെ പല ആവശ്യങ്ങള്‍ക്കുമായി പറിച്ചെടുക്കും.
രണ്ടുവര്‍ഷത്തോളമാകുന്നതേയുള്ളൂ, എഴുമാന്തുരുത്ത് ആമ്പലുകള്‍ കീഴടക്കിയിട്ട്. അതുവരെ മലരിക്കലേക്കായിരുന്നു എല്ലാവരുടെയും യാത്രകള്‍. കായലില്‍ ആമ്പലും താമരയും മാത്രമല്ല, മറ്റനവധി പൂക്കള്‍ കാണാം. ഇളംപിങ്ക് നിറമുള്ള കുഞ്ഞു പൂക്കള്‍ പലയിടത്തും കായലിന്റെയും നിറംമാറ്റുന്നു. വെള്ളപ്പൂക്കള്‍ കുറച്ചുകൂടി വലുപ്പമുള്ളതാണ്. ഇളംനീല നിറമുള്ള പൂക്കളും അപൂര്‍വമായി കാണപ്പെടുന്നു.
തോണിയില്‍ കായലിലൂടെ...
എഴുമാന്‍ കായലിന്റെ, ആമ്പലുടുത്ത ഉടലിലൂടെയുള്ള തോണിയാത്ര ഹൃദ്യമാണ്. വസന്തത്തിന്റെ മധുരം നുണഞ്ഞുകൊണ്ടാണ് പോക്ക്. ചുറ്റിലും ചിതറിക്കിടക്കുന്ന പച്ചപ്പാടങ്ങള്‍. നൂറുകണക്കിന് തൂവെള്ളക്കൊറ്റികള്‍ കപടധ്യാനമിരിക്കുന്നു. ചാരക്കൊക്കും എരണ്ടയും പൊന്മാനുകളും എഴുമാന്തുരുത്തിന്റെ ആകാശത്തിന് നിറം നല്‍കുന്നു. താറാവുപറ്റങ്ങള്‍ കായലിലൂടെ സ്വതസ്സിദ്ധമായ താളത്തില്‍ നീന്തിപ്പോകും. ചെറുപാലങ്ങള്‍ക്കടിയിലൂടെ കറങ്ങിത്തിരിഞ്ഞാകും തോണി മടങ്ങുന്നത്. എല്ലായിടത്തും ഒതളങ്ങ നിറയെ കായ്ച്ചുനില്‍ക്കുന്നത് കാണാം. വിഷക്കായ തിരിച്ചറിഞ്ഞ് കിളികളൊന്നും ആ മരത്തിനടുത്തേക്ക് വരുന്നതേയില്ല. പക്ഷേ, അതിന്റെ പച്ചയിലകളും ചെറുപൂക്കളും മുഴുത്ത കായകളും വഴിയോരത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
പാലത്തിനപ്പുറം മുണ്ടാര്‍ ദ്വീപാണ്. അവിടേക്കുള്ള പാലത്തിന്റെ പണി ഇനിയും തീര്‍ന്നിട്ടില്ല. തോണിയെത്തന്നെ ആശ്രയിക്കണം. കല്ലറ ഗ്രാമപ്പഞ്ചായത്തിലുള്ള മുണ്ടാര്‍, പ്രളയകാലത്തനുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ല. ഒരുപാടുപേര്‍ പ്രളയാനന്തരം വീടൊഴിഞ്ഞുപോയി. കുടിവെള്ളപ്രശ്‌നവും ഇവിടത്തുകാരെ വലയ്ക്കുന്നു. തുരുത്തില്‍ത്തന്നെ ഒതുങ്ങിക്കൂടുന്ന ജീവിതമാണ് ഇവിടെയുള്ളവരുടെത്. കൃഷിയാണ് പ്രധാനതൊഴില്‍. ജീവിതത്തിരക്കുകളില്‍ സ്വയം നഷ്ടപ്പെട്ടവര്‍ക്ക് എഴുമാന്തുരുത്തിലേക്ക് വരാം.
ഓരോ ഋതുവിനും എഴുമാന്തുരുത്ത് വേറിട്ട കാഴ്ചകള്‍ തരുന്നു. ഞാറിന്റെ മണം, വൈക്കോല്‍ക്കറ്റയുടെയും കതിരിന്റെയും മണം... പാടങ്ങള്‍, നിരന്ന മൈതാനങ്ങളാകും. കായല്‍ മെലിയുകയും കൊഴുക്കുകയും ചെയ്യും. എഴുമാന്തുരുത്തിനു മുകളില്‍ ആകാശം പുലരിയുടെ മഞ്ഞയും അസ്തമയത്തിന്റെ ചുവപ്പും പൂശും. എപ്പോള്‍ വന്നാലും എഴുമാന്തുരുത്തിന്റെ ചാരുതയ്ക്ക് മങ്ങലേതുമില്ല.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: ezhumanthuruthu island travel national tourism day
Published: 25 Jan 2024, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented