കുമാരനാശാൻറെ ജീവിതസംഘർഷങ്ങളും കവിതകളുടെ ആവിഷ്കാരവുമായി ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന നവോഥാന ചരിത്രഘട്ട സിനിമ ചൊവ്വാഴ്ച തിയേറ്ററിലെത്തി. ആശാൻറെ ജീവിതം പ്രമേയമായ ആദ്യ കഥാചിത്രം അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികദിനത്തിൽ പ്രേക്ഷകരിലെത്തിയപ്പോൾ അതും ചരിത്രമായി. ജെ.സി.ഡാനിയേൽ അവാർഡ് ജേതാവായ സംവിധായകൻ കെ.പി.കുമാരൻ ഈ സിനിമ തിയേറ്ററിലെത്തിച്ചത് 84-ാം വയസ്സിൽ. ഇത് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ 50-ാം വർഷവുമാണ്. ഭാര്യ എം.ശാന്തമ്മ പിള്ളയാണ് നിർമാതാവ്.

To advertise here,

‘ഈ പ്രായത്തിൽ വലിയ സാമ്പത്തികബാധ്യത വഹിക്കുന്നത്, ഈ സിനിമ യഥാർഥ കാഴ്ചക്കാരിലെത്തണമെന്ന എന്റെ സ്വപ്നവും ആശാനോടുള്ള ഇഷ്ടവുംകൊണ്ടാണ്. അദ്ദേഹത്തെ പുതിയ തലമുറ അറിയാത പോകരുതെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം മരിക്കുന്നതിനുമുന്പുള്ള ആറേഴുവർഷത്തെ ജീവിതമാണ് സിനിമ. പ്രബുദ്ധകേരളം ഒന്നോ, രണ്ടോ തവണ കാണണമെന്നാണ് അഭ്യർഥന,’-കെ.പി.കുമാരൻ പറയുന്നു.

‘ചരിത്രമൂല്യമുള്ള സിനിമ തിയേറ്ററിലെത്തിക്കുക അത്ര നിസ്സാരമല്ല. താരമൂല്യമില്ലാത്ത ചിത്രത്തിന് തിയേറ്റർ കിട്ടാൻ ബുദ്ധിമുട്ടാണ്. കിട്ടിയിരിക്കുന്നത് പന്ത്രണ്ട് തിയേറ്ററുകൾ. അതും 16 മുതൽ മൂന്നുദിവസം മാത്രം. സർക്കാർ വിനോദനികുതിയിൽനിന്ന് ഒഴിവാക്കിയതാണ് ഒരാശ്വാസം,’-അദ്ദേഹം തുടരുന്നു.

45-ാം വയസ്സിൽ തന്നേക്കാൾ വളരെ പ്രായംകുറഞ്ഞ പെൺകുട്ടിയെ വിവാഹംചെയ്ത കുമാരനാശാന്റെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ കാതൽ. ചിത്രീകരണം നടത്തിയത് ‘പെരുന്പളം’ ദ്വീപിലും പെരിയാറിന്റെ തീരത്തും. 2022-ൽ ആശാന്റെ ജന്മദിനത്തിലായിരുന്നു സിനിമ ഒരുക്കിത്തുടങ്ങിയത്. കഴിഞ്ഞവർഷം ആശാന്റെ ജന്മദിനത്തിൽ ചിത്രം പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് യഥാർഥ പ്രദർശനം. കുമാരനാശാനായി അഭിനയിക്കുന്നത് സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ. അദ്ദേഹം സംഗീതസംവിധാനം ചെയ്ത് ആശാന്റെ കവിത ചൊല്ലിയിട്ടുമുണ്ട്.

നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരം നേടിയിട്ടുള്ള കെ.പി.കുമാരൻ എഴുപതുകളിൽ സിനിമയിലെ നവതരംഗത്തിന് തുടക്കമിട്ട ആളാണ്. 1972-ൽ അടൂർ ഗോപാലകൃഷ്ണൻറെ സ്വയംവര’ത്തിൻറെ തിരക്കഥാ പങ്കാളിയായെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം ‘അതിഥി’ ആണ്‌. 1988-ൽ ‘രുഗ്മിണി’ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡുനേടി. കണ്ണൂരിലെ കൂത്തുപറമ്പിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ ‘ഭൂമിക’യിലാണ് താമസം.

കോടികൾ മുടക്കുള്ള ചിത്രം

കോടികൾ മുടക്കി ഈ പ്രായത്തിൽ കുമാരൻസാർ സംവിധാനം ചെയ്ത സിനിമ ചൊവ്വാഴ്ച നിറഞ്ഞ സദസ്സിലാണ് പയ്യന്നൂരിലും മൂവാറ്റുപുഴയിലും പ്രദർശിപ്പിച്ചത്. ഇതേപോലെ ഒരു താത്‌പര്യം ഉണ്ടായാലേ ഇത്തരം സിനിമകൾ വിജയിക്കൂ. - പി.പ്രേമചന്ദ്രൻ, സെക്രട്ടറി, ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂർ.