മോഹൻലാലിന് ഇന്ന് പിറന്നാൾ
മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് 'ഋതുമര്‍മരങ്ങള്‍.' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പില്‍ നിന്നും ഒരു അധ്യായം.
പതിനേഴാം വയസ്സില്‍ അഭിനയരംഗത്തു വന്നയാളാണ് ഞാന്‍. ഒരുപാടു വേഷങ്ങള്‍ കെട്ടിയാടി. സ്വപ്നത്തില്‍പ്പോലും കാണാത്ത ഭാവങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറി. പുരസ്കാരങ്ങള്‍ പലതും വന്നു. ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി. പരസഹസ്രം അനുഭവങ്ങളിലൂടെ കടന്നുപോയി. ഇപ്പോഴും വേഷങ്ങളില്‍നിന്ന് വേഷങ്ങളിലേക്ക് യാത്ര തുടരുന്നു. അപ്പോഴും എനിക്ക് പൂര്‍ണ്ണമായി തീര്പ്പില്ലാത്ത ഒരു കാര്യമുണ്ട്. അഭിനയം തന്നെയാണോ എന്റെ മേഖല? എനിക്കത് ശരിയായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ? ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
അഭിനയത്തെപ്പറ്റി നാളിതുവരെയായി നിരവധി ചോദ്യങ്ങള്‍ പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ഇരുവര്‍ എന്ന സിനിമയില്‍ എം.ജി.ആര്. ആയി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയശരീരത്തിലേക്ക് ലാല്‍ ഒരു പകര്‍ന്നാട്ടം നടത്തുകയായിരുന്നോ എന്ന് എപ്പോഴും നിരീക്ഷകര്‍ ചോദിക്കാറുണ്ട്. കഥാപാത്രങ്ങളുടെ തന്മയീഭാവത്തെപ്പറ്റി ചോദിക്കാറുണ്ട്.
ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് കൃത്യമായി ഉത്തരം പറയാന്‍ സാധിക്കാറില്ല. വേര്‍തിരിച്ചു വിശദീകരിക്കാനും അറിയില്ല. എം.ജി.ആറിനെ ഒരു തവണ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. അയിത്തം എന്ന സിനിമയുടെ പൂജാസമയത്ത് അദ്ദേഹം വന്നിട്ടുണ്ടായിരുന്നു. തിളങ്ങുന്ന ഒരു മനുഷ്യന്. വലിയ മാനങ്ങളുള്ള ഒരു റോള്‍ ആണ് ഞാന്‍ ചെയ്യുന്നത് എന്ന ബോദ്ധ്യം ഇരുവറില്‍ അഭിനയിക്കുമ്പോള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അത് അകത്തുകിടന്ന് എന്തൊക്കെയോ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവണം.
ജീവിതത്തെയും വ്യക്തികളെയും നിരീക്ഷിക്കാറുണ്ട് എന്ന് പല നടന്മാരും പറഞ്ഞുകേള്‍ക്കാറുണ്ട്. ഞാന്‍ അങ്ങനെയൊന്നും ചെയ്യാറില്ല. അങ്ങനെയൊന്നും ഹോംവര്‍ക്ക് ചെയ്ത് എനിക്ക് അഭിനയിക്കാന്‍ സാധിക്കില്ല. തന്മാത്ര കണ്ടിട്ട് പലരും ചോദിച്ചു. അല്‍ഷിമേഴ്സ് രോഗിയെ നിരീക്ഷിച്ചിരുന്നോ എന്ന്. അങ്ങനെ സാങ്കേതികമായി പഠിച്ചുറപ്പിച്ച് അഭിനയിക്കാന്‍ സാധിക്കുന്നവരുണ്ടാവാം. എനിക്കിന്നേവരെ അങ്ങനെ സാധിച്ചിട്ടില്ല. എന്റെയുള്ളില്‍ കഥാപാത്രത്തിന്റെ ഒരു മൂഡും പശ്ചാത്തലവും മാത്രമേ ഉണ്ടാവാറുള്ളൂ. അതും അവ്യക്തമായിട്ട്. പിന്നെയെല്ലാം എന്തോ ഭാഗ്യത്തിനങ്ങ് സംഭവിക്കുന്നു. ഒന്നിന്റെയും വ്യാകരണങ്ങള്‍ അറിയാത്ത ഒരാളാണ് ഞാന്‍. ഏതൊക്കെയോ സുകൃതങ്ങള്‍കൊണ്ട് എല്ലാം നടന്നുപോകുന്നു എന്ന് കരുതുന്നവന്. ഒരു നടനെന്ന നിലയില്‍ സ്നേഹിക്കപ്പെടുന്നതിനൊപ്പം ഏറെ വിമര്‍ശിക്കപ്പെടുന്ന ഒരാള്‍ കൂടിയാണ് ഞാന്‍. കാമ്പുള്ള വിമര്‍ശനങ്ങളെ എനിക്ക് തിരിച്ചറിയാന്‍ സാധിക്കാറുണ്ട്. അവയെ അംഗീകരിക്കുകയും സ്വയം തിരുത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ എനിക്കു നേരേ വരുന്ന വിമര്‍ശനങ്ങളില്‍ മുഖ്യപങ്കും സര്‍ഗ്ഗാത്മകമല്ല. നല്ല ചിന്തയില്നിന്നുണ്ടാവുന്നതല്ല. അപ്പോള്‍ ഞാന്‍ അവയെ അവഗണിക്കുന്നു. ഓഷോയുടെ പ്രസിദ്ധമായ ഒരു വാക്യം ഓര്‍ക്കുന്നു: 'I like gossips more than the gospels.'
ഞാന്‍ വലിയ സമ്പന്നനാണെന്നും ധൂര്‍ത്തനാണെന്നും പണത്തിന് ആര്ത്തിയുള്ളവനാണ് എന്നുമാണ് ഒരു പ്രധാന ആരോപണം. പെരുപ്പിച്ചു പറയുന്നത്ര വലിയ സമ്പത്തൊന്നുമില്ലെങ്കിലും ചെറിയ തോതില്‍ സമ്പത്തുണ്ട്. ഇത്രയും കാലത്തെ എന്റെ അദ്ധ്വാനത്തിന്റെ സമ്പാദ്യമാണത്. പിന്നെ തെറ്റിദ്ധാരണ ധാരാളമുണ്ട്. പലരും എന്നോട് ചോദിക്കാറുണ്ട്, 'കണ്ണന് ദേവന് നിങ്ങളുടേതാണോ, അതില്‍ ഷെയറുണ്ടോ, പങ്കജകസ്തൂരി നിങ്ങളുടേതാണോ?' എന്നൊക്കെ. പല സ്ഥലത്തും ആളുകള്‍ പറയുന്നുണ്ട്, ആ സ്ഥലം മോഹന്‍ലാല്‍ വാങ്ങിയതാണ്, ഈ വീട് മോഹന്‍ലാലിന്റേതാണ് എന്നൊക്കെ. അങ്ങനെയൊന്നുമില്ല.
ഈ അടുത്ത കാലത്താണ് ഞാന്‍ പണം കൃത്യമായി സ്വരൂപിക്കാന്‍ തുടങ്ങിയത്. എന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഞാന്‍ സിനിമയില്‍ത്തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ലാഭത്തിലധികം നഷ്ടമുണ്ടായിട്ടുണ്ട്. കോടിക്കണക്കിനു രൂപ. സിനിമയില്‍ പണം നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ല.
മറ്റൊരു കാര്യം, ജീവിതത്തില്‍ ഞാന്‍ അത്ര കൃത്യമായ പ്ലാനിങ് ഉള്ള ആളല്ല. ഈ അടുത്ത കാലംവരെ പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍പ്പോലും ചിട്ടയായ ഒരു ഡ്രസ്കോഡ് ഞാന്‍ പിന്തുടര്ന്നിരുന്നില്ല.
കൈയില്‍ കിട്ടുന്ന ഷര്‍ട്ടിട്ട് പോകും. തുറന്നുപറയട്ടെ, സ്വന്തമായി ഒരു പേഴ്സ് പോലും ഞാന്‍ കൊണ്ടുനടക്കാറില്ല. അത് എവിടെയെങ്കിലും വെച്ച് മറന്നുപോകുമോ എന്ന പേടിയാണ്. ആയിരം രൂപ ചില്ലറയാക്കി കൈയില്‍ തന്നാല്‍ കൃത്യമായി എണ്ണാന്‍ എനിക്ക് സാധിക്കില്ല. ഇതൊന്നും ഞാന്‍ ചെയ്യാറില്ല. എന്റെ ഓഡിറ്ററോ ഭാര്യയോ ആന്റണിയോ (ആന്റണി പെരുമ്പാവൂര്‍) ഒക്കെയാണ് അതു ചെയ്യുന്നത്. അതുകൊണ്ട് പണത്തിനോട് അടുത്തുനില്ക്കുമ്പോള്ത്തന്നെ അകലെയുമാണ് ഞാന്‍ നില്‍ക്കുന്നത്.
പണത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ അച്ഛന് അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ കൊണ്ടുവന്ന് കുറെ നാളത്തേക്കെങ്കിലും അദ്ദേഹത്തിന്റെ ജീവിതം നീട്ടിക്കൊണ്ടുപോകാന്‍ സാധിച്ചത് പണമുള്ളതുകൊണ്ടാണ്. അന്ന് അച്ഛന്റെ ശ്വാസമിടിപ്പ് കണ്ടിരുന്നപ്പോള്‍ ഞാന്‍ പണത്തിന് നന്ദി പറഞ്ഞു. ഒപ്പം ഇതേ അവസ്ഥയില്‍ പണമില്ലാത്തതുകൊണ്ടു മാത്രം ജീവിതം ഗതികെട്ട്, സ്തംഭിച്ചുനില്‍ക്കുന്ന പാവങ്ങളെ ഓര്‍ത്ത് ദുഃഖിക്കുകയും ചെയ്തു. പണത്തെക്കുറിച്ച് പറയുമ്പോഴും ഓഷോവിന്റെ ഒരു വാചകം ഞാന്‍ കടമെടുക്കുന്നു: 'I am not against the rich becoming richer but I am certainly against the poor becoming poorer.'
ധാരാളം വീടുകള്‍ വെച്ച് ധൂര്ത്തടിക്കുന്നയാളാണ് ഞാന്‍ എന്ന് വിമര്‍ശനം പരന്നിരുന്നു. എനിക്ക് എറണാകുളത്തും തിരുവനന്തപുരത്തും ചെന്നൈയിലും ദുബായിലും ഊട്ടിയിലുമെല്ലാം വീടുണ്ട്. എന്നാല്‍ ഇത്രയും വീടുണ്ടായിട്ടും സ്വന്തം വീട്ടില്‍ ഏറ്റവും കുറച്ച് ജീവിച്ച ഒരാളാണ് ഞാന്‍. ശരിക്കും പറഞ്ഞാല്‍ എനിക്ക് വീടില്ല. ഹോട്ടല്‍മുറികളില്‍നിന്ന് ഹോട്ടല്‍മുറികളിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം. ഓഷോ രജനീഷ്, അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒരിടത്ത് പറയുന്നുണ്ട്: 'നൂറിലധികം വീടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. പക്ഷേ, ഒന്നുപോലും എന്റേതാണ് എന്ന് പറയാന്‍ സാധിക്കില്ല' എന്ന്. ഓരോ വീട്ടിലും താമസം തുടങ്ങുമ്പോള്‍ അദ്ദേഹം കരുതും, 'ഇത് എന്റേതാണ്' എന്ന്. കുറെക്കഴിഞ്ഞാല്‍ അവിടെനിന്ന് മാറും. അപ്പോള്‍ കരുതും, അടുത്തത് ഒരുപക്ഷേ, എനിക്ക് സ്വന്തമാകും. ഇതിന്റെ മറ്റൊരവസ്ഥയാണ് എന്റേത്. ഒരുപാട് വീടുണ്ടായിട്ടും വീടില്ലാത്തവന്റെ അവസ്ഥയിലാണ് ഞാന്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തിരിച്ചുചെല്ലുകയും പരിചരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതു വീടും സ്വന്തമാണ് എന്ന് തോന്നൂ. അതൊരു മാനസികാവസ്ഥയാണ്.
ഈ അവസ്ഥ ഞാന്‍ പലതരത്തില്‍ മറികടക്കാന്‍ ശ്രമിക്കാറുണ്ട്. താമസിക്കുന്ന ഹോട്ടല്മുറികള് ഏറ്റവും മനോഹരമായി അലങ്കരിക്കും. നല്ല ചിത്രങ്ങളും പൂക്കളും വെക്കും. ഒന്നും രണ്ടും മാസം തുടര്‍ച്ചയായി ഹോട്ടല്‍മുറിയില്‍ കഴിയുക എന്നത് ദുസ്സഹമായ കാര്യമാണ്. പക്ഷേ, എനിക്കത് ഒഴിവാക്കാന്‍ കഴിയില്ല. അപ്പോള്‍ ഒരു സ്വകാര്യതാബോധം വരുത്താന്‍വേണ്ടി ചെയ്യുന്നതാണ് ഈ അലങ്കാരങ്ങള്‍. എന്റെ വീട്ടുമുറിയെയും സ്വകാര്യലോകത്തെയും ഞാന്‍ എന്റെ ഹോട്ടല്‍മുറികളില്‍ പുനഃസൃഷ്ടിക്കുന്നു. നമുക്ക് ആ മുറി വിട്ടു പോകുമ്പോള്‍ സങ്കടം തോന്നുംപോലെ ആ മുറിക്ക് നമ്മെ പിരിയുന്നതിലും ദുഃഖം തോന്നണം.
പല നടന്മാര്ക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയവുമില്ല. മുമ്പുമില്ല. ഇപ്പോഴുമില്ല. രാഷ്ട്രീയമില്ല എന്നതിനര്‍ത്ഥം പ്രത്യേകമായ ഒരു കൊടിയുടെ കീഴിലും ഞാനില്ല എന്നാണ്. ഉന്നതശീര്‍ഷരായ നേതാക്കന്മാര് ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയത്തോട് നമുക്ക് താത്പര്യം തോന്നുന്നത്. അങ്ങനെയാരും ഇപ്പോഴില്ല. രാഷ്ട്രീയത്തിലേക്ക് നമ്മെയൊക്കെ രൂപപ്പെടുത്തിയെടുക്കുന്ന കോളേജ് പഠനകാലത്തും അത്തരം നേതാക്കളൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധിജി, നെഹ്രു, നേതാജി സുഭാഷ്ചന്ദ്ര ബോസ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരൊക്കെയാണ് നമ്മുടെ മനസ്സില്‍ ഇന്നും യശസ്വികളായ നേതാക്കളായി ഉയര്ന്നുനില്ക്കുന്നത്. ഇവരാരും കേവലം ഏതെങ്കിലും കൊടിയുടെ കീഴെനിന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാക്കളായിരുന്നോ? ഓരോരുത്തരും ഓരോ ഇതിഹാസങ്ങളാണ്. ഒരു രാജ്യത്തെ മുഴുവന്‍ ഇണക്കിനിര്‍ത്താന്‍ ശേഷിയുണ്ടായിരുന്നു അവരുടെ വാക്കുകള്‍ക്കും വ്യക്തിത്വത്തിനും.
എന്നാല്‍ ഇന്നോ? രാവണനെപ്പോലെയാവണം ഒരു രാജ്യാധിപന് എന്ന് പറയാറില്ലേ? യുദ്ധത്തിന്റെയും ക്രൂരതയുടെയും കാര്യത്തിലല്ല. രാവണന് ആ ഒരു മുഖം മാത്രമല്ലല്ലോ ഉള്ളത്. ലോകത്തെ എല്ലാ വിശിഷ്ടവസ്തുക്കളും എന്റെ ലങ്കയില്‍ വേണം, എല്ലാ ഐശ്വര്യവും എന്റെ രാജ്യത്തിനു വേണം എന്നതായിരുന്നുവല്ലോ രാവണന്റെ പ്രതിജ്ഞയും വാശിയും. അത്തരം ഒരാളെയാണ് എന്റെ മനസ്സ് പ്രതീക്ഷിക്കുന്നത്.
ഞാന്‍ ദുബായിലാവുമ്പോള് അവിടത്തെ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോവാറുണ്ട്. ഒരിക്കല്‍ ചെന്നപ്പോള്‍ അവിടെ ആ രാജ്യത്തിന്റെ അധിപനായ ഷെയ്ക് മുഹമ്മദ് വന്നു. എല്ലായിടങ്ങളിലും വേഷം മാറി സഞ്ചരിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്യുന്നതുകൊണ്ട് ലോകമെങ്ങും പ്രശസ്തനായിരുന്നു അദ്ദേഹം. അദ്ദേഹം ഞാനിരിക്കുന്നതിന്റെ തൊട്ടുപിറകിലൂടെ വളരെ വേഗത്തില്‍ കടന്നുപോയി. കൂടെയുണ്ടായിരുന്ന സുഹൃത്താണ് കാണിച്ചുതന്നത്. പെട്ടെന്ന് ഞാന്‍ തിരിഞ്ഞുനോക്കി. അദ്ദേഹത്തിന്റെ കണ്ണുകളാണ് എന്നെ ആകര്‍ഷിച്ചത്. തിളക്കത്തോടെ അവ പറയുന്നുണ്ടായിരുന്നു, I Want to make my Country. അത്തരം നേതാക്കന്മാര് വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയിലുണ്ടാവും.
പ്രത്യേകനിറമുള്ള കൊടിയുടെ കീഴിലില്ലെങ്കിലും ചില പ്രത്യയശാസ്ത്രങ്ങളെ ഞാന്‍ പരിപോഷിപ്പിക്കുന്നു എന്ന വിമര്‍ശനം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഒരു 'സവര്‍ണ്ണ ഫാസിസ്റ്റ്' ആയി എന്നേ ഞാന്‍ മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. ആദ്യമൊക്കെ ഞാന്‍ അതിനെ അവഗണിച്ചു. വിമര്‍ശനത്തിനു ശക്തികൂടിയപ്പോള്‍ ഒന്നു മറുപടി പറഞ്ഞുകളയാമെന്നു തോന്നി. പക്ഷേ, ഓരോ തവണ മറുപടി പറയാനായുമ്പോഴും എന്റെയുള്ളില്‍ വലിയൊരു ചിരി പൊട്ടും. കാരണം, എന്റെ കുറെ സിനിമകളിലെ പേരും അതിന്റെ അന്തരീക്ഷവും വെച്ചിട്ടാണ് ഈ ആരോപണം മെനയുന്നത്. എന്നാല്‍ ആ സിനിമകളെല്ലാം യാതൊരു Hidden Agenda യുമില്ലാതെ വ്യാവസായികവിജയം മാത്രം മുന്നില്‍ക്കണ്ട് ഉണ്ടാക്കിയതാണ്. അക്കാര്യം എനിക്ക് നന്നായി അറിയാം. അപ്പോള്‍ അതിന്റെ പേരില്‍ ഇങ്ങനെ ഒരാരോപണം മെനഞ്ഞുണ്ടാക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?
പരദേശിയില്‍ ഞാന്‍ വലിയകത്ത് മൂസയായി അഭിനയിച്ചു. അതൊരു ഇസ്ലാമിക പശ്ചാത്തലമുള്ള ഇന്ത്യന്‍ മാനമുള്ള സിനിമയായിരുന്നു. എന്റെയൊപ്പമുള്ള ആന്റണി പെരുമ്പാവൂരാണ് അത് നിര്‍മ്മിച്ചത്. പിന്നീട് ഞാന്‍ അലിഭായ് ആയി. മോഹന്‍ലാല്‍ എന്ന സവര്‍ണ്ണ ഫാസിസ്റ്റിന് വലിയകത്ത് മൂസയാവാനും അലിഭായ് ആവാനും അശേഷം വിഷമമുണ്ടായില്ല. ആരോപണക്കാര്‍ ഇതിനെപ്പറ്റിയൊന്നും പറഞ്ഞുകണ്ടില്ല. പിന്നെ, 'ചന്ദനക്കുറി,' 'കിണ്ടി,' 'നാലുകെട്ട്,' 'ശംഭോ മഹാദേവാ' എന്നൊക്കെ കേട്ടാല്‍ ഹിന്ദുവിരോധവും ബാങ്ക് വിളി കേട്ടാലും നിസ്കാരത്തഴമ്പ് കണ്ടാലും ഇസ്ലാം വിരോധവും ഉണര്‍ന്നാല്‍ അതൊരു മനോരോഗമാണ്. മരുന്നുണ്ടാവും എന്നു തോന്നുന്നില്ല.
മദ്യത്തിന്റെയും ജ്വല്ലറിയുടെയും പരസ്യങ്ങളില്‍ അഭിനയിച്ചപ്പോഴും എനിക്കെതിരേ വിമര്‍ശനങ്ങളുടെ വാള് വീശലുകളുണ്ടായി. മോഹന്‍ലാല്‍ എന്ന നടന് 'വൈകിട്ടെന്താ പരിപാടി?' എന്ന് ചോദിച്ചതുകൊണ്ടാണ് മലയാളി ഇപ്പോള്‍ കുടിച്ച് കുന്തംമറിയുന്നത് എന്ന അവസ്ഥയിലാണ് വിമര്‍ശനങ്ങളുടെ തീക്ഷ്ണത. വളരെ creative ആയ ഒരു പരസ്യം ആണ് അത്. ആരെയും മദ്യപിക്കാന്‍ അത് നിര്‍ബ്ബന്ധിക്കുന്നില്ല. ബാറിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. പിന്നെ മലയാളിയുടെ വലിയൊരു ഇരട്ടത്താപ്പിന്റെ ഉദാഹരണംകൂടിയാണ് ഈ വിമര്‍ശനം. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന സിനിമയിലെ മദ്യപാനരംഗങ്ങള്‍ കണ്ടിട്ട് എത്ര പേരാണ് എന്നെ അഭിനന്ദിച്ചിട്ടുള്ളത് എന്നതിന് കണക്കില്ല. ഇപ്പോഴും ആളുകള്‍ പറയാറുണ്ട്: 'ഏലാമ്പി കലക്കീട്ടോ.' വിമര്‍ശകര്‍ പറയുന്ന ന്യായമനുസരിച്ചാണെങ്കില്‍ അത് കണ്ടിട്ടു വേണമായിരുന്നു ഏറ്റവുമധികം ജനങ്ങള്‍ മദ്യപാനത്തിലേക്ക് വരാന്‍. അങ്ങനെയൊന്നും ഉണ്ടായില്ല. ജ്വല്ലറി പരസ്യത്തിനും വിമര്‍ശനമുണ്ട്. സ്വര്‍ണ്ണം തീര്‍ച്ചയായും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സമ്പാദ്യം നമ്മള് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുക എന്നത് എത്രയും സാധാരണമാണ്. എനിക്ക് മനസ്സിലാവുന്നില്ല, അതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട് എന്താണ് പ്രശ്നമെന്ന്. ഏതൊരു കാര്യവും അമിതമായാല്‍ അപകടമാണ്. അത്, മദ്യമായാലും സ്വര്‍ണ്ണമായാലും മതമായാലും രാഷ്ട്രീയമായാലും ആത്മനിയന്ത്രണമുള്ള മനുഷ്യനെ ഇല്ലാതാക്കാന്‍ ഒരു ബാഹ്യശക്തിക്കും ആവില്ല.
ഏറ്റവും ഒടുവില്‍ ഞാന്‍ ഓഷോ രജനീഷിനെയും, അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചു പറഞ്ഞപ്പോള്‍ വ്യാപകമായ പരിഹാസവും വിമര്‍ശനങ്ങളുമുണ്ടായി. പക്ഷേ, അതിനും എനിക്ക് വ്യക്തമായ ബോദ്ധ്യങ്ങള്‍ ഉള്ളതുകാരണം പതറിയില്ല.
ഞാന്‍ ഓഷോയുടെ ഒരു പ്രചാരകനല്ല. തനിക്ക് ഒരു പ്രചാരകന്റെയും ആവശ്യമില്ലെന്ന് ഓഷോതന്നെ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും മൈതാനപ്രസംഗം കേട്ടിട്ടോ ആരുടെയെങ്കിലും നിര്ബ്ബന്ധപ്രകാരമോ അല്ല ഞാന്‍ ഓഷോയിലേക്കു വന്നത്. നേരത്തേ ഞാന്‍ പറഞ്ഞു, എനിക്കൊരു നടുവേദന വന്നിരുന്നു എന്ന്. കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. ഒന്നും വായിക്കരുത്, ടെലിവിഷന്‍ കാണരുത്, സംസാരിക്കരുത് എന്നായിരുന്നു കര്‍ശനനിബന്ധന. അപ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു, എനിക്കെന്തെങ്കിലും കേള്‍ക്കാന്‍ തരുമോ എന്ന്. അപ്പോള്‍ അദ്ദേഹം കൊണ്ടുവന്നുതന്നത് ഓഷോയുടെ ഒരു പ്രഭാഷണത്തിന്റെ കാസറ്റായിരുന്നു: Celebration. അതു കേട്ട് കണ്ണടച്ചു കിടന്നപ്പോള്‍ എനിക്കുള്ളില്‍ പുതിയൊരു ലോകം വിടരുന്നതായും ഒരു നൃത്തം തുടങ്ങുന്നതായും എനിക്ക് തോന്നി. അതുവരെ അനുഭവിക്കാത്തതായിരുന്നു അത്. അതിനു ശേഷം ഓഷോയുടെ നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. പുനെയില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പോയി. വെറുമൊരു 'സെക്സ്ഗുരു'വായി ഈ മനുഷ്യനെ മുദ്രകുത്തിയ വിഡ്ഢികളെയോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു. ആത്മകഥയില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്: 'എന്റേതായി തൊള്ളായിരത്തിലധികം പുസ്തകങ്ങള്‍ ഉണ്ട്. അതില്‍ ഒന്നുമാത്രമാണ് സെക്സിനെക്കുറിച്ചുള്ളത്. From Sex to Super-Concious. മറ്റു പുസ്തകങ്ങള്‍ ഒന്നും കാണാതെ ഈ ഒന്നിനെപ്പറ്റി മാത്രം നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.' അത് ശരിയാണ് എന്ന് എനിക്ക് ബോദ്ധ്യമായി. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. വായിക്കുന്നു. അദ്ദേഹം ഉപയോഗിച്ച ഒരു വാച്ച് കൈവശമാക്കാന്‍ ഞാനിപ്പോള്‍ ശ്രമിക്കുന്നു. ഇതൊന്നും തുറന്നുപറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. 'നിങ്ങള്‍ ആരും എന്റെ ശിഷ്യന്മാരല്ല. സുഹൃത്തുക്കള്‍ മാത്രമാണ്. ഞാന്‍ പറഞ്ഞതൊന്നും നിങ്ങള്‍ വിശ്വസിക്കണം എന്നില്ല. രാവിലെ ഒരു പക്ഷിയുടെ പാട്ട് നിങ്ങള്‍ കേള്‍ക്കുന്നത് അത് വിശ്വസിച്ചിട്ടല്ല. ഇഷ്ടപ്പെട്ടിട്ടാണ്. അതുപോലെ നിങ്ങളും എന്നെ കേള്‍ക്കുക' എന്ന് അന്ത്യപ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഈയൊരു സ്വാതന്ത്ര്യമാണ് എന്നെ വശീകരിച്ചത്. ഇപ്പോഴും ഞാന്‍ ഓഷോയെ വായിക്കുന്നു, ആദരിക്കുന്നു. ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും പ്രതിഭാശാലിയായ വ്യക്തികളിലൊരാളാണ് അദ്ദേഹം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഏറ്റവും മനോഹരവും സ്നേഹഭരിതവും അഹങ്കാരശൂന്യവുമായ ജീവിതദര്‍ശനം ഞാന്‍ വായിച്ചത് ഓഷോയുടെ ശവകുടീരത്തിലാണ്. മരണശേഷം അവിടെ ഇങ്ങനെ കുറിച്ചുവെക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു: Osho-Never Born Never Died. Only visited this Planet Earth Between Dec 11, 1931-Jan 19, 1990. എവിടെനിന്നോ വന്ന് എങ്ങോട്ടോ പറന്നുപോകുന്ന കാറ്റുപോലെ ജീവിതത്തിലൂടെ കടന്നുപോവാന്‍ ഈ വരികള്‍ എനിക്ക് പ്രചോദകമാകുന്നു.
Content Highlights: mohanlal birthday, books, memoir, rithumarmarangal, life, cinema acting
Published: 21 May 2024, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented