തിരുവനന്തപുരം: ജാതിവിവേചനം പ്രമേയമാകുന്ന ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും കുമാരനാശാന്‍ രചിച്ച് നൂറുവര്‍ഷം തികയുന്ന വേളയിലാണ് മാതൃഭൂമിയും ശതാബ്ദി ആഘോഷിക്കുന്നത്. 

To advertise here,

ലോകക്ലാസിക്കുകള്‍- ഖലീല്‍ ജിബ്രാന്റെ 'ദ പ്രോഫെറ്റും' ടി.എസ്. എലിയറ്റിന്റെ 'ദ വേസ്റ്റ് ലാന്‍ഡും' നൂറു തികയ്ക്കുകയാണ്. അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ലോക ക്ലാസിക്കുകള്‍ക്കും മാതൃഭൂമിക്കും ആദരമര്‍പ്പിച്ച് ഫെബ്രുവരി ഒന്നിന് വൈകീട്ട് കനകക്കുന്നില്‍ നാല് പ്രഭാഷകര്‍ സംസാരിക്കും. 

ഒന്നിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് അക്ഷരങ്ങളും ആശയങ്ങളും സംഗമിക്കുന്ന തെന്നിന്ത്യയിലെ ഏറ്റവുംവലിയ സാഹിത്യോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമാവുന്നത്. 

തലസ്ഥാനത്തിന്റെ രാജകീയപാരമ്പര്യം നെഞ്ചേറ്റുന്ന കനകക്കുന്ന് കൊട്ടാരവളപ്പിലാണ് കഴിഞ്ഞ മൂന്നുപതിപ്പുകളായി അക്ഷരോത്സവം അരങ്ങേറിയത്. ഇക്കുറിയും കനകക്കുന്ന് തന്നെയാണ് വേദി. ഒന്നിന് മണിപ്പുരിലെ മുപ്പത് കലാകാരന്മാര്‍ ചേര്‍ന്ന് അണിനിരക്കുന്ന ഡ്രം ഡാന്‍സായ 'പുഞ്ചോളന്‍' കാണികള്‍ക്കുമുന്നില്‍ ആനന്ദലഹരി പകരും. രാസലീല നൃത്തം ചേര്‍ന്ന പരിപാടിയും മുന്നിലെത്തും. ശനിയാഴ്ച രാവിലെ 11.30-ന് ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും. 

21 രാജ്യങ്ങളില്‍നിന്നുള്ള 525 പ്രഭാഷകരാണ് ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ദക്ഷിണകൊറിയ, കെനിയ, കൊളംബിയ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, ജോര്‍ജിയ, ചെക് റിപ്പബ്ലിക് തുടങ്ങിയ വിവിധയിടങ്ങളില്‍നിന്നുള്ളവര്‍ വേദിയെ സമ്പന്നമാക്കും. കനകക്കുന്നില്‍ 11 വേദികളില്‍ 250 സെഷനുകളാണുണ്ടാകുക. 

ജന്മശതാബ്ദി പിന്നിട്ട സത്യജിത്റായിക്കും ആദരമുണ്ടാകും. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രങ്ങളിലൂടെയാണ് ആദരം. അദ്ദേഹത്തിന്റെ മകന്‍ സന്ദീപ് റായും പങ്കെടുക്കുന്നുണ്ട്. 

നാലുദിവസങ്ങളിലും പലവേദികളിലായി കലാപരിപാടികളുമുണ്ട്. കൂടെ, മലബാര്‍ഭക്ഷണമുള്‍പ്പെടെ കേരളത്തിന്റെ തനത് രുചികളറിയാന്‍ ഫുഡ്കോര്‍ട്ടുമുണ്ട്. അഞ്ചിന് സമാപനസമ്മേളനം ഗോവാ ഗവര്‍ണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനംചെയ്യും.

പോളണ്ടില്‍നിന്ന് 23 അംഗ സംഘം

തെന്നിന്ത്യയിലെ ഏറ്റവുംവലിയ അക്ഷരോത്സവത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് പോളണ്ടില്‍നിന്നുള്ള സംഘം. കൗണ്‍സല്‍ ജനറല്‍ ഡാമിയന്‍ ഇറിസികും സംഘവുമാണ് നാലുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കുക.

സ്വീഡനില്‍നിന്ന് 10 പേര്‍

സ്വീഡനില്‍നിന്ന് പത്തുപേര്‍ എത്തുന്നുണ്ട്. ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ക്രിസ്റ്റ്യന്‍ കാമിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. നാലുദിവസവും അക്ഷരോത്സവവേദിയില്‍ ഇവരുണ്ടാകും.

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം