രക്തസാക്ഷിത്വത്തിലൂടെ ഗാന്ധിജി സുരക്ഷിതനായെങ്കിലും അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഇന്ന് വലിയഭീഷണി നേരിടുന്നു. ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചിലരുണ്ട്. ഗാന്ധിജി ഇനിയും വധിക്കപ്പെടണമെന്ന് അവരാഗ്രഹിക്കുന്നു. ഇപ്പോഴും തന്റെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നവരെക്കണ്ട് ഗാന്ധിജി ചിരിക്കുന്നത് എനിക്ക് സങ്കല്പിക്കാനാകും. അദ്ദേഹമിങ്ങനെ പറയുന്നുണ്ടാകും: ''നിങ്ങളിങ്ങനെ കഷ്ടപ്പെടേണ്ട, എന്നെ അപായപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല, നിങ്ങള്‍ക്ക് ദോഷംചെയ്യാന്‍ എനിക്കും. നിങ്ങളോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, നാഥുറാം ഗോഡ്സെയോട് ക്ഷമിച്ചതുപോലെ. നിങ്ങള്‍ക്ക് ഞാന്‍ സൗഖ്യം നേരുന്നു, നാഥുറാമിന് നേര്‍ന്നപോലെ''.
ആ 'നാലുസഞ്ചികള്‍'
1915-ല്‍ നാല്പത്തിയഞ്ചുകാരനായ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് തിരികെവരുമ്പോള്‍ നാലുസഞ്ചികള്‍ ഒപ്പം കൊണ്ടുവന്നിരുന്നു. ആദ്യത്തെ സഞ്ചിയില്‍ ഇങ്ങനെ എഴുതിയിരുന്നു ' ഇന്ത്യക്ക് സ്വരാജ്'. 'ഹിന്ദുമുസ്ലിം സൗഹൃദം' എന്ന് രണ്ടാമത്തെ സഞ്ചിയിലും 'തൊട്ടുകൂടായ്മ തുടച്ചുനീക്കലെന്ന്' മൂന്നാമത്തേതിലും 'സത്യാഗ്രഹ'മെന്ന് നാലാമത്തെ സഞ്ചിയിലും രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ മൂന്നുലക്ഷ്യങ്ങള്‍ നേടാനുള്ള മരുന്നായിരുന്നു നാലാമത്തെ സഞ്ചിയില്‍.
ഭയമരുത്, വെറുപ്പരുത്
സത്യാഗ്രഹത്തിന്റെ ചേരുവകള്‍ പരിശോധിച്ച ഇന്ത്യന്‍ജനത കണ്ടെത്തിയത് രണ്ടുനിയമങ്ങളായിരുന്നു; 'ഭയമരുത്, വെറുപ്പരുത്' എന്നിവ. എന്തുകൊണ്ടാണ് ആളുകള്‍ ഗാന്ധിജിയെ പിന്തുടര്‍ന്നത്? അദ്ദേഹം ചേര്‍ത്തുപിടിച്ച കാര്യങ്ങള്‍, ആശയങ്ങള്‍, അദ്ദേഹമുയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങള്‍ അവയെല്ലാം ഒരുജനതയ്ക്ക് ആകര്‍ഷണീയമായി തോന്നിയിരുന്നു. ശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥരെയും ആയുധബലമുള്ള സൈനികരെയും വധിക്കാന്‍ ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടില്ല. വേണ്ടതുനല്‍കാന്‍ ബ്രിട്ടീഷുകാരോട് യാചിക്കാനുമല്ല ഗാന്ധിജി പറഞ്ഞത്. പകരം ബ്രിട്ടീഷ്‌സാമ്രാജ്യത്തോട് നിസ്സഹകരിച്ച് ഓരോ ഇന്ത്യക്കാരനും തോളോടുതോള്‍ ചേര്‍ന്നാല്‍ സ്വാതന്ത്ര്യം നമ്മുടേതാകും...
1942 മുതല്‍ 1945 വരെ ജയിലില്‍ കഴിഞ്ഞിരുന്നകാലത്ത് ജവാഹര്‍ലാല്‍ നെഹ്രു എഴുതിയ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന വിഖ്യാത പുസ്തകത്തില്‍, ഇന്ത്യന്‍ ജനതയെ ഭയത്തില്‍നിന്ന് മുക്തരാക്കിയതാണ് ഗാന്ധിജിയുടെ ഏറ്റവും വലിയ നേട്ടമെന്ന് പറഞ്ഞിട്ടുണ്ട്. 1919 മുതല്‍ ഇന്ത്യക്കാര്‍ വലിയതോതില്‍ അറസ്റ്റുവരിക്കാനും മര്‍ദനമേല്‍ക്കാനും രക്തസാക്ഷിത്വം വരിക്കാനുംവരെ തയ്യാറായി മുന്നോട്ടുവന്നിരുന്നു.
സ്‌നേഹത്തിന്റെ അര്‍ഥം
ഭയപ്പെടരുതെന്ന ഗാന്ധിജിയുടെ വാക്കുകള്‍ അനുസരിക്കപ്പെട്ടു. എന്നാല്‍, വെറുപ്പ് അരുതെന്ന ആഹ്വാനം ഇനിയും പൂര്‍ണാര്‍ഥത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു. വെറുപ്പ് ഉപേക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ബ്രിട്ടീഷുകാരോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുമ്പോഴും വ്യക്തിപരമായി അവരെ ഓരോരുത്തരെയും സ്‌നേഹിക്കണമെന്നാണ് ഗാന്ധിജി ഇന്ത്യയോടു പറഞ്ഞത്. വളരെ കടുപ്പമേറിയ ആഹ്വാനമായിരുന്നു അത്. കടുപ്പമെങ്കിലും അവശ്യമായ നിര്‍ദേശം.
വെറുപ്പിന്റെ പാതയേതായാലും അത് എതിര്‍ക്കപ്പെടേണ്ടതാണെന്ന് മഹാത്മാവിന് വ്യക്തമായിരുന്നു. ബ്രിട്ടീഷുകാരനെ വെറുക്കുന്നതില്‍ നിങ്ങള്‍ ന്യായംകണ്ടെത്തുന്നുവെങ്കില്‍ നിങ്ങള്‍ കൂടപ്പിറപ്പായ ഇന്ത്യക്കാരനെ, ഹിന്ദുവിനെ, മുസ്ലീമിനെ, ക്രിസ്ത്യാനിയെ, 'തൊട്ടുകൂടാത്തവനെ', 'ഉയര്‍ന്ന ജാതിക്കാരനെ' അല്ലെങ്കില്‍ സ്വന്തംരക്തത്തെപ്പോലും വെറുക്കാന്‍ ന്യായംകണ്ടെത്തും.
ഗാന്ധിജിയെ വിമര്‍ശിക്കുന്നതിനെ ഞാനെതിര്‍ക്കുന്നില്ല. ഒരു ജനാധിപത്യരാജ്യത്ത് മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ഏത് നേതാവിനെയും വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഐക്യം, സമത്വം, ജനാധിപത്യം എന്നിവ ആക്രമിക്കപ്പെടുന്നതിനെ ഞാന്‍ എതിര്‍ക്കും. ഇന്ത്യക്കാരില്‍ ഏതെങ്കിലുംവിഭാഗം വെറുക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്താല്‍ ഞാന്‍ എതിര്‍ക്കും. ഭയമോ വിദ്വേഷമോയില്ലാതെ എന്നാല്‍, അതിശക്തമായിത്തന്നെ എതിര്‍ക്കും.
(മഹാത്മാഗാന്ധിയുടെ പ്രപൗത്രനാണ് ലേഖകന്‍)
Content Highlights: Martyrs day 2023 Mahathma Gandhi
Published: 30 Jan 2023, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented