തിരുവനന്തപുരം: പരസ്പര ബഹുമാനത്തോടെയുള്ള കൊടുക്കല്‍ വാങ്ങലുകളാണ് നൃത്തവേദികളെ ാഴ്ചക്കാരുമായി അടുപ്പിക്കുന്നതെന്ന് നടനും നര്‍ത്തകനുമായ വിനീത് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര' അക്ഷരോത്സവത്തില്‍ ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം 'ലാസ്യം നടനം ജീവിതം' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനീത്. കുടുംബബന്ധങ്ങളുടെ തിരക്കില്‍പ്പെട്ട് കലാജീവിതം അവസാനിപ്പിച്ച വലിയൊരു കൂട്ടം നമുക്കിടയിലുണ്ടെന്നും അവരെ തിരിച്ചുകൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ലക്ഷ്മി ഗോപാലസാമി പറഞ്ഞു. നൃത്തം ഒരാവേശമായി ജീവിതത്തിലേക്കെത്തിയ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചുതുടങ്ങിയത്.

To advertise here,

നൃത്തവേദികളിലെ ഒന്നിച്ചുള്ള അനുഭവങ്ങളും സിനിമക്കുവേണ്ടി നൃത്തം ചിട്ടപ്പെടുത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചും അവര്‍ തുറന്നു സംസാരിച്ചു. നൃത്തപഠനങ്ങളിലെ സാമ്പ്രദായികരീതികളും പുതിയ മാറ്റങ്ങളും ചര്‍ച്ചചെയ്ത വേദി നൃത്തപ്രകടനത്തിന്റെയും അരങ്ങായി. നൃത്തവിവരണങ്ങളുടെ തിയറി മാത്രംപോര പ്രകടനം നേരില്‍കാണാനുള്ള താല്‍പ്പര്യത്തോടെയാണ് കാഴ്ചക്കാര്‍ ഇരിക്കുന്നതെന്ന മോഡറേറ്റുടെ പരാമര്‍ശം വിനീതും ലക്ഷ്മിയും സ്‌നേഹത്തോടെ ഏറ്റെടുക്കുകയായിരുന്നു. എം.ടി.വാസുദേവന്‍ നായര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ഒരു വടക്കന്‍ വീരഗാഥയിലെ 'ചന്ദനലേപ സുഗന്ധം 'എന്ന പാട്ടിന് ഇരുവരും ചേര്‍ന്ന് ചുവടുവച്ചു. താരങ്ങളുടെ അപ്രതീക്ഷിതമായുള്ള പ്രകടനം വലിയ കയ്യടികളോടെയാണ് കാഴ്ച്ചക്കാര്‍ സ്വീകരിച്ചത്. നൃത്തവും അഭിനയവും ചര്‍ച്ചചെയ്ത വേദിയില്‍ വിനീത് എം.ടിയെ അനുസ്മരിച്ചു, എംടിയുടെ എട്ട് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നതായി വിനീത് കൂട്ടിച്ചേര്‍ത്തു. കാലനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൃത്തം പുതിയ തലമുറയ്‌ക്കൊപ്പം സഞ്ചരിക്കട്ടെയെന്ന് ലക്ഷ്മി ഗോപാലസ്വാമി പ്രതീക്ഷ പുലര്‍ത്തി. മാതൃഭൂമി സബ് എഡിറ്റര്‍ പി.പ്രജിത്ത് മോഡറേറ്റായി.