റെയൊന്നും അകലെയല്ലാതെ മരണം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ജീവിതത്തിന്റെ അവസാനദിവസങ്ങളിൽ ഗാന്ധിജിക്ക് അറിയാമായിരുന്നു. 1948 ജനുവരി 20-ന് പ്രാർഥനായോഗത്തിൽ അദ്ദേഹത്തെ വധിക്കാൻ ലക്ഷ്യമിട്ട് മദൻലാൽ പഹ്‌വ ബോംബെറിഞ്ഞെങ്കിലും ആ ശ്രമം ഫലിച്ചില്ല. ഇതിനു പിന്നാലെ പ്രാർഥനായോഗത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ഡൽഹി പോലീസിന്റെ ശ്രമത്തെ ഗാന്ധിജി കഠിനമായി എതിർക്കുകയാണുണ്ടായത്. ‘‘സ്വാതന്ത്ര്യത്തെക്കാളധികം സുരക്ഷയെ പരിഗണിക്കുന്നവർ ജീവിക്കാൻ യോഗ്യരല്ലെന്ന്‌’’ അഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹമതിനെ പൂർണമായും തള്ളിക്കളഞ്ഞു. അതേസമയംതന്നെ, തനിക്കെതിരായ വധശ്രമം ആസൂത്രിതമായ വലിയൊരു നീക്കത്തിന്റെ ഭാഗമാണെന്നകാര്യം ഗാന്ധിജി മനസ്സിലാക്കുകയും ചെയ്തിരുന്നു.

To advertise here,

വിചാരണക്കോടതിയിൽ വായിച്ച ദീർഘമായ പ്രസ്താവനയിൽ താൻ ഗാന്ധിജിയെ വധിച്ചതിന്റെ കാരണങ്ങൾ ഗോഡ്‌സെ വിശദമാക്കുന്നുണ്ട്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി പരിണമിക്കുന്നതിനെ തടസ്സപ്പെടുത്തി എന്നതായിരുന്നു ഗോഡ്‌സെ ഗാന്ധിക്കെതിരേ നടത്തിയ കുറ്റാരോപണത്തിന്റെ ആകത്തുക. ഹിന്ദുമതത്തിലേക്ക് അഹിംസയെ കുത്തിക്കടത്തി അതിനെ ദുർബലപ്പെടുത്തുകയാണ് ഗാന്ധിജി ചെയ്തത് എന്നയാൾ ആക്ഷേപമുയർത്തി. മുസ്‌ലിം പ്രീണനം, ഹിന്ദുസ്ഥാനിഭാഷയ്ക്കു വേണ്ടിയുള്ള വാദം തുടങ്ങിയവയും ഗാന്ധിജിക്കെതിരായ അയാളുടെ കുറ്റപത്രത്തിലെ പ്രധാന വാദഗതികൾ ആയിരുന്നു.

ഒരു മതരാഷ്ട്രമായി ഇന്ത്യ പരിണമിക്കാനുള്ള സാധ്യത ദേശീയപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെയുണ്ടായിരുന്നു. ഇന്ത്യൻ ദേശീയതയുടെ ബീജാവാപത്തിനു പിന്നാലെ വിപുലമായ ഒരു ജനകീയപ്രസ്ഥാനമായി അതു പരിണമിച്ച കാലത്തുതന്നെ മതാത്മകത ദേശീയഭാവനയുടെ അടിപ്പടവിലുണ്ടായിരുന്നു.

ഗാന്ധിജിയുടെ രംഗപ്രവേശത്തോടെ ദേശീയപ്രസ്ഥാനത്തിന്റെ ഉള്ളടക്കമപ്പാടെ മാറി. ബ്രിട്ടനിൽനിന്നുള്ള രാഷ്ട്രീയസ്വാതന്ത്ര്യം എന്നതിനെ സാമ്പത്തികവും സാംസ്കാരികവും ധാർമികവുമായ സ്വാതന്ത്ര്യം എന്നതിലേക്ക് സ്വാതന്ത്ര്യസങ്കല്പം വികസിപ്പിക്കുന്നതിന്റെ കേന്ദ്രമായി നിലകൊണ്ടത് ഗാന്ധിജിയാണ്. പ്രൊഫ. ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിച്ചതുപോലെ ‘അമൂർത്തമായ രാഷ്ട്രീയമുദ്രാവാക്യങ്ങളിൽ നിന്നല്ല, മറിച്ച് മൂർത്തമായ ഭൗതികപ്രശ്നങ്ങളിൽനിന്ന് സമരം തുടങ്ങണം’ എന്ന അടിസ്ഥാന തന്ത്രം ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് ഗാന്ധിജിയായിരുന്നു. നാടുവാഴിത്തത്തിന്റെ അവശിഷ്ടാധികാരങ്ങൾ സ്വപ്നംകണ്ട ഇന്ത്യയിലെ ഉപരിമധ്യവർഗത്തിൽനിന്നും അവരുടെ രാഷ്ട്രീയ ഭാവനയിൽനിന്നും ദേശീയപ്രസ്ഥാനത്തിന്റെ നിർവാഹകത്വം വഴിമാറി. കർഷകരും തൊഴിലാളി കളും വിദ്യാർഥികളും യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന ‘ഇന്ത്യൻജനത’ ദേശീയപ്രസ്ഥാനത്തിന്റെ നിർവാഹകശക്തിയായി ഉയർന്നുവന്നു. മതഭേദങ്ങൾക്കും ഭാഷാഭേദങ്ങൾക്കും സംസ്കാരഭേദങ്ങൾക്കും കുറുകെ മതനിരപേക്ഷവും ജനകീയവുമായ ദേശീയഭാവന പ്രബലമായി ഉയർന്നുവന്നതങ്ങനെയാണ്. അതുവഴി, മതരാഷ്ട്രത്തിന്റെ യുക്തികളെ സമ്പൂർണമായി നിരാകരിക്കുന്ന ദേശീയതാസങ്കല്പം സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ അടിപ്പടവായി മാറി.

മതവർഗീയവാദം ഗാന്ധിജിയെ രാഷ്ട്രശത്രുവായി കണ്ടുതുടങ്ങിയത് അതോടെയാണ്. സ്വാതന്ത്ര്യം നേടേണ്ടത് ബ്രിട്ടനിൽനിന്ന് എന്നതിലുപരി ആഭ്യന്തരശത്രുക്കളായ മുസ്‌ലിങ്ങളിൽനിന്നും ക്രിസ്ത്യാനികളിൽനിന്നും കമ്യൂണിസ്റ്റുകാരിൽ നിന്നുമാണെന്ന ഹൈന്ദവവർഗീയതയുടെ വിശദീകരണമുണ്ടായതും ഇക്കാലത്താണ്.

1915 മുതലുള്ള മൂന്നുപതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യരുടെ മതഭാവനയെ ഗാന്ധിജി അഴിച്ചുപണിതിരുന്നു. ആചാരനിഷ്ഠവും അക്രാമകവുമായ മതജീവിതത്തിനെതിരേ മതത്തിനുള്ളിൽത്തന്നെ അദ്ദേഹം വലിയൊരു യുദ്ധമുഖം തുറന്നു. മതം ബലമോ ഹിംസയോ അല്ലെന്നും പകരം അത് ധാർമികതയുടെ പാർപ്പിടമായി മാറണമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ഹൈന്ദവവർഗീയതയുടെ മതരാഷ്ട്രവാദത്തിനെതിരേ ഗാന്ധിജി നയിച്ച വലിയ യുദ്ധങ്ങളിലൊന്ന് ഇതുകൂടിയായിരുന്നു. ഗാന്ധിജിയെ വെടിെവച്ചു വീഴ്ത്തിയാണ് വർഗീയവാദികൾ അദ്ദേഹംമുന്നോട്ടുവെച്ച നൈതികമായ മതഭാവനയോടുപകരം വീട്ടിയത്.

ഇന്ത്യൻജീവിതത്തിനും സംസ്കാരത്തിനുംമേൽ സമ്പൂർണമായ ഇരുട്ടുപടർത്തുന്ന ആ മതവർഗീയതയോടുള്ള ചെറുത്തുനിൽപ്പാണ്‌ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ നമുക്ക് ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി. അതിനുള്ള ആത്മബലം നമ്മിൽ അവശേഷിക്കുന്നുണ്ടോ? ഈ രാജ്യത്തിന്റെ ഭാവിചരിത്രം കൂടി ഉറ്റുനോക്കുന്ന ചോദ്യമായി അത് മാറിത്തീർന്നിരിക്കുന്നു.