
ലൈറ്റ് ഹൗസ്, ഗ്ലാസ് ബോട്ട് സവാരി, സ്‌കൂബ എന്നിവയെല്ലാം ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ വെച്ച് ആസ്വദിച്ചതു കൊണ്ടു തന്നെ അഗത്തി ദ്വീപില്‍ പോയി പ്രത്യേകമായി ചെയ്യാന്‍ ആക്ടിവിറ്റികളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പാക്കേജിൽ ഉള്‍പ്പെട്ട ടൂറിസ്റ്റുകാരൊക്കെ തീര്‍ച്ചയായും വരുന്ന ഇടം അഗത്തിയാണ്. അതിന് ചില കാരണങ്ങളുമുണ്ട്. ലക്ഷദ്വീപിലെ വിമാനത്താവളം അഗത്തിയിലായതാണ് ഒരു പ്രധാന കാരണം. കവരത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തിയിലും ഭംഗിയിലും അഗത്തിയാണ് ഒരുപടി മുന്നില്‍. ഏറ്റവും ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാരണം ലക്ഷദ്വീപിലെത്തുന്ന ലക്ഷ്വറി ടൂറിസ്റ്റുകളുടെ പറുദീസയായ ബംഗാരം ദ്വീപിലേക്ക് അഗത്തിയില്‍ നിന്ന് 15 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ നാല് ദിവസത്തെ കവരത്തി വാസത്തിനുശേഷം ലക്ഷദ്വീപിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ അഗത്തി ലക്ഷ്യമിട്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു.

കവരത്തിയില്‍ നിന്ന് അഗത്തിയിലേക്ക് സ്പീഡ് വെസ്സലില്‍ (ചെറു കപ്പല്‍) ഒരാള്‍ക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തതുകൊണ്ടാണ് വിചാരിച്ച ദിവസം അഗത്തിയിലേക്ക് പുറപ്പെടാനായത്. 58 കിലോമീറ്റര്‍ ദൂരമേ ഉള്ളൂവെങ്കിലും നാട്ടിലെ ഒരു ജില്ലയില്‍ നിന്ന് മറു ജില്ലയിലേക്ക് പോകുംപോലെ ഒരു ദ്വീപില്‍ നിന്ന് മറുദ്വീപിലേക്ക് പോവുക എന്നത് വിചാരിക്കുമ്പോള്‍ നടക്കുന്ന കാര്യമല്ല. ഒരു ദിവസം ഒരു സര്‍വീസേ കവരത്തിയില്‍ നിന്നുള്ളൂ. അതിനുള്ള ടിക്കറ്റ് ലഭിക്കുന്നത് തന്നെ ശ്രമകരമാണ്.

കവരത്തിയില്‍ നിന്ന് രാവിലെ ബ്ലൂ മെര്‍ലിന്‍ സ്പീഡ് വെസ്സലിലായിരുന്നു അഗത്തിയിലേക്കുള്ള യാത്ര. രണ്ടു മണിക്കൂര്‍ ഓട്ടമുണ്ട് കവരത്തിയില്‍ നിന്ന് അഗത്തിയിലേക്ക്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ അന്ന് വാര്‍ഫില്‍ നിന്ന് ചെറു ബോട്ടില്‍ കയറിയാണ് കപ്പലിനരികിലെത്തിയത്. ചെറു വിമാന സൗകര്യം തന്നെയുണ്ട് ഈ കുഞ്ഞുകപ്പലിനുള്ളില്‍. ഇരുന്ന് പോകാനുള്ള സൗകര്യമാണെങ്കിലും ദ്വീപിനകത്തും പുറത്തുമോടുന്ന കപ്പലുകളെല്ലാം തന്നെ എസിയാണ്. വിന്‍ഡോ സീറ്റ് ലഭിച്ചതിനാല്‍ കടൽകാഴ്ചയും ആസ്വദിക്കാന്‍ പറ്റി. കവരത്തിയില്‍ നിന്ന് വ്യത്യസ്തമായി അഗത്തിയിലെ കടലോരത്ത് ഫ്ളോട്ടിങ് ബ്രിഡ്ജുണ്ടായിരുന്നു. ലഗൂണുകളുടെ സാന്നിധ്യത്താല്‍ മിക്കവാറും ദ്വീപുകളിലും തിരമാലകളില്ലാത്തതുകൊണ്ട് തന്നെ ഫ്ളോട്ടിങ് ബ്രിഡ്ജ് നിശ്ചലമായാണ് അവിടെ കടലില്‍ കിടക്കുക.
