മഹാബലിയെ സ്വീകരിക്കാനാണ് ഓണമാഘോഷിക്കുന്നതെന്നതാണ് തലമുറകളായി മലയാളികള്‍ കൈമാറിയ ഐതിഹ്യമെന്നും വാമനപ്പിറവിയാണ് എന്നത് അടുത്ത കാലത്ത് വന്ന പുതിയ വ്യാഖ്യാനമാണെന്നും എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ് പിള്ള. മേക്കിങ് ഓഫ് മോഡേണ്‍ ഹിന്ദു ഐഡന്റിറ്റി എന്ന തന്റെ പുതിയ പുസ്‌കവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഐതിഹ്യത്തിനു പകരം വാമനന്റെ അവതാരപ്പിറവിയായി ആഘോഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പാതാളത്തില്‍ നിന്ന വരുന്ന മഹാബലിയെ സ്വീകരിക്കാനാണ് മലയാളികള്‍ ഓണമാഘോഷിക്കുന്നതെന്നത് തലമുറകളായി മലയാളികള്‍ക്ക് കൈമാറിക്കിട്ടിയ ഐതിഹ്യ അറിവാണ്. എന്നാല്‍ വാമന ജയന്തിയെന്നത് ഈ അടുത്ത കാലത്ത് രൂപപ്പെട്ട വ്യാഖ്യാനമാണ്', മനു എസ് പിള്ള പറഞ്ഞു.

ഇത്തരം പുതിയ വ്യാഖ്യാനങ്ങള്‍ക്ക് ശക്തിയില്ലെന്ന് പറയാനാവില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരുകയാണെങ്കില്‍ 200 വര്‍ഷം കഴിയുമ്പോള്‍ മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനു പകരമായി വാമന വ്യാഖ്യാനമായിരിക്കും ഉണ്ടാവുകയെന്നും
മനു എസ്  പിള്ള പറഞ്ഞു. 

രാജ കുടുംബാംഗങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയവുമായി കൂടുതല്‍ അടുക്കുന്നുവെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് ചരിത്രം പരിശോധിച്ചാല്‍ പണ്ട് ജനസംഘത്തിന് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയതില്‍ ഗ്വാളിയോറിലേതടക്കം പല രാജകുടുംബങ്ങളാണെന്ന് മനു എസ് പിള്ള ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ രാജകുടുംബം രാഷ്ട്രീയത്തില്‍ സക്രിയമായി ഇറങ്ങിയത് തന്റെ അറിവിലില്ലെന്നും അദ്ദേഹം പ്രേക്ഷകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഭീഷണികളെ ഭയന്ന് പുതിയ പുസ്തകം സ്വയം സെന്‍സര്‍ ചെയ്തിട്ടുണ്ടോയെന്ന മോഡറേറ്റര്‍ പ്രൊഫ . പി വിജയകുമാറിന്റെ ചോദ്യത്തിന് ഉത്തരമായി രണ്ടിടങ്ങളിള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്ന് മനു എസ് പിള്ള പറഞ്ഞു. ' പുസ്തകം വായിച്ച് പബ്ലിഷറുടെ അഭിഭാഷകന്‍  വേണമെങ്കില്‍ മാറ്റം വരുത്തേണ്ട 300 ഭാഗങ്ങള്‍ അടയാളപ്പെടുത്തി തന്നിരുന്നെന്നും എന്നാല്‍ ആ നിര്‍ദേശമനുസരിച്ച് രണ്ടിടങ്ങളിൽ  മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂ എന്നും അത് വലിയ മാറ്റങ്ങളല്ല പകരം ടോണില്‍ ചില വ്യതിയാനം വരുത്തുകയാണുണ്ടായതെന്നും മനു എസ് പിള്ള പറഞ്ഞു.