
ആധുനിക മലയാള കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രധാന കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. രണ്ട് കൃതികളുടെയും നൂറാം വാര്‍ഷികം 2022-ല്‍ ആഘോഷിക്കുകയാണ്.
ആധുനികകവിത്രയത്തില്‍ ആശയഗാംഭീര്യത്തോടെ തിളങ്ങിനിന്ന യുഗസ്രഷ്ടാവാണ് കുമാരനാശാന്‍. വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിശേഷണം അന്വര്‍ഥമാക്കുന്നതായിരുന്നു ആശാന്റെ കാവ്യജീവിതം. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാനെ അത്തരമൊരു പദവി നല്‍കി മദ്രാസ് യൂണിവേഴ്സിറ്റി പിന്നീട് ആദരിച്ചു.
മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച കുമാരനാശാന്‍ കാളിയമ്മ-നാരായണന്‍ ദമ്പതിമാരുടെ മകനായി ചിറയിന്‍കീഴ് താലൂക്കില്‍പ്പെട്ട കായിക്കരഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടില്‍, 1873 ഏപ്രില്‍ 12-ന് ജനിച്ചു. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തില്‍നിന്നായിരുന്നു വിദ്യാഭ്യാസമാരംഭിച്ചത്. തുണ്ടത്തില്‍ പെരുമാളാശാനായിരുന്നു കുമാരന്റെ പ്രഥമഗുരു. സംസ്‌കൃതപണ്ഡിതനായ മണമ്പൂര്‍ ഗോവിന്ദനാശാന്റെ 'വിജ്ഞാനസന്ദായിനി' എന്ന പാഠശാലയിലായിരുന്നു തുടര്‍പഠനം. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്ന കാര്യത്തില്‍ കുമാരു അക്കാലത്തുതന്നെ പ്രതിഭ തെളിയിച്ചു.
1891-ല്‍ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആധ്യാത്മികതയിലേക്കും സാമുദായികസേവനത്തിലേക്കും അദ്ദേഹം വഴിമാറി. സംസ്‌കൃതം, ഇംഗ്ലീഷ് പഠനമുള്‍പ്പെടെ പലതും ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. ഡോ. പല്‍പ്പുവിന്റെ കൂടെ ബെംഗളൂരുവിലും കല്‍ക്കത്തയിലും താമസിച്ച് പഠിച്ചു. ശ്രീകൃഷ്ണനും അര്‍ജുനനും തമ്മിലുള്ള ബന്ധത്തോടാണ് ആശാനും ഗുരുവും തമ്മിലുള്ള ബന്ധത്തെ ഉള്ളൂര്‍ ഉപമിക്കുന്നത്.
1898-1900 കാലത്തെ ബംഗാള്‍ വാസമാണ് ആശാന്റെ കാവ്യങ്ങളിലെ പ്രബുദ്ധതയ്ക്കാധാരം. ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടവും രബീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികളും ആശാനിലെ കവിയെ വളര്‍ത്തി. ശ്രീനാരായണഗുരുവിന്റെ ആജ്ഞാനുസരണം കൊല്‍ക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാന്‍ അരുവിപ്പുറത്ത് മടങ്ങിയെത്തി. ഇക്കാലത്ത് അദ്ദേഹം മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും ശിവസ്‌തോത്രമാല തുടങ്ങിയ കവിതകളും രചിച്ചു. 1903-ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. 1909 മുതല്‍ പതിമ്മൂന്നുവര്‍ഷത്തിലേറെ വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913-ല്‍ ശ്രീമൂലം പ്രജാ സഭാംഗം. 1918-ല്‍ കെ. ഭാനുമതിയമ്മയെ വിവാഹംചെയ്തു. 1920-ല്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞ് നിയമസഭയില്‍ അംഗമായി. 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ അദ്ദേഹം വിടപറഞ്ഞു.
ആശാന്റെ കാവ്യലോകം
ദിവ്യകോകിലം എന്നാണ് ഡോ. എം.ലീലാവതി കുമാരനാശാനെ വിശേഷിപ്പിച്ചത്. ബാല്യത്തില്‍ തന്നെ കവിതാരചനയില്‍ കമ്പമുണ്ടായിരുന്ന കുമാരുവിന്റെ രചനകള്‍ പരവൂര്‍ കേശവനാശാന്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനാനന്ദിനി എന്ന മാസികയില്‍ കുമാരു, എന്‍. കുമാരന്‍, കായിക്കര എന്‍. കുമാരന്‍ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. മണമ്പൂര്‍ ഗോവിന്ദനാശാന്റെ വിജ്ഞാന സന്ദായിനി പാഠശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വള്ളി വിവാഹം (അമ്മാനപ്പാട്ട്), സുബ്രഹ്‌മണ്യ ശതകം (സ്‌തോത്രം), ഉഷാകല്യാണം (നാടകം) എന്നിവ രചിച്ചത്. ടാഗോറിന്റെ കവിതകളും പാശ്ചാത്യ കവികളായ കീറ്റ്സ്, ഷെല്ലി, ടെന്നിസണ്‍ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പര്‍ക്കവും ആശാനിലെ കവിയെ പാകപ്പെടുത്തി. വീണപൂവ് എന്ന ഖണ്ഡകാവ്യത്തിലൂടെ ആശാനും കാല്പനിക പ്രസ്ഥാനവും മലയാള സാഹിത്യത്തില്‍ നിലയുറപ്പിച്ചു.
ആശാന്റെ കൃതികള്‍
1907-ല്‍ മിതവാദിയിലൂടെ വീണപൂവ് പുറത്തുവന്നു. 1908-ല്‍ ഭാഷാപോഷിണിയില്‍ ഒരു മുഖവുരയോടുകൂടി കവിത പുനഃപ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കേരളവര്‍മ വലിയ കോയിതമ്പുരാന്‍ ആ കവിത പദ്യപാഠാവലിയില്‍ ചേര്‍ത്തു.
1909-ല്‍ 'സിംഹപ്രസവം' എഴുതി. 1911-ലാണ് നളിനി രചിച്ചത്. എ.ആര്‍. രാജരാജവര്‍മയാണ് ഇതിന് അവതാരിക എഴുതിയത്. 1913-ല്‍ 'ലീല' പ്രസിദ്ധീകരിച്ചു. 1915-ല്‍ ശ്രീ ബുദ്ധചരിതത്തിന്റെ രണ്ട് കാണ്ഡങ്ങളും 1916-ല്‍ ബാലരാമായണവും പ്രസിദ്ധപ്പെടുത്തി. ബുദ്ധചരിതത്തിന്റെ മൂന്നും നാലും ഭാഗങ്ങള്‍ 1917-ല്‍ പുറത്തുവന്നു. അഞ്ചാംഭാഗം മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. 1918-ല്‍ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എഴുതി. 1919-ല്‍ എഴുതിയ പ്രരോദനം എ.ആര്‍. രാജരാജവര്‍മയുടെ വിയോഗത്തെ ആസ്പദമാക്കിയുള്ള വിലാപകാവ്യമാണ്. വിവേകോദയത്തില്‍ 'ചിത്രയോഗ നിരൂപണം' പ്രസിദ്ധപ്പെടുത്തിയതും ഇതേ വര്‍ഷത്തിലാണ്.
1919-ലാണ് 'ചിന്താവിഷ്ടയായ സീത' രചിക്കുന്നത്. 1922 -ല്‍ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിച്ചു. ഇതേ വര്‍ഷം ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി എന്നീ കാവ്യങ്ങളും പുഷ്പവാടി എന്ന ബാല കവിതയും പുറത്തുവന്നു. 1923-ല്‍ കരുണ എഴുതി. 2022-ല്‍ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കാവ്യങ്ങളുടെ നൂറാംവാര്‍ഷികം ആഘോഷിക്കുകയാണ്.
സവിശേഷതകള്‍
ദാര്‍ശനികതയും സ്‌നേഹമാഹാത്മ്യവും വിപ്ലവബോധവും ഒരുപോലെ മുറുകിനില്‍ക്കുന്ന കാവ്യശൈലിയാണ് കുമാരനാശാന്റേത്. ആശാന്റെ കാവ്യങ്ങളില്‍ എവിടെയും പ്രകാശിക്കുന്നത് സ്‌നേഹത്തിന്റെ രൂപഭേദങ്ങളായ പ്രേമം, കരുണ, സൗഹാര്‍ദം തുടങ്ങിയ ഭാവങ്ങളാണ്. ആഴമില്ലാത്ത ഒഴുക്കും മുക്കുപണ്ടങ്ങളുടെ കിലുക്കവും വിരസമായ വളച്ചുകെട്ടും ആശാന്‍ വെറുത്തുവെന്ന് എന്‍. കൃഷ്ണപിള്ള 'കൈരളിയുടെ കഥ'യില്‍ പറയുന്നു.