കവരത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ താമസത്തിന് കുറച്ചു കൂടി ചെലവ് കുറവാണ് അഗത്തിയില്‍. പ്രതിദിനം 500ല്‍ താഴെ രൂപയ്ക്ക് വരെ താമസസൗകര്യം ലഭിക്കും. ഡീസൽ ഉപയോഗിച്ചാണ് ദ്വീപില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതിനായി കിന്റൽ കണക്കിന് ഡീസലെത്തിയ ചെറിയ ബാര്‍ജ്ജും അഗത്തിയെത്തിയപ്പോള്‍ കണ്ടു. വൈദ്യുത പ്ലാന്റില്‍ പോയി ഡീസലില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്നതും കണ്ടു. അഗത്തിയിലെ ഏറ്റവും നല്ല കടല്‍കാഴ്ച കിട്ടുന്ന സ്ഥലം ലഗൂണ്‍ ബീച്ചാണ്. തൂവെള്ള മണല്‍ത്തീരത്തിന് അതിരിട്ട് മരതക പച്ചനിറമുള്ള തിരനിലച്ച കടല്‍ ആ വെള്ളാരം മണലിനാകെ ഒരു അഭൗമസൗന്ദര്യം നല്‍കിക്കൊണ്ടു പഴക്കം ചെന്ന കാറ്റാടി മരവും നിലകൊള്ളുന്നു. ആ മരത്തണലിലിരുന്ന വിശ്രമിക്കാന്‍ നിറയെ കസേരകളും അവിടവിടായി ഊഞ്ഞാലും കാണാം. ആ ഭംഗിയും നിശബ്ദതയും ആസ്വദിച്ച് കുറേയേറെ നേരം അവിടെ ചെലവഴിച്ചു.
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ
ആളൊഴിഞ്ഞ തിണ്ണകര

പിറ്റേ ദിവസം ബംഗാരം ലക്ഷ്യമിട്ടെങ്കിലും ബംഗാരത്തേയ്ക്ക് ബോട്ട് സര്‍വീസില്ല. ഫ്‌ളൈറ്റ് സമയം കണക്കാക്കി പാക്കേജ് ടൂറിലുള്‍പ്പെട്ടവര്‍ക്ക് ബംഗാരത്തിലെത്താന്‍ ദിവസവും ചെറിയ ബോട്ട് സര്‍വീസുണ്ട്. അതില്‍ സ്ഥലമുണ്ടായിരുന്നില്ല. ഈ സമയമാണ് ലക്ഷ്ദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളിലൊന്നായ തിണ്ണകരയില്‍ തൊഴില്‍ നഷ്ടപ്പെട്ട കുറെ മനുഷ്യര്‍ നീരാളിയെ പിടിച്ച് ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അവരെ പോയി കാണണമെന്ന് തീര്‍ച്ചപ്പെടുത്തിയെങ്കിലും അങ്ങോട്ടേയ്ക്ക് ബോട്ട് സര്‍വീസുണ്ടായിരുന്നില്ല. ഒടുവില്‍ പ്രദേശത്തെ ഞങ്ങളുടെ സുഹൃത്തായ മുത്തുകോയയുടെ സഹായത്താല്‍ ഒരു മത്സ്യബന്ധന ബോട്ട് തിണ്ണകരയിലേക്ക് പോകാനായി തരപ്പെടുത്തി. സ്പീഡ് വെസ്സലിലും കപ്പലിലും പോകുന്ന പോലെയായിരുന്നില്ല ഈ ബോട്ട് യാത്ര. വെള്ളത്തില്‍ കൈതൊടാം, കാലിടാം. കടലിനെ തൊട്ടും തലോടിയും യാത്ര ചെയ്യാം. ലൈഫ് ജാക്കറ്റൊന്നുമിടാത്ത ആ യാത്ര ഇന്നാലോചിക്കുമ്പോള്‍ എത്രമാത്രം റിസ്‌ക്കായിരുന്നു എന്ന് തിരിച്ചറിയുന്നുണ്ട്.

പലയിടങ്ങളില്‍ പലനിറമാണ് കടലിന് പക്ഷേ, ഒരിക്കലും നമ്മുടെ നാട്ടിലെ കടൽ പോലെ കലങ്ങിയ രൂപമല്ല. മരതക പച്ചനിറമോ, കടും നീലനിറമോ മയില്‍പ്പീലി നിറമോ ആയി പലയിടങ്ങലില്‍ പലനിറങ്ങളില്‍ ആ കടല്‍ നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും. ഉള്‍ക്കടലിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മുത്തുക്കോയ ചൂണ്ടയിട്ടുള്ള മീന്‍പിടിത്തത്തിലേക്ക് കടന്നു. ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ മീന്‍പിടിത്ത രീതിയാണ് ലക്ഷദ്വീപില്‍. ഇവര്‍ മീന്‍പിടിത്തത്തിന് വല ഉപയോഗിക്കില്ല. അതിനാല്‍ നമുക്കാവശ്യമില്ലാത്ത മീന്‍ കുഞ്ഞുങ്ങളൊ മറ്റ് കടല്‍ജീവികളോ കുടുങ്ങി കടല്‍ സമ്പത്തിനെ ബാധിക്കില്ല. ഒരു പ്രത്യേക തരം ചൂണ്ട ഉപയോഗിച്ചാണ് മീന്‍ പിടിക്കുക. ആ ചൂണ്ടയില്‍ ചൂര അഥവാ ട്യൂണ മീന്‍ മാത്രമേ കുടുങ്ങൂ എന്ന പ്രത്യേകതയുമുണ്ട്. ബോട്ടിന്റെ പിറകിലെ ഭാഗത്തിരുന്ന ഞങ്ങള്‍ കടലിലേക്ക് ചൂണ്ടയെറിഞ്ഞു. അഞ്ചു പത്ത് മീനുകളെ കിട്ടിയതോടെ മീന്‍പിടിത്തം നിര്‍ത്തി. പോകുംവഴി മണ്‍ത്തിട്ട മാത്രമുള്ള വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയ ചെറു ദ്വീപുകളും കാണാം. പറളി വണ്‍ പറളി 2 പറളി 3 എന്നിങ്ങനെ മൂന്ന് കുഞ്ഞ് ദ്വീപുകളില്‍ പറളി 1 പൂര്‍ണമായും മുങ്ങി. ഞങ്ങള്‍ പോകുംവഴി കണ്ടത് പറളി 2 ഉം 3 ഉം ആണെന്ന് മുത്തു കോയ പറഞ്ഞറിഞ്ഞു. ദ്വീപ് എന്ന് പറയാനാവാത്ത ചെറു തിട്ടകള്‍ മാത്രമാണവ.

ലക്ഷദ്വീപ് യാത്രയുടെ ഭാഗം ഒന്ന് വായിക്കാം
മുക്കാല്‍ മണിക്കൂര്‍ പോയതറിഞ്ഞില്ല. അങ്ങകലെ രണ്ട് ദ്വീപുകള്‍ കാണാം. ബംഗാരവും തിണ്ണകരയും. ബംഗാരത്തിലേക്ക് ബോട്ടാദ്യം അടുപ്പിക്കാതെ തിണ്ണകരയിലേക്ക് വെച്ചടുപ്പിച്ചു. വാര്‍ത്താ ശേഖരണത്തിനായി രണ്ട് പേരെ കാണാനുണ്ട് അവിടെ. ബോട്ട് കരക്കടുപ്പിക്കാത്തതിനാല്‍ 50 മീറ്റര്‍ അകലെ കടല്‍ വെള്ളത്തിലിറങ്ങി വെള്ളത്തിലൂടെ നടന്നാണ് തിണ്ണകര ദ്വീപിലെത്തിയത്. അരയ്ക്കു മേലെ വെള്ളമുള്ളതിനാല്‍ മോളെ തോളിലേറ്റിയാണ് കരയിലേക്ക് നടന്നത്. അടിത്തട്ടിലെ തരിമണി പോലും കാണുന്നത്ര തെളിമയായിരുന്നു തിണ്ണകരയിലെ വെള്ളത്തിന്. ദേഹമാകെ ഉപ്പുവെള്ളം കയറി നനഞ്ഞെങ്കിലും തിണ്ണകരയുടെ സൗന്ദര്യത്തില്‍ അതെല്ലാം മറന്നു. തിരയില്ലാത്ത കടലും അതിന് അതിരിട്ടു കൊണ്ടുള്ള പഞ്ചാരമണലും ചേര്‍ന്നുള്ള വിശുദ്ധ സൗന്ദര്യമാണ് തിണ്ണകര നല്‍കിയ ആദ്യ കാഴ്ച. ശാന്തമായ ആ ദ്വീപില്‍ അന്ന് രണ്ട് പേരാണുണ്ടായിരുന്നത്. നീരാളിയെ പിടിച്ച് ഉണക്കി വിറ്റ് ഉപജീവനം നടത്തുന്ന ചെറുപ്പക്കാരായ നിസ്സാമും റവൂഫും. പ്രഫുല്‍ ഗോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരാണവര്‍. ദ്വീപിലെ സാമ്പത്തിക പ്രതിസന്ധി കാരണം ആളുകളെല്ലാം മീന്‍ വാങ്ങല്‍ കുറച്ചതും മത്സ്യബന്ധന മേഖലയില്‍ നിന്നവരെ അകറ്റി. ജീവിക്കാനുള്ള ഏറ്റവും അവസാനത്തെ ശ്രമമെന്ന നിലയിലാണ് ആള്‍പ്പാര്‍പ്പില്ലാത്ത തിണ്ണകര ദ്വീപിലേക്ക് നിസ്സാമിനെയും റവൂഫിനെയും കൊണ്ടെത്തിച്ചത്. തെങ്ങ്‌ചെത്തിയുള്ള മീര കുടിച്ചും മീന്‍ കഴിച്ചും കഞ്ഞിവെച്ചും ഷെഡ്ഡ് കെട്ടിയും കഴിഞ്ഞ ആറുമാസമായി തിണ്ണകരയില്‍ ഇവര്‍ താമസിക്കുന്നു. നീരാളിയെ പിടിക്കുന്ന കോലു കൊണ്ടുവന്ന് കാണിച്ചു തന്നത് നിസ്സാമാണ്. രാത്രിയില്‍ കടലിനിടിയിലേക്ക് ഊളിയിട്ടാണ് നീരളിയെ പിടിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇവ കൈകാലുകള്‍ നീട്ടി മൂക്കിനുള്ളിലേക്ക് കടത്താന്‍ ശ്രമിക്കും അതില്‍ നീരാളി വിജയിച്ചാല്‍ പിന്നെ ജീവിതത്തിലേക്കൊരു തിരിച്ചുവരവില്ലെന്നാണ് നിസ്സാം പറഞ്ഞത്. അപകടകരമായ തൊഴിലാണ് നീരാളിപ്പിടിത്തം. തീരം നിറയെ ഇവര്‍ പിടിച്ച നീരാളിയെ ഉണക്കാനിട്ടിരിക്കുകയായിരുന്നു. കിലോയ്ക്ക് ആയിരം രൂപയ്ക്കാണ് ഇവര്‍ നീരാളിയിറച്ചി വില്‍ക്കുന്നത്.

കഥകളൊക്കെ കേട്ടിരിക്കുമ്പോള്‍ മകള്‍ നിതാര തീരത്ത് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു. തിരയില്ലാത്തിനാല്‍ തിരയെടുക്കുമെന്ന പേടിവേണ്ട. ദ്വീപിലെവിടെയും നായ്ക്കളില്ലാത്തതിനാല്‍ നായ കടിക്കുമെന്ന ഭയവും വേണ്ട. കുറ്റിക്കാടിനരികില്‍ പോലും പേടിക്കേണ്ട കാര്യമില്ല. ദ്വീപിൽ എവിടെയും പാമ്പിനെ പൊടിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ല. കപ്പലില്‍പെട്ട് ദ്വീപില്‍ ചില പാമ്പുകളൊക്കെ എത്തിപ്പെട്ടിരുന്നെങ്കിലും ഉടനടി തല്ലിക്കൊന്നതിനാല്‍ ആ പേടിവേണ്ട. തത്വത്തില്‍ ക്ഷുദ്രജീവികളില്ലെന്ന് സാരം. കുറ്റവാളികളില്ലാത്തതിനാല്‍ ജയിലില്‍ പോലും ആളില്ല. ഇന്ത്യയിലെ തന്നെ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവുള്ള ഇടമാണ് ലക്ഷദ്വീപ്. മക്കളെയും കൊണ്ട് ഇത്ര സ്വസ്ഥമായി അവരെ അവരുടെ പാടിന് വിട്ട് നടക്കാന്‍ ലക്ഷ്ദ്വീപിനോളം നല്ല സ്ഥലമുണ്ടോ എന്നു ചിന്തിച്ചു പോകും. സ്‌നേഹമുള്ള മനുഷ്യരാണ് ദ്വീപിലെങ്ങും. കാണുന്നവരൊക്കെ പിറ്റേന്ന് നമ്മെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരെ ക്ഷണിക്കുംവിധം സ്‌നേഹമുള്ള മനുഷ്യര്‍. മിക്ക ദിവസവും ആരുടെയൊക്കെയോ വീട്ടിലായിരുന്നു അത്താഴവും പ്രാതലും.
ആളൊഴിഞ്ഞ ദ്വീപുകളിലേക്ക് ഇനി അനുമതിയുണ്ടെങ്കില്‍ മാത്രമേ ദ്വീപുനിവാസികള്‍ക്ക് പ്രവേശിക്കാനാവൂ എന്ന പുതിയ പരിഷ്‌കാരം വന്നു. നിസ്സാമിന്റെയും റവൂഫിന്റെയും നീരാളി പിടിത്തത്തെയും ഇത് ബാധിച്ചിട്ടുണ്ടാവണം. പല ഭരണപരിഷ്കാരങ്ങളിലും പെട്ട് അതിജീവിക്കാനുള്ള അവരുടെ തത്രപ്പാടുകളും അഗത്തി യാത്രയില്‍ കാണാനായി. അഗത്തിയിലെ ആശുപത്രി ഏതാനും കൊല്ലം മുമ്പ് വരെ ദ്വീപിലുള്ളവരെ സംബന്ധിച്ച് മികച്ച ചികിത്സാസൗകര്യം കിട്ടുന്ന ഇടമായിരുന്നു. എന്നാല്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഈ ആശുപത്രിയെയും ക്ഷയിപ്പിച്ചു. പല രോഗങ്ങള്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്ത പ്രേതാലയം കണക്കെ ആളൊഴിഞ്ഞ ഇടമായാണ് ആശുപത്രി അനുഭവപ്പെട്ടത്. രോഗികളില്‍ പലരും അവരുടെ വിഷമതകള്‍ കരയില്‍ നിന്ന വന്നവരോട് പങ്കുവെക്കുകയും ചെയ്തു.

തിണ്ണകരയില്‍ ഏതാനും മണിക്കൂറുകള്‍ ചിലവഴിച്ചു ബോട്ടില്‍ കയറി ബംഗാരത്തിലേക്ക് വെച്ചു പിടിച്ചു. അരക്കിലോമീറ്റര്‍ പോലും ദൂരമില്ല തിണ്ണകരയില്‍ നിന്ന ബംഗാരത്തിലേക്ക്. അഞ്ചു മിനുട്ടു കൊണ്ടെത്തും. എങ്കിലും ബോട്ടില്‍ കയറണം. ബോട്ടിലെത്തിയതും സ്രാങ്കും കൂട്ടരും ഊണ്‍ തയ്യാറാക്കിയിരുന്നു. ലക്ഷദ്വീപിലെ തനത് വിഭവമായ തേങ്ങാച്ചോറായിരുന്നു ഭക്ഷണം. തേങ്ങാപ്പാലിലിട്ടോ തേങ്ങയരച്ച വെള്ളത്തിലിട്ട്് വേവിച്ചോ ആണ് തേങ്ങാച്ചറുണ്ടാക്കുന്നത്. ഞങ്ങള്‍ പിടിച്ച ചൂരമീനിനെ ചട്ടിയിലാക്കി നല്ല ചുവന്ന മുളഗീഷനും ഉണ്ടാക്കയിരുന്നു സ്രാങ്ക്്. ഭക്ഷണ സേഷം നേരെ ബംഗാരത്തിലേക്ക് വിട്ടു. ഇളം പച്ചനിറമായിരുന്നു തിണ്ണകരയിലെ വെള്ളത്തിന്റെ നിറമെങ്കില്‍ ബംഗാരത്തിലെത്തിയപ്പോള്‍ കരിമ്പച്ച കലര്‍ന്ന നീലനിറമായിരുന്നു ലക്ഷ്വദ്വീപിലെ ലക്ഷ്വറി ഹട്‌സും റിസോര്‍ട്ടുകളുമുള്ള ഇടമാണ് ബംഗാരം. ടാറ്റയുടെ വലിയൊരു ഹോട്ടല്‍ ബംഗാരത്തിലൊരുങ്ങുന്നുണ്ട്. നീന്തലിനും സ്‌കൂബയ്ക്കും സ്‌നോര്‍ക്കലിങ്ങിനുമെല്ലാം പറ്റിയ ഏറ്റവും ഭംഗിയും വൃത്തിയും ഉള്ള ഇടമാണ് ബംഗാരം. ഇവിടുത്തെ ലഗൂണും അത്യാവശ്യം വലുതായതിനാല്‍ കടലില്‍ നീന്താന്‍ താത്പര്യമുള്ളവര്‍ക്കും ബംഗാരം യാത്ര മികച്ച അനുഭവമാവും. ക്രൂയിസ് ഷിപ്പിലെ യാത്രയെല്ലാം ബംഗാരത്തിലേക്കാണെത്തുന്നത്.

ലക്ഷദ്വീപ് യാത്രയുടെ ഭാഗം രണ്ട് വായിക്കാം
നേരെ അവിടെ നിന്ന് അഗത്തിയിലേക്ക മടക്കം. ജീവിതത്തിലെ ഏറ്റവും അപൂര്‍വ്വമായ അനുഭവമായിരുന്നു മത്സ്യബന്ധന ബോട്ടില്‍ കയറി ആളൊഴിഞ്ഞ ദ്വീപിലേക്കുള്ള യാത്ര. ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ 10 എണ്ണത്തിലേ ആള്‍ത്താമസമുള്ളൂ. തിണ്ണകരയും ബംഗാരവുമെല്ലാം ആള്‍ത്താമസമില്ലാത്തവയുടെ പട്ടികയിലാണ്. എന്നാല്‍ റിസോര്‍ട്ടുകളുടെ വളര്‍ച്ചയും ടൂറിസവും ബംഗാരത്തെ ആള്‍ത്താമസമുള്ളവയുടെ ഗണത്തിലേക്ക്‌പ്പെടുത്തിയിട്ടുണ്ട്. ബംഗാരത്തിലെ ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷദ്വീപിനെ സാമ്പത്തികമായി മെച്ചപ്പെടുത്തുമെങ്കിലും തദ്ദേശീയരായ മനുഷ്യരെ പുറംതള്ളിയുള്ള രീതിയാണ് നിലവില്‍ അവിടുത്തെ ഭരണാധികാരികള്‍ പിന്തുടരുന്നത്. ഒട്ടേറെ തദ്ദേശീയര്‍ക്ക് ബംഗാരത്തില്‍ ഭൂമിയും കുടിലുമുണ്ട്. അതില്‍ പലതും ചോദ്യമോ പറച്ചിലോ ഇല്ലാതെ പൊളിച്ചാണ് അവിടെ റിസോര്‍ട്ടുകളില്‍ പലതും ഉയരുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തില്‍ പല ഭരണപരിഷകാരങ്ങളിലും പെട്ട് അതിജീവിക്കാനുള്ള ദ്വീപുകാരുടെ തത്രപ്പാടുകളും ആ യാത്രയില്‍ കാണാനായി.

ലക്ഷദ്വീപിലെ ആരോഗ്യമേഖലയിലെ മനുഷ്യരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു അഗത്തിയിലേക്കുള്ള യാത്ര എന്നതിനാല്‍ തന്നെ ദ്വീപിലെ മനോഹര ദൃശ്യങ്ങള്‍ക്കു മുകളിലേക്ക് അവരുടെ സങ്കടങ്ങള്‍ പെയ്തിറങ്ങി. തേങ്ങ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സകിട്ടാതെ കൊച്ചിയിലേക്ക് എയര്‍ ആംബുന്‍സില്‍ പോയ ഒന്നര വയസ്സുകാരനും എയര്‍ ആംബുലന്‍സ് കിട്ടാതെയും മികച്ച ചികിത്സ കിട്ടാതെയും മരണപ്പെട്ട ബദറുദ്ദീന്റെ കുടുംബത്തിന്റെ ദയനീയതയിലും ആ യാത്രയിലെ ആനന്ദങ്ങളെല്ലാം വിറങ്ങലിച്ചില്ലാതായ പോലെ തോന്നി.





+25
Content Highlights: agatti bangaram thinnakara lakshadweep travel national tourism day
Published: 25 Jan 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented