മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 63-ാം പിറന്നാള്‍. പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 

To advertise here,

പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ലാലിന്റെ ജനനം. മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളിലാണ് മോഹന്‍ലാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോള്‍ മോഹന്‍ലാല്‍ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹന്‍ലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു. കോളേജില്‍ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്. 

തിരനോട്ടം (ചലച്ചിത്രം1978) എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. 

ഫാസില്‍ സംവിധാനം ചെയ്ത  'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി എത്തുന്നത്.  പൂര്‍ണിമ ജയറാം, ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്. 

'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ലെ സോളമന്‍, 'നാടോടിക്കാറ്റി'ലെ ദാസന്‍, 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന്‍, 'ചിത്ര'ത്തിലെ വിഷ്ണു, 'കിരീട'ത്തിലെ സേതുമാധവന്‍, 'ഭരത'ത്തിലെ ചിത്രത്തിലെ ഗോപി, 'കമലദള'ത്തിലെ നന്ദഗോപന്‍, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, 'ഇരുവറി'ലെ ആനന്ദന്‍, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന്‍, 'സ്ഫടിക'ത്തിലെ ആടുതോമ, 'ദശരഥ'ത്തിലെ രാജീവ് മേനോന്‍, 'ഉണ്ണികളെ ഒരു കഥപറയാം' എന്ന ചിത്രത്തിലെ എബി അബ്രഹാം, 'തന്മാത്ര'യിലെ രമേശന്‍ നായര്‍, 'പരദേശി'യിലെ വലിയകത്തു മൂസ, 'ഭ്രമര'ത്തിലെ ശിവന്‍ കുട്ടി തുടങ്ങിയവ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്. 

വര്‍ഗ്ഗീയ ലഹളയേയും ആത്മീയതയേയും ചര്‍ച്ച ചെയ്ത 'ഗുരു'വാണ് മോഹന്‍ലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. രാജീവ് അഞ്ചല്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. 

രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത 'കമ്പനി', മണിരത്‌നം ഒരുക്കിയ 'ഇരുവര്‍' തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍. എം.ജി.ആര്‍കരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങള്‍ പകര്‍ത്തിയ 'ഇരുവറി'ല്‍ ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ഇരുവറിന് ലഭിച്ചപ്പോള്‍, മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങള്‍ മോഹന്‍ലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

1996 മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിര്‍മാതാക്കളും സംവിധായകരും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ആറാം തമ്പുരാന്‍, ഉസ്താദ്, നരസിംഹം, നരന്‍ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ വിധേയനാവുകയും ചെയ്തു. 

അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാന്‍ഡാണ്. ബോക്‌സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള ചിത്രം മോഹന്‍ലാലിന്റെ പുലിമുരുഗനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം കുറിച്ചു. 

സമീപകാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പലതും വാണിജ്യവിജയമായിരുന്നുവെങ്കിലും ഭൂരിഭാഗം ആരാധകര്‍ക്കും നിരാശയാണ് നല്‍കിയത്. തുടര്‍ന്ന് ഒരു മാറ്റത്തിന്റെ പാതയിലൂടെ തിരഞ്ഞെടുത്തിരിക്കുകയാണ് ഈ മഹാനടന്‍. ലിജോ ജോയ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടെ വാലിഭന്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. കൂടാതെ മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഓളവും തീരവും ജീത്തും ജോസഫറിന്റെ റാം എന്നിവയാണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും നടന്നുകൊണ്ടിരിക്കുകയാണ്.