പോര്‍ട്ട് ബ്ലെയറില്‍ വിമാനമിറങ്ങി ഹോട്ടലിലേക്കുള്ള യാത്രയില്‍ എം.ജി. റോഡിലെ തട്ടുകടയില്‍നിന്ന് കടുപ്പത്തിലൊരു ചായ കുടിക്കുമ്പോഴാണ് ഒരു കൗതുക കാഴ്ച. മുമ്പിലെ ബസ് സ്റ്റോപ്പില്‍ ഒരു കാലിക്കറ്റ് ബസ്. തീര്‍ന്നില്ല, തുടര്‍ന്നുള്ള ആന്‍ഡമാന്‍ ദിവസങ്ങളില്‍ വണ്ടൂര്‍, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍ ജെട്ടി ബസ്സുകളും കണ്ടു. ആന്‍ഡമാന്‍ നമുക്കന്യമല്ല. ചരിത്രം പഠിക്കുന്നവര്‍ക്ക് ആന്‍ഡമാന്‍, സെല്ലുലാര്‍ ജയിലിലൂടെ മുന്നില്‍ വരും. ശിവാജി ഗണേശന്‍ തകര്‍ത്തഭിനയിച്ച മുക്താ ശ്രീനിവാസന്റെ 'അന്തമാന്‍ കാതലി യും, മോഹന്‍ലാലിന്റെ ''കാലാപാനി'യും മറ്റും മനസ്സിലോടിയെത്തും. ഈ ദ്വീപസമൂഹങ്ങളിലേക്കുള്ള യാത്ര തീര്‍ച്ചയായും ഒരു ചലഞ്ച് തന്നെയാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ മൊത്തം 572 ദ്വീപുകളില്‍ മനുഷ്യവാസമുള്ളത് 37 ദ്വീപുകളില്‍ എന്നാണ് ഔദ്യോഗിക വിവരം. അതില്‍ത്തന്നെ സഞ്ചാരികള്‍ക്ക് അനുമതിയുള്ളത് വളരെ കുറച്ചുമാത്രം. ഗോത്രവര്‍ഗ ദ്വീപുകളില്‍ യാതൊരുതരത്തിലും പ്രവേശനമില്ല. ഒരുവിധം കണ്ടുപോരണമെങ്കില്‍ ഒരാഴ്ച വേണ്ടിവരും. ചെന്നെയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് രണ്ടുമണിക്കൂര്‍ വിമാനയാത്ര. പോര്‍ട്ട് ബ്ലെയറിലെ കാലാപാനിയെന്ന സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനം വിവരണാതീതമായ നൊമ്പരമുണര്‍ത്തും. ഗാര്‍ഡ് റൂം ടവര്‍ കേന്ദ്രമാക്കി, മൂന്നു നിലകളുള്ള ഏഴ് ബാരക്കുകളുടെ സമുച്ചയമാണ് കാലാപാനി.

ഏഴില്‍ മൂന്നുമാത്രമേ ഇപ്പോള്‍ ഉള്ളൂ. ജയിലറകളുടെ നിര്‍മാണരീതിതന്നെ ക്രൂരമാണ്. അതിലെ തടവുകാരന് ഒരു കാരണവശാലും പുറംലോകം കാണാനോ മറ്റൊരു ജീവിയെ കാണാനോ പറ്റില്ല. തടവുകാരെ പാര്‍പ്പിച്ച രീതി, പീഡിപ്പിച്ചിരുന്ന വിധം, ചെയ്യിച്ചിരുന്ന ജോലികള്‍ ഒക്കെ നടന്നുകാണുന്നതിനു പുറമെ വൈകിട്ട് ദൃശ്യശ്രവണ പരിപാടിയിലൂടെയും അറിയാം. തടവുകാരെ തൂക്കിലേറ്റിയിരുന്ന മുറി കണ്ടിറങ്ങുമ്പോള്‍, പീഡിപ്പിക്കുന്നതിന്റെ വിവിധ പ്രതിമകള്‍ ചിത്രങ്ങള്‍ ഒക്കെ വിങ്ങലോടെ മാത്രം പിന്നിടാം.
റോസ് ഐലന്‍ഡിന് ഇപ്പോഴത്തെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാണ്. ബ്രിട്ടീഷ് ഭരണത്തില്‍ ഈ ദ്വീപായിരുന്നു ഭരണകേന്ദ്രം. സ്വാതന്ത്ര്യാനന്തരം തലസ്ഥാനം പോര്‍ട്ട് ബ്ലെയര്‍ ആയതോടെ റോസ് ദ്വീപ് നാശോന്മുഖമായെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ട്. പഴയകാല സ്റ്റോര്‍, വാട്ടര്‍പ്ലാന്റ്, പവര്‍ഹൗസ്, ക്ലബ്ബ്, ചര്‍ച്ച് തുടങ്ങി ഒരുപാട് കെട്ടിടങ്ങള്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന് യാത്രികര്‍ക്ക് കൗതുകമാകുന്നു. നോര്‍ത്ത് ബേ ഐലന്‍ഡ്, നേതാജി ദ്വീപിനടുത്താണ്. സ്‌കൂബാ ഡൈവിങ്ങിന് പ്രസിദ്ധം.

മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക് വണ്ടൂരിലാണ്. ഇന്ത്യയിലെ അഞ്ച് മറൈന്‍ പാര്‍ക്കുകളില്‍ ഒന്നാമത്തേത്. സൗത്ത് ആന്‍ഡമാനിലെ വണ്ടൂര്‍ ജെട്ടിയില്‍നിന്ന് വലിയ ബോട്ടുകളിലാണ് മറൈന്‍ പാര്‍ക്ക് യാത്ര. ജോളി ബോയ്‌സ് ദ്വീപിലേക്കും കടല്‍ജീവികളെ കാണാനും ചെറുബോട്ടിലേക്ക് മാറിക്കയറണം. കണ്ടല്‍ക്കാടുകളും കടല്‍ ജീവികളും ദൃശ്യവിസ്മയമാണ്. കര്‍ശന പ്ലാസ്റ്റിക് നിയന്ത്രണമുണ്ട്. കടുത്ത പിഴശിക്ഷയുമുണ്ട്. സ്വരാജ് ദ്വീപ് (ഹാവ്‌ലോക് ഐലന്‍ഡ്) യാത്ര കപ്പലിലാണ്. എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒന്നാംതരം യാനപാത്രങ്ങളാണിവ. മൂന്ന് മണിക്കൂറാണ് യാത്രാ സമയം. രണ്ടുദിവസം താമസിച്ചുവേണം സ്വരാജ് കാണാന്‍.

ബെസ്റ്റ് ബീച്ച് ഇന്‍ ഏഷ്യ പട്ടം കിട്ടിയ രാധാനഗര്‍ ബീച്ച്, കാലാ പത്ഥര്‍ ബീച്ച്, എലിഫന്റ് ബീച്ച്, വിജയനഗര്‍ ബീച്ച് എന്നിവ യാത്രക്കാര്‍ക്കായി കാത്തിരിക്കുന്നു. രാധാനഗര്‍ ബീച്ചിലെ കടല്‍ക്കുളി മിസ് ചെയ്യരുത്. ഷാഹിദ് ദ്വീപി (നീല്‍ ഐ ലന്റ്)ലാണ് ഭരത്പുര്‍ ബീച്ചും ലക്ഷ്മണ്‍പുര്‍ ഒന്ന്, രണ്ട് ബീച്ചുകളും. നല്ല തണലും തണുപ്പുമുള്ള വിശാലമായ ബീച്ചാണ് ഭരത്പുര്‍. ലക്ഷ്മണ്‍പുര്‍ ഒന്നിലെ സൂര്യാസ്തമന ദൃശ്യം മനോഹരമാണ്. പക്ഷേ, മേഘങ്ങള്‍ ചതിച്ചു. ലക്ഷ്മണ്‍പുര്‍ രണ്ടിലാണ് ലോകപ്രശസ്ത നാച്വറല്‍ ബ്രിഡ്ജ്. വേലിയിറക്ക സമയമാണെങ്കിലേ കാണാന്‍ പറ്റുകയുള്ളൂ.
