അഹമ്മദാബാദ്: 37-ാം ദേശീയ ഗെയിംസിന് ഗോവ വേദിയാകുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. അടുത്ത വര്‍ഷം ഒക്ടോബറിലായിരിക്കും മത്സരങ്ങള്‍. ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കേണ്ട ഏഷ്യന്‍ ഗെയിംസിന്റെ തീയതി സംബന്ധിച്ച അന്തിമതീരുമാനം വന്നതിനുശേഷമായിരിക്കും അടുത്ത വര്‍ഷത്തെ ദേശീയ ഗെയിംസിന്റെ തീയതിയും അന്തിമമായി നിശ്ചയിക്കുക.

To advertise here,

ഗെയിംസ് നടത്താന്‍ ഗോവ സന്നദ്ധത അറിയിച്ചതായി ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത വെളിപ്പെടുത്തി. സൂറത്തില്‍ ഒക്‌ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന ഗുജറാത്ത് ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ വച്ച് ഗെയിംസ് പതാക ഗോവ സംഘത്തിന് കൈമാറും.

2015-ല്‍ കേരളം ആതിഥേയത്വം വഹിച്ച ഗെയിംസിനുശേഷം ഗോവയായിരുന്നു ഗെയിംസ് നടത്തേണ്ടിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുളള പ്രശ്നങ്ങള്‍ കാരണം അത് നീണ്ടുപോയി. അതിനിടെ കോവിഡ് കൂടി വന്നതോടെ ഗെയിംസിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് ഈ വര്‍ഷം ഗെയിംസ് നടത്താമെന്ന് ഗുജറാത്ത് സന്നദ്ധത അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ ഗോവ വീണ്ടും ഗെയിംസിന് സന്നദ്ധരാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തുവരികയായിരുന്നു.