അഗാധമായ തത്ത്വചിന്ത, അനന്യസുലഭമായ ആശയസമ്പത്ത്, അചുംബിതമായ ഉല്ലേഖകല്പനകള്‍, അതിസൂക്ഷ്മമായ പ്രകൃതിനിരീക്ഷണം എന്നിവയാണ് ആശാന്‍കവിതയുടെ കാതലെന്ന് ഉള്ളൂര്‍ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഏത് കൃതിയിലും ആത്മീയമായ ഒരു സന്ദേശം കാണാം. ഭാവനിര്‍ഭരമായ നാടകീയത ഏറ്റവും മനോഹരമായി ഉപയോഗിച്ച കവിയാണ് കുമാരനാശാന്‍.
നവോത്ഥാനകവി
കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിളിച്ചത് തായാട്ട് ശങ്കരനാണ്. മലയാളകവിതയുടെ ഭാവമണ്ഡലത്തില്‍ ആശാന്‍ ആവിഷ്‌കരിച്ച വിപ്ലവം, വിലകുറഞ്ഞ ഹാസ്യത്തില്‍നിന്നും ശൃംഗാരത്തില്‍നിന്നും വിലപ്പെട്ട കണ്ണീരിലേക്കും വിലപ്പെട്ട ആത്മാര്‍പ്പണസ്വരൂപമായ സ്‌നേഹത്തിലേക്കും അതിനെ തിരിച്ചുവിട്ടുവെന്നതാണെന്ന് ഡോ. എം. ലീലാവതി പറയുന്നു.
ആശാന്റെ കാവ്യരചനാകാലഘട്ടത്തെ മൂന്ന് ഘട്ടമായി തിരിക്കാം. 1908 വരെ സ്‌തോത്രകൃതികളടങ്ങിയ ഭക്തിഘട്ടം. തുടര്‍ന്ന് വീണപൂവിനുശേഷം ലൗകികവും ആത്മീയവുമായ വ്യക്തിനിരീക്ഷണഘട്ടം. 1920-നുശേഷം ആശാന്‍ മറ്റൊരു കാവ്യഭാവുകത്വത്തിലേക്ക് കടക്കുന്നു. സാമൂഹികപ്രശ്‌നങ്ങളിലേക്ക് കവിത വളര്‍ന്നു. ഇക്കാലയളവിലെഴുതിയ രണ്ട് കവിതകളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും.
ജാതിഭേദത്തെയും ദുരാചാരങ്ങളെയും എതിര്‍ക്കുന്നതിന് പത്രാധിപരെന്നനിലയ്ക്ക് എഴുതിയിട്ടുള്ള ആശാന്‍, കവിതയിലും ജാതിനിര്‍മാര്‍ജനം ലക്ഷ്യംവെച്ചു. ആദ്യമായി ജാതിപ്രശ്‌നം പ്രമേയമാക്കുന്നത് 'ദുരവസ്ഥ'യിലാണ്. 'ദുരവസ്ഥ'യുടെ സഹോദരിയാണ് 'ചണ്ഡാലഭിക്ഷുകി' എന്ന് ആശാന്‍ പറഞ്ഞുവെച്ചു.
താന്‍ പ്രതിനിധാനംചെയ്യുന്ന സമൂഹമടക്കം ഗ്രാമീണജീവിതത്തിലനുഭവിക്കുന്ന രൂക്ഷമായ ജാതീയത, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടല്‍ എന്നീ ജാത്യനാചാരങ്ങള്‍ ആശാനെ അസ്വസ്ഥനാക്കിയിരുന്നു. അതില്‍നിന്ന് ജനിച്ച രണ്ട് കൃതികളാണ് ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും.
ദുരവസ്ഥ
മലബാറിലെ മാപ്പിളലഹളക്കാലത്ത് നടന്നതായി കല്‍പിച്ചിട്ടുള്ള ഒരു കഥയാണ് ദുരവസ്ഥയിലെ ഇതിവൃത്തം. ലഹളയുടെ ഓര്‍മയെ സമുദായത്തിന്റെ പുനഃസംഘടനയ്ക്ക് പ്രേരകമാകത്തക്കവണ്ണം നിലനിര്‍ത്തണമെന്നുള്ളതാണ് ദുരവസ്ഥയുടെ ഉദ്ദേശ്യമെന്ന് മുഖവുരയില്‍ പറയുന്നതിലൂടെ സാമൂഹികമായ പ്രതിജ്ഞാബദ്ധത ആശാന്‍ ഇവിടെ അംഗീകരിക്കുന്നു. മാപ്പിളലഹളക്കാലത്ത് മാപ്പിളമാര്‍ മലബാറിലെ ഒരു ഇല്ലത്തെ ആക്രമിച്ചപ്പോള്‍ രക്ഷപ്പെട്ട് ഓടിപ്പോന്ന സാവിത്രി എന്ന അന്തര്‍ജനം ചാത്തന്റെ പുലയക്കുടിലില്‍ അഭയം പ്രാപിക്കുകയും കുറേനാള്‍ അവിടെ ഒളിച്ചുതാമസിക്കുകയും ചെയ്യുന്നു. ആ കാലത്ത് അവന്റെ സ്വഭാവശുദ്ധിയും നന്മയും കണ്ട് കന്യകയ്ക്കുണ്ടായ ആദരം പ്രേമത്തിലേക്ക് മാറി അയാളെ വിവാഹം കഴിക്കുന്നു. ദുരവസ്ഥയിലെ പ്രമേയം ഇതാണ്. ജാതിവ്യവസ്ഥ നിലനിന്ന അക്കാലത്ത് ഇത്തരമൊരു പ്രമേയം കവിതയില്‍ കൊണ്ടുവന്നു എന്നതാണ് ഇതിലെ വിപ്ലവ മൂല്യം.
ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്. ദുരവസ്ഥ പ്രഥമ ശ്രവണത്തില്‍ വിപ്ലവമായി തോന്നാമെങ്കിലും അത് അബദ്ധമാണെന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. എന്നാല്‍ ജാതിവ്യവസ്ഥയോടും അതിന്റെ അനാചാരങ്ങളോടും ശക്തമായി പ്രതികരിക്കുന്ന കാവ്യമാണ് ദുരവസ്ഥ എന്ന കാര്യത്തില്‍ സംശയമില്ല.
'ആഹന്തയെത്ര വിഫലമാക്കിത്തീര്‍ത്തു
നീ ഹിന്ദു ധര്‍മ്മമേ, 'ജാതി'മൂലം!' എന്ന് ചോദിക്കുന്നു കവി.
'തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!'
എന്ന് അന്നത്തെ കേരളീയാവസ്ഥ കൃത്യമായി ആശാന്‍ ആവിഷ്‌കരിക്കുന്നു.
സാവിത്രിയുടെ അനുരാഗത്തെ വര്‍ണിച്ച് മിശ്രവിവാഹത്തിലൂടെ ജാതിക്കോട്ടകള്‍ തകര്‍ത്ത് നല്ലൊരു നാളെയെ വിഭാവനം ചെയ്യുകയാണ് ആശാന്‍.
നവോത്ഥാന ആശയങ്ങളും പ്രസ്ഥാനങ്ങളും കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കാലത്തെയാണ്
'കാലം വൈകിപ്പോയി, കേവല മാചാര -
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടി നിറുത്താന്‍ കഴിയാതെ ദുര്‍ബല -
പ്പെട്ട ചരടില്‍ ജനത'
എന്ന വരികളില്‍ സൂചിപ്പിക്കുന്നത്.
തുടര്‍ന്നുള്ള വരികള്‍ എക്കാലത്തും പ്രസക്തമായവയാണ്.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
നിലനില്‍ക്കുന്ന ഏതൊരു ദുര്‍വ്യവസ്ഥയെയും മാറ്റിയില്ലെങ്കില്‍ അവ നമ്മളെ തന്നെ അതിന്റെ ഭാഗമാക്കിത്തീര്‍ക്കുമെന്ന ഈ ഉദ്ബോധനം വ്യവസ്ഥാപിത സമൂഹത്തില്‍ എന്നും പ്രസക്തമാണ്.
മറ്റ് കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയിലുള്ള ഒരു കാവ്യമാണ് ഇതെന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച ദുരവസ്ഥ ആശാന്‍ തന്റെ കാവ്യശൈലിയില്‍നിന്ന് മാറി സാമൂഹികവിഷയങ്ങളിലേക്ക് കടന്നു എന്നതിന്റെ തെളിവാണ്. മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റിക് കാവ്യമായി ദുരവസ്ഥയെ കണക്കാക്കാം.
ചണ്ഡാലഭിക്ഷുകി
ശ്രീബുദ്ധന്റെ ദിവ്യാവതാര കഥകളില്‍ ഒന്നായ മാതംഗിയെന്ന ചണ്ഡാല യുവതിയുടെ സംഘപ്രവേശമാണ് 'ചണ്ഡാലഭിക്ഷുകി'യിലെ ഇതിവൃത്തം. ദുരവസ്ഥയും ഇതും ഒരു ഞെട്ടില്‍ പൂത്ത രണ്ട് പുഷ്പങ്ങളാണെന്ന് ചണ്ഡാലഭിക്ഷുകിയുടെ അവതാരികയില്‍ ഉള്ളൂര്‍ പറയുന്നു.
ബുദ്ധമതത്തിലെ പല ആശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ തുടച്ചുനീക്കാന്‍ പ്രയോജനപ്പെടുമെന്ന വിശ്വാസമാകണം ഈ കൃതിയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തം സ്വീകരിക്കാന്‍ ആശാനെ പ്രേരിപ്പിച്ചത്. പ്രൊഫസര്‍ ലക്ഷ്മീനരാസുവിന്റെ 'ദ എസന്‍സ് ഓഫ് ബുദ്ധിസം' എന്ന പുസ്തകത്തില്‍നിന്നുള്ള കഥയാണ് ഈ കവിതയ്ക്കാധാരം. ജാതിശ്രേണിയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന സമുദായത്തില്‍പ്പെട്ട മാതംഗിയോട് ഉന്നതകുലജാതനായ ആനന്ദഭിക്ഷു കുടിക്കാന്‍ വെള്ളം ചോദിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്.
''ഭഗിനീ, കൃപാരസ
മോഹനം കുളിര്‍ തണ്ണീരിതാശു നീ'',
''അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ''
''ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!''
തന്റെ ജാതികീഴായ്മ അതിന് അനുവദിക്കുന്നില്ലെന്ന് അവള്‍ മറുപടി നല്കി. മനുഷ്യര്‍ക്കിടയില്‍ ജാതിവ്യത്യാസങ്ങള്‍ പാടില്ലെന്ന് പറഞ്ഞ ആനന്ദന്‍ മാതംഗിയില്‍നിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നു. മനുഷ്യസമത്വത്തിന്റെ ഈ ദര്‍ശനം മാതംഗിക്ക് പുതിയ പ്രകാശമാണ് നല്കിയത്.
ബുദ്ധമതത്തിന്റെ തത്ത്വങ്ങളിലേക്ക് ആകൃഷ്ടയായ മാതംഗി ആനന്ദനെ തേടിയിറങ്ങി ബുദ്ധസംഘത്തില്‍ ചെന്നെത്തി ബുദ്ധഭിക്ഷുണിയാവുന്നു. ബുദ്ധമതത്തിന്റെ അടിസ്ഥാനത്തില്‍ ആശാന്‍ ഗൗതമ ബുദ്ധനെക്കൊണ്ട് വലിയ പ്രചോദനാത്മകമായ പ്രബോധനം നടത്തുന്നു. ബുദ്ധദേവനെക്കൊണ്ട് ജാതിയെ അപലപിപ്പിക്കുന്ന ഈ ഉപാലംഭം അത്യുജ്ജ്വലമാണെന്നാണ് ഡോ. എം.ലീലാവതിയുടെ അഭിപ്രായം.
ചണ്ഡാലസ്ത്രീ ഭിക്ഷുണിയായിത്തീര്‍ന്നതറിഞ്ഞ ജാതിഹിന്ദുക്കള്‍ പ്രസേനജിത്ത് രാജാവിനെ വിവരമറിയിക്കുകയും ബുദ്ധചൈത്യത്തിലെത്തിയ അദ്ദേഹം ശ്രീബുദ്ധന്റെ കരുണാര്‍ദ്രമായ വചനം ശ്രവിച്ച് തിരിച്ചുപോകുകയുമാണ്. ഗൗതമബുദ്ധന്‍ രാജാവിനോട് നടത്തുന്ന പ്രഭാഷണം യഥാര്‍ഥത്തില്‍ ആശാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാരോട് നടത്തുന്ന പ്രഭാഷണമാണെന്ന് കേസരി എ. ബാലകൃഷ്ണപിള്ള നിരീക്ഷിക്കുന്നു. 1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് നയിക്കാനുള്ള ഒരു സാമൂഹിക സാഹചര്യം ചണ്ഡാലഭിക്ഷുകി സൃഷ്ടിച്ചു. ചണ്ഡാല ഭിക്ഷുകിയെ കേസരി വിശേഷിപ്പിക്കുന്നത് ശുദ്ധ പുരോഗമന കൃതി അഥവാ വീരപുരോഗമന കൃതി എന്നാണ്.
സ്‌നേഹഗായകനായ ആശാന്‍ സ്‌നേഹത്തിന്റെ പൂര്‍ണത ത്യാഗത്തിലന്തര്‍ലീനമാണെന്ന ബുദ്ധതത്ത്വത്തിലാണ് വിശ്വാസമര്‍പ്പിച്ചത്. ഈ തത്ത്വത്തെ ആസ്പദമാക്കിത്തന്നെയാണ് ബുദ്ധഭഗവാന്‍ പ്രസേനജിത്ത് രാജാവിനോട് ചണ്ഡാലഭിക്ഷുകിയില്‍ ചെയ്യുന്ന സദുപദേശം.
''മോഹം കളഞ്ഞു ജനത്തെത്തമ്മില്‍
സ്‌നേഹിപ്പാന്‍ ചൊല്ക നരേന്ദ്ര!
സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍ സ്വയം
സ്‌നേഹം താനാനന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍സ്‌നേഹ
വ്യാഹതി തന്നെ മരണം''
സ്‌നേഹം എന്ന ദിവ്യൗഷധംകൊണ്ട് ലോകത്തെയൊന്നാകെ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കാം. ഈ ആശയമാണ് ആശാനെ സ്‌നേഹഗായകന്‍ എന്ന ഉത്കൃഷ്ട പദവിയിലേക്കുയര്‍ത്തിയത്. അബദ്ധം ആചാരവും പിന്നെ ശാസ്ത്രവുമായി മാറുന്ന അവസ്ഥയാണ്. ഇതുണ്ടാവാതെയിരിക്കണമെങ്കില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് പറയുകയാണ് കവി.
''ഇന്നലെ ചെയ്‌തോരബദ്ധം
മൂഢര്‍ക്കിന്നത്തെയാചാരമാവാം
നാളത്തെ ശാസ്ത്രമതാകാം,
അതില്‍ മൂളായ്ക സമ്മതം രാജന്‍!''
എന്ന വരികളില്‍ പറയുന്നത്.
അന്ധവിശ്വാസങ്ങളാല്‍ അരുംകൊലകള്‍ നടക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ആശാന്റെ പല വരികളും നാം ഓര്‍ക്കേണ്ടതുണ്ട്. അവയെല്ലാം എന്നും പ്രസക്തവുമാണ്.
സാമൂഹിക പ്രശ്‌നങ്ങളിലേക്കിറങ്ങിവന്നുകഴിഞ്ഞ കവിയുടെ ജീവിതത്തിലെ മൂന്നാംഘട്ടം രണ്ടാംഘട്ടത്തെപ്പോലെ ഒരു വ്യാഴവട്ടമെങ്കിലും നീണ്ടുനിന്നിരുന്നുവെങ്കില്‍ സാമ്പത്തിക വിപ്ലവത്തിന്റെ കാഹളംകൂടി അദ്ദേഹത്തിന്റെ കവിതയില്‍നിന്ന് മുഴങ്ങുമായിരുന്നുവെന്ന് എം.ലീലാവതി അഭിപ്രായപ്പെടുന്നു.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായ ചിന്തകള്‍ ആശാന്‍ തന്റെ കവിതയിലൂടെ കേരള നവോത്ഥാന സാമൂഹികാന്തരീക്ഷത്തില്‍ പാകി. മനുഷ്യസ്‌നേഹത്തിന്റെയും വിപ്ലവത്തിന്റെയും ദര്‍ശന ഗൗരവം തികഞ്ഞ വരികള്‍ ജീവിതത്തിന്റെ ആഴങ്ങളെയും ഔന്നത്യങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തി.
Content Highlights: Kumaranasan@150, Neethu K.R, Mathrubhumi
Published: 11 Apr 2023, 08:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented