
ഒറ്റയ്ക്ക് യാത്ര പോകാൻ പേടിയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ഫുട്ബോൾ താരം സികെ വിനീത്. ആദ്യം യാത്ര ചെയ്യൂ എന്നിട്ട് തീരുമാനിക്കൂ, പേടിയുണ്ടോ എന്നും വിനീത് പറഞ്ഞു. ലക്ഷ്യം നോക്കാതെ യാത്ര ആസ്വദിക്കുകയാണ് വേണ്ടതെന്നും അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'യാത്രയിൽ തനിയെ' എന്ന സെഷനിൽ അദ്ദേഹം പറഞ്ഞു. ബാക്ക് പാക്കർ അരുണിമ, നടി സാനിയ അയ്യപ്പൻ എന്നിവർ സെഷനിൽ പങ്കെടുത്തു. ഷബിത മോഡറേറ്ററായിരുന്നു.
അധികം ആൾക്കാരും യാത്ര ചെയ്യുന്നത് എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്ത് എല്ലാം പ്ലാൻ ചെയ്താണ്. ഇതിനെ യാത്രയായി ഞാൻ കാണുന്നില്ല. അത് ലൈഫ് മറ്റൊരിടത്തേക്ക് പറിച്ചു നടുന്നതാണ്. യാത്ര എന്ന് പറയുന്നത്, ഒരു നാട്ടിലെ എല്ലാ കാര്യങ്ങൾ അറിയാനും അവിടത്തെ സംസ്കാരം അനുഭവിക്കാനും അവിടത്തെ ജീവിതം നമ്മുടേത് കൂടിയാക്കി മാറ്റാനുമാണ്. ഇതിനാവണം യാത്ര ചെയ്യേണ്ടത്- വിനീത് പറഞ്ഞു. സാമ്പത്തികം നോക്കിയിരുന്നാൽ ഒരിക്കലും യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആരേയും അറിയിക്കാൻ വേണ്ടിയല്ല യാത്ര ചെയ്യുന്നത്. എന്റെ ശരിക്കുള്ള ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാനാണ് ഞാൻ യാത്ര ചെയ്യുന്നത്. എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുമ്പോൾ അതിൽ നിന്ന് മാറി നിൽക്കുക, വേറൊരു ജീവിതം അറിയുക എന്നതിന്റെ ഭാഗമായിട്ടാണ് ഞാൻ യാത്ര ചെയ്യുന്നത്. മിക്കവാറും ആ യാത്രകൾ ഒറ്റക്കായിരിക്കും. എന്നെ പരിചയമുള്ളവരെ മറന്ന്, അറിയാത്ത ആൾക്കാരെ കാണാനും സ്ഥലം കാണുന്നതിനേക്കാൾ കൂടുതൽ അറിയാത്ത ആൾക്കാരെ കാണുന്നതിനും അവരുടെ ജീവിതത്തിന്റഎ ഒരു ഭാഗമാകാനും വേണ്ടിയാണ് യാത്ര ചെയ്യുന്നത്. യാതൊരു പ്ലാനുമില്ലാതെയാണ് യാത്ര, ഒരു നിമിഷത്തെ തോന്നലിൽ ഇറങ്ങിപ്പുറപ്പെടുകയാണ് ചെയ്യാറ്'- സി.കെ. വിനീത് പറഞ്ഞു.
'ഒന്നരവർഷത്തോളം ആഫ്രിക്കയിൽ പതിമൂന്ന് രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. എല്ലാ രാജ്യത്തും സമ്പന്നർ, ധനികർ എന്ന രണ്ട് വിഭാഗം ആളുകളുണ്ട്. ഇവിടെ കാണുന്ന മിഡിൽ ക്ലാസ് വിഭാഗം അവിടെ കാണാൻ സാധിക്കില്ല. സമ്പന്നർ എന്ന് പറഞ്ഞാൽ അതിസമ്പന്നർ ആയിരിക്കും. പാവങ്ങൾക്ക് വെള്ളം പോലും കുടിക്കാൻ പോലും കിട്ടാത്ത സാഹചര്യമായിരിക്കും ഉണ്ടാകും. സാധാരണക്കാരിൽ ഒരാളായി കൂടെ നിന്നിട്ടുണ്ട്. അവരുടെ കൈയിൽ ഭക്ഷണം കാണാറില്ല, എന്റെ കൈയിൽ ഉണ്ടായിരുന്ന ഭക്ഷണങ്ങൾ വരെ അവിടെയുള്ളവർക്ക് കൂടി പങ്കുവെച്ച് കഴിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്'- ബാക്ക് പാക്കർ അരുണിമ പറഞ്ഞു.
'സിനിമകൾ ചെയ്യുന്നതിനിടയിൽ ഒരു രക്ഷപ്പെടൽ വേണമെന്ന രീതിയിലാണ് യാത്ര ചെയ്യാൻ തുടങ്ങിയത്. ഒന്നും പ്രതീക്ഷിച്ചിട്ടില്ല. എപ്പോഴും ഉയർച്ച താഴ്ചയുള്ള കരിയറാണ് സിനിമ എന്നത്. അതിൽ നിന്ന് ടെൻഷൻ ഫ്രീ ആകണം എന്ന രീതിയിലാണ് യാത്ര തുടങ്ങിയത്. ആദ്യമായി അടുത്ത സുഹൃത്തുമായിട്ടാണ് യാത്ര ചെയ്തത്. അത് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കിട്ടിയ സന്തോഷം പിന്നീടുള്ള യാത്രകൾക്ക് ആവേശം നൽകി' - സാനിയ അയ്യപ്പൻ പറഞ്ഞു.
Content Highlights: ck vineeth saniya iyappan backpacker arunima mbifl 2025
Published: 09 Feb 2025, 03:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented