
അഹമ്മദാബാദ്: തുഴഞ്ഞ് തളര്‍ന്നുവന്ന് മേഘ പ്രദീപ് വിളിക്കുമ്പോള്‍ അമ്മ ശ്രീകല പൂജാമുറിയിലായിരുന്നു. കാലത്ത് മകളുടെ സ്വരമൊന്ന് പതറിയെന്ന് തോന്നിയപ്പോള്‍ തുടങ്ങിയ പ്രാര്‍ഥനയാണ്. ഫോണ്‍ എടുത്ത് 'അമ്മേ... ഗോള്‍ഡാ'ണെന്ന മകളുടെ വാക്ക് കേട്ടതും ഒറ്റക്കരച്ചില്‍. പിന്നെ കുറേനേരം വാക്കൊന്നും വന്നുമില്ല. 200 മീറ്റര്‍ കനോ സിംഗിളിലായിരുന്നു മേഘയുടെ രണ്ടാം സ്വര്‍ണം. ആദ്യത്തേത് 500 മീറ്റര്‍ ഡബിള്‍സില്‍ അക്ഷയ സുനിലിനൊപ്പവും.
ഒന്നാന്തരം പോരാട്ടത്തിലൂടെ 200 മീറ്റര്‍ കയാക്ക് സിംഗിളില്‍ ഒന്നാമതെത്തി ഗോള്‍ഡണ്‍ ഡബിള്‍ തികച്ച് പാര്‍വതി വിളിക്കുമ്പോള്‍ അച്ഛന്‍ സജീവ് ശിക്കാരയില്‍ കയറാതെ പുന്നമട കാവുങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ തൊഴാനുള്ള ഒരുക്കത്തിലായിരുന്നു. എന്തൊക്കെയോ വഴിപാടുകള്‍ നേര്‍ന്നിരുന്നു മകളുടെപേരില്‍. സ്വര്‍ണം നേടിയവിവരം വിളിച്ചുപറഞ്ഞു കഴിഞ്ഞപ്പോള്‍ പാര്‍വതിക്കൊരു സംശയം. അച്ഛന്‍ കരയുന്നുണ്ടോ? സ്വരമൊക്കെ പെട്ടന്ന് മാറിയല്ലോ. 500 മീറ്റര്‍ കയാക്ക് ഫോറിലായിരുന്നു പാര്‍വതിയുടെ ആദ്യ സ്വര്‍ണം. കഴിഞ്ഞ കുറച്ചുദിവസമായി കുട്ടനാട്ടില്‍ ഇങ്ങനെ കരച്ചിലും സന്തോഷവും ഒരുപോലെ ഓളംതല്ലുകയാണ്.
ദേശീയ ഗെയിംസില്‍ കേരളത്തിന് അഭിമാനനേട്ടം സമ്മാനിച്ചവര്‍ കുട്ടനാടിനെപ്പോലെ വേറെയില്ല. കള്ളും കരിമീനും പുഞ്ചയും മാത്രമല്ല, ചേറില്‍ നിന്ന് നല്ല പത്തരമാറ്റ് കനകവും വാരാനറിയാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ഈ കുട്ടനാടന്‍ പെണ്‍കുട്ടികള്‍. കനോയിങ്ങില്‍ ഇരട്ടസ്വര്‍ണം നേടിയ മേഘ പ്രദീപും ജി. പാര്‍വതിയും കനോയിങ്ങില്‍ സ്വര്‍ണം നേടിയ അക്ഷയ സുനില്‍, റോവിങ്ങില്‍ ഇരട്ടസ്വര്‍ണം നേടിയ കെ.വി. വര്‍ഷയും വി. മീനാക്ഷിയും എല്ലാവരും കുട്ടനാട്ടുകാര്‍. ഇവര്‍ക്കുപുറമെ സര്‍വീസസിനുവേണ്ടിയും ഒരു കുട്ടനാട്ടുകാരന്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 200 മീറ്റര്‍ സ്പ്രിന്റ് കയാക്കിലെ ജേതാവ് വിഷ്ണു രഘുനാഥ്. കുട്ടനാട്ടുകാരല്ലെങ്കിലും മെഡല്‍ നേടിയ ആലപ്പുഴക്കാര്‍ വേറെയുമുണ്ട്. 500 മീറ്റര്‍ കയാക്ക് ഫോറില്‍ സ്വര്‍ണം നേടിയ ട്രീസ ജേക്കബ് ചേര്‍ത്തലക്കാരിയാണ്. റോവിങ് എയ്റ്റില്‍ സ്വര്‍ണംനേടിയ ആര്യ ഡി നായര്‍ മണ്ണഞ്ചേരിക്കാരിയും.
Content Highlights: national games 2022, national games, sports news, kayaking, canoeing, national games kerala
Published: 12 Oct 2022, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented