അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനതാരം മീരാബായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ താരം അനായാസം വിജയം നേടി. ഒളിമ്പിക്‌സില്‍ വെള്ളി മെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയ ചാനു ആകെ 191 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം നേടിയത്. 

To advertise here,

സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 107 കിലോ ഉയര്‍ത്തി മണിപ്പൂരിനുവേണ്ടി സ്വര്‍ണമുറപ്പിച്ചു. 187 കിലോ ഉയര്‍ത്തിയ മണിപ്പൂരിന്റെ തന്നെ സഞ്ജിത ചാനു ഈ ഇനത്തില്‍ വെള്ളി നേടിയപ്പോള്‍ 169 കിലോ ഉയര്‍ത്തിയ ഒഡിഷയുടെ സ്‌നേഹ സോറന്‍ വെങ്കലം സ്വന്തമാക്കി. 

ചാനുവിന്റെ രണ്ടാം ദേശീയ ഗെയിംസ് സ്വര്‍ണമാണിത്. 2015-ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിലും താരം സ്വര്‍ണം നേടിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് ചാനു.