മുന്നൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പോര്‍ട്ട്‌ബ്ലെയര്‍- മായാബന്ദര്‍-ദിഗ്ലിപൂര്‍ എന്‍.എച്ച്. നാലില്‍ കൂടിയാണ് ബറാത്താങ്ങിലേക്കുള്ള യാത്ര. ജറാവ ഗോത്രവര്‍ഗക്കാര്‍ പാര്‍ക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഫീസും സമയക്ലിപ്തതയുമുണ്ട്. ഭാഗ്യമുണ്ടെങ്കിലേ ഇവരെ കാണാന്‍ കഴിയൂ. രാവിലെ ഏഴിനും ഒന്‍പതിനും കടത്തി വിടും. ഇതിനായി ജിര്‍ഖാതാങ് ചെക്ക്‌പോസ്റ്റില്‍ ക്യൂ ഉണ്ടാകും. സെക്യൂരിറ്റിയോടെ കോണ്‍വോയ് രീതിയിലാണ് വാഹനങ്ങള്‍ വിടുക. ഓവര്‍ടേക്കിങ്, സ്റ്റോപ്പിങ്, ജറാവകള്‍ക്ക് സാധനങ്ങള്‍ സമ്മാനിക്കല്‍ മുതലായവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കറുകറുത്ത നിറമുള്ള ജറാവകള്‍ സുന്ദരീസുന്ദരന്മാരാണ്. കൊച്ചുകുട്ടികള്‍ പ്രത്യേകിച്ചും. ഞങ്ങള്‍ ഭാഗ്യമുള്ളവരായിരുന്നു. ഫോട്ടോ നിരോധനത്തില്‍പെടുന്നതിനാല്‍ ചിത്രീകരണം നടന്നില്ല.

ബറാത്താങ്ങിലെ നിലമ്പൂര്‍ ജെട്ടി ജങ്കാറില്‍ മറുവശത്ത ജെട്ടിയിലെത്തി. അവിടെ സ്പീഡ് ബോട്ടിലാണ് കണ്ടല്‍കാടകത്തെ ലൈം സ്റ്റോണ്‍ കേവ് സന്ദര്‍ശനം. മാന്‍ഗ്രോവിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര ത്രില്ലടിപ്പിക്കും. ഇടയ്ക്ക് പറയട്ടെ, ഈ ജെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജങ്കാര്‍ 1979-ല്‍ കൊച്ചി മേയ്ക്ക് ആണ്. ബറാത്താങ്ങില്‍ മഡ്ള്‍ വൊള്‍ക്കാനോയുണ്ട്. പക്ഷേ, അടച്ചിട്ടിരിക്കുകയായിരുന്നു. തിരിച്ച് പോര്‍ട്ട് ബ്ലയറില്‍ വന്ന് അക്വാമ്യൂസിയം, ആന്ത്രപ്പോളജിക്കല്‍ മ്യൂസിയം, രാജീവ്ഗാന്ധി വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോര്‍വയിന്‍കോവ് ബീച്ച് മുതലായവവും കണ്ടുതീരുമ്പോള്‍ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശമാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ കാലാവസ്ഥ പ്രവചനാതീതമാണ്. മഴ സമയമാണെങ്കില്‍ ഒറ്റപ്പെട്ട ദ്വീപുകളിലെ യാത്രയും താമസവും വളരെ ബുദ്ധിമുട്ടാണ്. വൈദ്യുതിയും ചിലസമയം പ്രശ്‌നമാണ്. വാര്‍ത്താവിനിമയ സംവിധാനവും പരിമിതമാണ്. നെറ്റ് വര്‍ക്ക് കവറേജ് ശരാശരിക്കും താഴെയാണ്. ഇതൊക്കെയാണെങ്കിലും ആന്‍ഡമാന്‍ യാത്രയൊരു ആവേശമാണ്. കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് വിമാനത്തിലെത്താം. എന്നാല്‍ കപ്പലാണെങ്കില്‍, കടല്‍ ശാന്ത മെങ്കില്‍, നാലുദിവസമെടുക്കും. കൊല്‍ക്കത്ത, വിശാഖപട്ടണം, ചെന്നെ പോര്‍ട്ടുകളില്‍നിന്ന് കപ്പല്‍ സര്‍വീസുണ്ട്.
Content Highlights: andaman islands travel national tourism day
Published: 20 Jan 2024, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented