അതൊരു കാലമായിരുന്നു, സങ്കടപ്പെരുമഴയില്‍ ജീവിതമാകെ നനഞ്ഞുകുതിര്‍ന്ന കാലം. ഞാന്‍ അമ്മയായ നാള്‍. 
ഏതൊരു സ്ത്രീയേയും പോലെ കുഞ്ഞിന്റെ കടന്നുവരവിനായി ദിവസമെണ്ണി കഴിയുകയായിരുന്നു ഞങ്ങള്‍, ആഹ്ലാദത്തിന്റെ, ആഘോഷത്തിന്റെ മാസങ്ങള്‍. പുതിയൊരാളെ സ്വീകരിക്കാന്‍ ഞങ്ങളെല്ലാ തരത്തിലും ഒരുങ്ങി. അനാരോഗ്യത്തിന്റെ, അപകടത്തിന്റെ അടയാളങ്ങളൊന്നും തന്നെ ഏഴയലത്തു പോലുമില്ലായിരുന്നു. ഓരോ പരിശോധനക്കപ്പുറവും വളര്‍ച്ച തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. സുഖ പ്രസവമായിരുന്നു. പക്ഷെ പ്രസവിച്ച കുഞ്ഞിനെ കണ്‍നിറയെയൊന്ന് കാണാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നു. അവനുവേണ്ടിയുള്ള പ്രാര്‍ത്ഥന. ജീവിതത്തിലിന്നോളം അത്രയധികം കരഞ്ഞതും ഈശ്വരനെ വിളിച്ചതുമായ നിമിഷം ഉണ്ടായിട്ടില്ല. അന്ന് വേദനക്കാശ്വാസമായി എനിക്ക് നല്‍കിയ മരുന്നുകളൊന്നും ഫലംകണ്ടില്ല. കരഞ്ഞുതളര്‍ന്നു. മയക്കത്തിനിടയില്‍പോലും മകന്റെ മുഖം തെളിഞ്ഞു വന്നു. അന്നനുഭവിച്ച വേദന ഇന്ന് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ എനിക്കാകില്ല. സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് ജീവിതം പലപ്പോഴും നല്‍കുന്നതെന്ന് എനിക്കിന്നറിയാം.

To advertise here,

ലാലേട്ടന്‍- ജോഷിസാര്‍ ചിത്രം 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' കഴിഞ്ഞാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. അവിടെവെച്ചാണ് മകന്‍ പിറക്കുന്നത്. പ്രസവത്തിന് തൊട്ടുമുന്‍പ് വരെ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് കാര്യങ്ങള്‍ താളംതെറ്റുന്നത്. ഡെലിവറി കഴിഞ്ഞ് മകനെ കയ്യിലേക്ക് തന്നില്ല. രണ്ട് സെക്കന്റ് മാത്രമാണ് കാണിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുമുമ്പേ അവനേയും കൊണ്ട് ഡോക്ടര്‍മാര്‍ നടന്നകന്നു. ആറു മണിക്കൂറിനുശേഷമാണ് അപകടനിലയെക്കുറിച്ച് വിശദീകരിച്ചത്.

പേപ്പറില്‍ ഹൃദയത്തിന്റെ ചിത്രം വരച്ച് ഡോക്ടര്‍മാര്‍ പ്രശ്‌നങ്ങള്‍ അടയാളപ്പെടുത്തി. ഹൃദയ തകരാറോടെയാണ് മകന്‍ ജനിച്ചുവീണത്. നല്ല രക്തവും ചീത്തരക്തവും കൂടിക്കലരുന്ന അപൂ
ര്‍വ അവസ്ഥ. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പ്. രക്ഷപ്പെടാന്‍ ഒരുപാട് കടമ്പകള്‍ താണ്ടണമെന്ന ബോധം ഞങ്ങളെ ഒന്നടങ്കം മാനസികമായി തളര്‍ത്തി. ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു പിന്നീട്.
പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ, വേദനയും സങ്കടവും താങ്ങാന്‍ കഴിയുന്നതിനപ്പുറത്തായി. മകനെ കാണാന്‍ ഞാന്‍ വാശിപിടിച്ചു. അപ്പോഴേക്കും കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. സ്വപ്‌നങ്ങള്‍ തകര്‍ന്നുപോയി, മകനടുത്തെത്തണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു, ഒടുവില്‍ അവരെന്റെ വാശിക്കു വഴങ്ങി.

ശരീരം തുന്നിക്കെട്ടിയ വേദനയെല്ലാം മറന്ന് ഞാന്‍ മകനെ കാണാന്‍ നീങ്ങി. ഒരു പാട് യന്ത്രങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്ന മകനെ കണ്ടു. ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ആ കാഴ്ച ഇന്നും എന്റെ കണ്ണിലുണ്ട്. നിറകണ്ണുകളോടെ ഞാന്‍ കുറച്ചുനേരം നോക്കിയിരുന്നു. ഞാന്‍ തിരിച്ചുവരും അമ്മേയെന്ന്.., അവന്‍ പറയുന്ന ഒരു ഫീല്‍ എന്നിലേക്കൊഴുകിയെത്തി. ആ കാഴ്ചയാണ്,പിന്നീട് നാല്‍പ്പത്തി രണ്ട് ദിവസത്തെ കാത്തിരിപ്പിന് കരുത്ത് പകര്‍ന്നത്.

ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍. അന്ന് കണ്ണീരൊഴുക്കി കൈകൂപ്പിയ അത്രയും പിന്നീടൊരിക്കലും ഒന്നിനുവേണ്ടിയും പ്രാര്‍ത്ഥിച്ചിട്ടില്ല. മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്. ഋഷിയുടെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്. സമാനതകളില്ലാത്തതായിരുന്നു അവന്റെ ബാല്യം. സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ ശരീരത്തില്‍ കുറവായിരുന്നു. ആസ്പത്രിവിട്ട് വീട്ടിലെത്തിയശേഷവും പ്രയാസങ്ങള്‍ വിട്ടുപോയില്ല. മേലാസകലം തുന്നലുമായി ലഭിച്ച കുഞ്ഞിനെ സാധാരണകുട്ടികളെ എടുക്കുന്ന പോലെ വാരിയെടുക്കാനോ ഓമനിക്കാനോ കഴിഞ്ഞില്ല.

ഇന്നവന്റെ വളര്‍ച്ച ആഹ്ലാദത്തോടെയാണ് കാണുന്നത്.മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുവളരുന്നു . വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകും. ശാരീരികപ്രയാസങ്ങളൊന്നുമില്ല. ഋഷിക്ക് രണ്ടരവയസ്സാകുമ്പോള്‍ അവനുവേണ്ടിയാണ് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. നാടും നാട്ടാചാരങ്ങളും സംസ്‌കാരവുമെല്ലാം അറിഞ്ഞു തന്നെ ഋഷി വളരണമെന്ന തീരുമാനമായിരുന്നു അതിനുപിന്നില്‍. സ്‌കൈപ്പും യൂട്യൂബും മാത്രം പോരാ. ഞങ്ങളുടെ തിരക്കുകളില്‍ അവന് മുത്തശ്ശിക്കഥകള്‍ നഷ്ടപ്പെട്ടുകൂടായെന്ന് നിര്‍ബന്ധമായിരുന്നു. ആ തീരുമാനം ഏറ്റവുമധികം ഋഷിയെ സന്തോഷിപ്പിച്ചു.ഇന്ന് ഞങ്ങള്‍ ചെന്നൈയിലുണ്ട്.

മകനെ അമിതമായി സ്‌നേഹിക്കുന്ന, അവനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന അമ്മയാണ് ഞാന്‍. അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിനല്‍കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ. മക്കളെ സമ്മര്‍ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നല്‍കാന്‍ കഴിയാവുന്നത്ര ശ്രമിക്കുന്നു, ഉറങ്ങാന്‍ കഥപറഞ്ഞു കൊടുക്കുന്നു. ഉമ്മ നല്‍കിയാണ് ഉണര്‍ത്തുന്നത്. ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കുമാത്രമായൊരു കെമിസ്ട്രി ശക്തമാണ്.

ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പാള്‍ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചുകൊണ്ടവന്‍ പറയുമ്പോള്‍ എനിക്കത് അഭിമാനത്തിന്റെ നിമിഷമാണ്. എന്റെ അഭിനയം, സിനിമ, മോഡലിങ് . എല്ലാത്തിനും അവന്‍ കൂട്ടുണ്ട്. എന്റെയും മകന്റെയും സ്‌നേഹത്തിന്റെ അടയാളമാണ് വലുതുകയ്യിലെ ഈ ടാറ്റു. ജീവിതാവസാനം വരെ അതെനിക്കൊപ്പമുണ്ടാകും.
സ്വന്തം നാട്ടില്‍ കടല്‍ കണ്ട്, കഥകള്‍കേട്ട് സായി ഋഷി വളരുന്നു. ഒന്നുമാകാന്‍ ഞാനവനെ നിര്‍ബന്ധിക്കാറില്ല, ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ എന്നും ചേര്‍ത്തുനിര്‍ത്തുന്നു.അത്രമാത്രം

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്