
അമ്മയ്ക്കായി അക്ഷരങ്ങളാൽ തീർത്തൊരു സ്മാരകം. മനസ്സുകളിലും നാട്ടുവഴികളിലും അറിവിന്റെ പ്രകാശംപരക്കാൻ മനോഹരമായ ഒരു സാംസ്കാരികകേന്ദ്രം. മുയിപ്പോത്തെ റിട്ട. അധ്യാപകദമ്പതിമാരായ കെ.വി. ശശിയും വി.ആർ. ഷൈലജയും തങ്ങളുടെ സ്നേഹോപഹാരമായി നാടിന് സമർപ്പിച്ചിരിക്കുകയാണ് ഈ കേന്ദ്രം.
അമ്മ ദേവകി കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് മക്കളെയൊക്കെ വിദ്യാഭ്യാസം ചെയ്യിച്ചത്. അമ്മയുടേതായി കിട്ടിയ സ്ഥലത്ത് അവരുടെ ഓർമയ്ക്കായി സ്മാരകമൊരുക്കുമ്പോൾ സമൂഹത്തിന് അറിവുപകരുന്നതാകണമെന്ന താത്പര്യത്തിലാണ് ഇത്തരമൊരു ‘കുടുംബ വായനശാല’ ഒരുക്കിയതെന്ന് കെ.വി. ശശി പറഞ്ഞു.
പുസ്തകങ്ങളും വായനശാലയുമാണ് സമൂഹത്തിനുള്ള തങ്ങളുടെ നിക്ഷേപമെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണിവർ. ലക്ഷങ്ങൾ വിലവരുന്ന സ്ഥലത്ത് പത്തുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ‘എഴുത്തും വായനയും’ എന്നപേരിൽ ഒരു സാംസ്കാരികനിലയം ഒരുക്കിയത്. പൊതു ഇടങ്ങൾ നാടിന് എത്രതന്നെ പ്രധാനമാണെന്ന് ഇതിനൊപ്പം ഇവർ ഓർമിപ്പിക്കുന്നു.
കെ.വി. ശശി മാഷ് പ്രധാനാധ്യാപകനായി ജോലിചെയ്തിരുന്ന പൈങ്ങോട്ടായി ജി.എൽ.പി. സ്കൂളിലുമുണ്ടായിരുന്നു കുട്ടികൾക്കായി ഒരു ലൈബ്രറി. വിരമിച്ചശേഷം, നാടിനും അങ്ങനെയൊരു ലൈബ്രറി വേണമെന്ന ആഗ്രഹത്തിൽ, സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലംതന്നെ അതിനായി ഉപയോഗിക്കാൻ മാഷ് തീരുമാനിക്കുകയായിരുന്നു. ഷൈലജ ടീച്ചറും മക്കളായ ഖത്തറിലുള്ള ശ്രീപ്രസാദും അയർലൻഡിലുള്ള ലെനീഷും അതിനൊപ്പം നിന്നതോടെ ആ സ്വപ്നം വേഗം യാഥാർഥ്യമായി. സതീശൻ പൈങ്ങോട്ടായിയുടെ രൂപകല്പനയിൽ അത് കൂടുതൽ ആകർഷകമായി. കേന്ദ്രം നാടിനായി സമർപ്പിക്കാൻ സാഹിത്യകാരനായ എം. മുകുന്ദനുമെത്തി.
നേരത്തേതന്നെ നാട്ടിൽ കെ.വി. ശശിയും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ജനകീയസാംസ്കാരികവേദിക്ക് രൂപംനൽകി പ്രവർത്തിച്ചിരുന്നു. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരുടെയെല്ലാം കൂട്ടായ്മയായിരുന്നു അത്. വീട്ടുമുറ്റങ്ങളെ അവർ സാഹിത്യചർച്ചകളാലും സംഗീതവിരുന്നുകളാലും സംവാദാത്മകമാക്കി. അതിന്റെ തുടർച്ചയായിട്ടായിരുന്നു സാംസ്കാരികകേന്ദ്രമെന്ന സ്വപ്നം. ആഴ്ചയിൽ മൂന്നുദിവസം വൈകീട്ട് പുസ്തകങ്ങൾ നൽകാൻ ലൈബ്രറിയിൽ മാഷും ടീച്ചറുമെത്തും. 3000-ത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. വനിതാപ്രവർത്തകർ വീടുകളിൽ പുസ്തകമെത്തിച്ചും നൽകുന്നു.
കുട്ടികളുടെ പഠനത്തിനും ഗവേഷണത്തിനുമൊക്കെയുള്ള ഒരു കേന്ദ്രമായി വളർത്തിയെടുക്കുകയാണ് അണിയറപ്രവർത്തകരുടെ സ്വപ്നം. കോഴിക്കോട് സാംസ്കാരികവേദിയുടെ സെക്രട്ടറികൂടിയാണ് ഇദ്ദേഹം.
Content Highlights: library built for mother, mothers day, tribute to mother
Published: 07 May 2022, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented