മലയാള ഭാഷയ്ക്കും ആധുനിക കേരളത്തിനും 'യുഗസ്രഷ്ടാവാണ് മഹാകവി കുമാരനാശാന്‍. കവിതയെ ആശാന്‍ 'നവോത്ഥാനത്തിന്റെ വാക്കാക്കിത്തീര്‍ത്തു. അടിമത്തമില്ലാത്ത രാഷ്ട്രം, ജാതി-മത-വര്‍ണ ഭേദമില്ലാത്ത സമൂഹം, ചൂഷണമുക്തമായ സമുദായം തുടങ്ങിയ സാമൂഹികാദര്‍ശങ്ങളെയെല്ലാം അദ്ദേഹം തന്റെ കാവ്യാദര്‍ശങ്ങളാക്കി. 'കെട്ടി നിറുത്താന്‍ കഴിയാത്ത ദുര്‍ബലപ്പെട്ട ചരടില്‍ ജനത നില്‍ക്കാ'എന്ന് അധികാര ഗര്‍വത്തിന്റെ വരേണ്യശക്തികളെ ആശാന്‍ കവിത ഓര്‍മപ്പെടുത്തി. സ്‌നേഹവിപ്‌ളവത്താല്‍ കാലത്തെ മാറ്റിയെടുത്തു.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍...'
എന്ന യുഗധീരതയുടെ പ്രഖ്യാപനത്താല്‍ മാറാതെ നിന്ന അടിമചരിത്രത്തെ അങ്ങനെ സാംസ്‌കാരികമായി കവി മാറ്റി. 'മുമ്പോട്ടു കാലം കടന്നുപോയിടാതെ മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി വാണ' യുഗദീര്‍ഘമായ അധികാരമുഷ്‌കുകളെയാണ് 'ദുരവസ്ഥ'യില്‍ ആശാന്‍ വെല്ലുവിളിച്ചത്. നേരിട്ടുള്ള ജാതിവ്യവസ്ഥ മാറ്റിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും 'നിന്നെ ക്ഷണിക്കുന്നേന്‍, വന്നേല്‍ക്കണേയെന്നെളിയദാനം...' എന്ന് സാവിത്രി അന്തര്‍ജനം ചാത്തപ്പുലയന്റെ കൈപിടിച്ചപ്പോള്‍ സ്വയം ജാതിേക്കാട്ട തകര്‍ന്നുവീണു.
രണ്ടു നവോത്ഥാന കര്‍ത്തൃത്വങ്ങള്‍ ആശാന്‍ ഒരേസമയം സൃഷ്ടിച്ചു. ജാതിവ്യവസ്ഥ സൃഷ്ടിച്ചിരുന്ന തൊട്ടുകൂടായ്മയുടെ കാണാച്ചരടുപൊട്ടിച്ചു. സ്ത്രീക്കും കര്‍ത്തൃത്വശേഷി സൃഷ്ടിച്ചു നല്‍കി. ദുരന്തത്തിന്റെ അവസ്ഥയിലാണ് ഈ തിരിച്ചറിവുകള്‍ സൃഷ്ടിച്ചത് എന്നുമോര്‍ക്കണം.
'പ്രിയ രാഘവ! വന്ദനംഭവാ-
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലോരാശ്രയം വിനാ'
എന്ന് ചിന്താവിഷ്ടയായ സീതയില്‍ സീതയെക്കൊണ്ടു പറയിച്ചപ്പോള്‍ ആധുനിക സ്ത്രീയുടെ സ്വാതന്ത്ര്യാകാശങ്ങളെ ആശാന്‍ കൂടുതല്‍ വിപുലമാക്കിത്തീര്‍ത്തു. സീത ആധുനിക സ്ത്രീയുടെ സ്വാതന്ത്ര്യപ്രതീകമായി. ലോകബോധത്തെ കവി അകംപുറം മറിച്ചു.
'അജ്ജാതിരക്തത്തിലുണ്ടോ- അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ
പിണ്ഡത്തിനൂഷരമാണോ....?'
എന്ന, ചണ്ഡാലഭിക്ഷുകിയിലെ ചോദ്യവും ഈ വിധത്തിലുള്ള ഒരട്ടിമറിയാണ്. 'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ' എന്നു വിലപിക്കാവുന്ന ഒരു ദുരവസ്ഥയില്‍ ബുദ്ധഭിഷുവിനെ നിര്‍ത്തിയിട്ടാണ് സ്‌നേഹത്തിന്റെ തിരിച്ചറിവുണ്ടാക്കുന്നത്. സ്‌നേഹത്തിന്റേതായ ഒരു മഹാവിമോചന സ്വപ്നം രൂപപ്പെടുന്നത്. 'ദുരവസ്ഥ' കളിലാണെന്ന് ആശാന്‍ ഓര്‍മപ്പെടുത്തി, കോവിഡ് കാല ദുരന്ത സന്ദര്‍ഭത്തില്‍ ആശാന്‍ ഏറ്റവും കൂടുതല്‍ പ്രസക്തനായിത്തീരുന്നതും അതുകൊണ്ടാണ്. 'ദുരവസ്ഥ'യുടെ ആമുഖത്തില്‍ ആപത്തിനെപ്പോലെ മനുഷ്യന് നന്മചെയ്യുന്ന ശക്തിയില്ലെന്ന് കുമാരനാശാന്‍ സൂചിപ്പിക്കുന്നുണ്ട്. ദുരന്തത്തിലകപെട്ട മനുഷ്യാത്മാക്കള്‍ പരസ്പരം കൈനീട്ടുമ്പോള്‍ യഥാര്‍ഥമായ മനുഷ്യ മഹത്ത്വം വെളിപ്പെടും എന്ന് ആശാന്‍ സിദ്ധാന്തിച്ചു. ദുഃഖത്തെ മറികടക്കാനുള്ള ഏകമാര്‍ഗം ദുഃഖിക്കുക മാത്രമാണെന്ന് ബുദ്ധനെപ്പോലെ ആശാന്‍ തിരിച്ചറിഞ്ഞു. ദുഃഖത്തിന്റെ ഔഷധമൂല്യം തന്നെ എല്ലാ ദുഃഖങ്ങളില്‍നിന്നും ജീവിതത്തെ നന്മയിലേക്ക് നയിക്കും എന്ന പ്രബുദ്ധത ആശാന്റെ എല്ലാ കാവ്യങ്ങളിലുമുണ്ട്.
'ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല മോദത്തിനും ഭവി വിപത്തുവരാം ചിലപ്പോള്‍' എന്ന് വീണപൂവില്‍ ആശാന്‍ ഉപദേശിക്കുന്നുണ്ടല്ലോ. 'ഉത്പന്നമായതു നശിക്കും അണുക്കള്‍ നില്‍ക്കും' എന്നുകൂടി എഴുതുമ്പോള്‍ ഭൗതികവിനാശം ഒരിക്കലും ആത്യന്തിക നാശമല്ലെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.
ശ്രീനാരായണ ഗുരുദേവന്‍ സുഖമില്ലാതെ അപ്പോത്തിക്കിരിയെ (ഡോക്ടര്‍) കാണാന്‍ പാലക്കാട്ടുവന്ന സന്ദര്‍ഭത്തിലാണത്രേ ഈ വരികള്‍ പലതും പിറന്നത്. കുമാരനാശാന്‍ അന്ന് ഗുരുവിന്റെ കൂടെയുണ്ടായിരുന്നു. ജൈനിമേട്ടില്‍ അവര്‍ താമസിച്ച വീടിന്റെ മുറ്റത്ത് വീണുകിടന്ന പൂവായിരുന്നു കാവ്യപ്രചോദനം. 'ഹാ'യില്‍ത്തുടങ്ങി, 'കഷ്ട'ത്തിലവസാനിക്കുന്ന 'വീണപൂവ്' എന്ന ചെറിയ കാവ്യം കവിതയിലെ ഒരു കാല്പനികയുഗത്തിനു തുടക്കം കുറിച്ചു.
'ഒന്നല്ലിനാ, മയി സഹോദരരല്ലി? പൂവേ/ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം' എന്നെഴുതിയപ്പോഴേക്കും സര്‍വ ജൈവലോകത്തെയും സ്‌നേഹിക്കുന്ന വിശിഷ്ട സാഹോദര്യത്തിന്റെ സ്‌നേഹാനുഭവത്തിലേക്കും നവോത്ഥാനസൗന്ദര്യത്തിലേക്കും ആശാന്റെ കവിത പ്രവേശിച്ചുകഴിഞ്ഞു. തന്റെ സ്‌നേഹസങ്കല്പത്തിന് 'ചണ്ഡാലഭിഷുകി'യില്‍ ഒരു ചിരന്തന പ്രത്യയശാസ്ത്രം ആശാന്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.
'സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം,
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
സ്‌നേഹംതാന്‍ ശക്തി ജഗത്തില്‍-സ്വയം
സ്‌നേഹം താന്‍ സൗന്ദര്യമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍-സ്‌നേഹ-
വ്യാഹതിതന്നെ മരണം'
സ്‌നേഹം എന്ന ഈ ജീവശാസ്ത്രപരമായ ജീവിത പ്രവര്‍ത്തനംകൊണ്ട് ലോകത്തെയൊന്നാകെ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കാം എന്ന ഈ ആശയമാണ് ആശാനെ സ്‌നേഹഗായകന്‍ എന്ന ഉത്കൃഷ്ട പദവിയിലേക്കുയര്‍ത്തിയത്. 'പ്രേമമേ നിന്‍ പേരു കേട്ടാല്‍ പേടിയാം, വഴിപിഴച്ച കാമകിങ്കരന്മാര്‍ ചെയ്യും കടുംകൈകളാല്‍' എന്നു വിഷാദിച്ചു തുടങ്ങിയ 'കരുണ'യില്‍പ്പോലും 'അക്കിടപ്പിലുമവളായുവമുനിയെ വീക്ഷിപ്പാന്‍ പൊക്കീടുന്നു തല, രാഗവൈഭവം കണ്ടോ?' എന്ന സ്‌നേഹ വൈഭവത്തിലേക്കുതന്നെയാണ് ആശാന്‍ ഒടുവില്‍ എത്തിച്ചേരുന്നത്.
ഈ സ്‌നേഹാന്വേഷണ പരീക്ഷണങ്ങളില്‍നിന്നു തന്നെയാണ് ഒരു സാമുദായിക പരിവര്‍ത്തനമുണ്ടാക്കിത്തീര്‍ക്കാമെന്നുള്ള വിമോചന സ്വപ്നങ്ങളിലേക്ക് ആശാന്റെ കവിത വിപ്ലവാത്മകമായി വളരുന്നത്. മനുഷ്യചിന്തയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ കാല്പനികതയെ ആശാന്‍ ഉപയോഗപ്പെടുത്തി. 'വീണപൂവില്‍' ആശാന്‍ അടിസ്ഥാനപരമായി ദര്‍ശിച്ചത് വിരിഞ്ഞപൂവിനെത്തന്നെയാണ്. അല്ലെങ്കില്‍ ഓരോ വീണപൂവിലും ഓരോ വിരിഞ്ഞപൂവുണ്ട് എന്നാണ് കണ്ടത്.
'വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിക്കുമുമ്പുഴറിയോടിയഭീരുവാട്ടെ,
നേരേ വിടര്‍ന്നു വിലസീടിന നിന്നെനോക്കി-
യാരാകിലെന്ത്? മിഴിയുള്ളവര്‍ നിന്നിരിക്കാം'
എന്നെഴുതിയപ്പോള്‍ കുമാരനാശാന്‍ നമ്മുടെ ചിന്തയെ ജീവിത വൈരാഗ്യത്തിലേക്കല്ല ജീവിതരാഗത്തിലേക്ക് തന്നെയാണ് ഉപനയിച്ചത്. 'മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം' എന്ന കല്പനകൊണ്ട് ജീവിച്ചു തീര്‍ത്ത വര്‍ഷമല്ല, വര്‍ഷിച്ചുതീര്‍ത്ത ജീവിതമാണ് പ്രധാനം എന്നും ആശാന്‍ സമര്‍ഥിച്ചു.
ആശാന്റെ ജീവിതവും ആ വിധമായിരുന്നുവല്ലോ. 1873 ഏപ്രില്‍ 12-നു ജനിച്ച് 1924 ജനുവരി 16-നു അവസാനിച്ച, അരനൂറ്റാണ്ടു മാത്രം ജീവിച്ചുതീര്‍ത്ത ആ ക്ഷണിക മഹിത ജീവിതേതിഹാസത്തില്‍ കവിത മാത്രമല്ല സംഭവബഹുലമായ യുഗംതന്നെ ഉദിച്ചസ്തമിച്ചു. കൊച്ചുരാമന്‍ വൈദ്യരുടെ കീഴില്‍ സംസ്‌കൃതം പഠിച്ച് പിന്നീട് അധ്യാപകനായും കണക്കപ്പിള്ളയായും ജോലി നോക്കി. സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തി. ഇളംപ്രായംതൊട്ടേ കവിതയെഴുത്തു തുടങ്ങി. 1891-ല്‍ ശ്രീനാരായണഗുരുവുമായി കണ്ടുമുട്ടി. ഗുരുവിന്റെ ശിഷ്യനായി െകാല്‍ക്കത്തയില്‍പ്പോയി പഠിച്ചു. 1903-ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയായി. വിവേകോദയത്തിന്റെ പത്രാധിപരായി, വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ബാലരാമായണം, ശ്രീബുദ്ധചരിതം, ഒരു സിംഹപ്രസവം തുടങ്ങി അനേകം വിശിഷ്ട കാവ്യങ്ങളെഴുതി. ഓട്ടുകമ്പനി നേരിട്ടുനടത്തി വിജയിപ്പിച്ചുകൊണ്ട് കവിക്കും വ്യവസായം നടത്താമെന്ന് കാണിച്ചുതന്നു.
ഒടുവില്‍ പല്ലനയാറ്റിലുണ്ടായ റഡീമര്‍ ബോട്ടപകടത്തില്‍പ്പെട്ട് ഈ ലോകം വെടിഞ്ഞുപോവുമ്പോഴേക്കും ആശാന്‍ കുറിച്ചതുപോലെ സാധിച്ചു. 'വേഗ, മഥവാ തവ ജന്മകൃത്യം' എന്ന് സമാധാനിക്കുകയേ ലോകത്തിനു കരണീയമായിട്ടുണ്ടായിരുന്നുള്ളൂ.
'ലോകാനുരാഗമിയലാത്തവരേ, നരന്റെ-
ആകാരമാര്‍ന്നിവിടെ നിങ്ങള്‍ ജനിച്ചിടായ്വിന്‍' എന്ന ആശാന്റെ വരികള്‍ മുന്‍നിര്‍ത്തി വിചാരിച്ചാല്‍ കഴിഞ്ഞ ഒന്നരദശാബ്ദത്തിനിടയില്‍ മലയാളത്തിലുണ്ടായ ഏറ്റവും വലിയ ലോകാനുരാഗിയായ കവിയായിരുന്നു ആശാന്‍ എന്നു വിലയിരുത്താം.
'പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം' എന്നു വിശ്വസിച്ച ആശാന്റെ സ്വാതന്ത്ര്യബോധത്തിന്റെ അടിത്തറ ഈ വിശ്വപ്രേമവും പരിവര്‍ത്തനേച്ഛയുമായിരുന്നു. ജാതിജന്യങ്ങളായ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കുമെതിരായി കുമാരനാശാന്‍ ഉയര്‍ത്തിയ കവിതയുടെയും ചിന്തയുടെയും കൊടുങ്കാറ്റാണ് കഴിഞ്ഞ നൂറ്റാണ്ടിനെ കവിതയുടെയും നവോത്ഥാനത്തിന്റെയും നൂറ്റാണ്ടാക്കിമാറ്റിയത്. ഭാഷയുടെയും ഭാവനയുടെയും ഭാവസൗന്ദര്യങ്ങളുടെയും മാനവികാദര്‍ശങ്ങളുടെയും മഹാസ്വാതന്ത്ര്യംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനവോത്ഥാനത്തിന്റെ പതാകാവാഹകനായി മാറിയ കുമാരനാശാന്‍ മലയാളത്തിന്റെ വിശ്വമഹാകവിയാണ്.
മഹാകവി കുമാരനാശാന്റെ ജന്മദിനം ഇന്ന്.
'ഏകാന്തം വിഷം' അമൃതമാക്കിമാറ്റിക്കൊണ്ട് ലോകാനുഗ്രഹപരമായ കവിതയാല്‍ കാലത്തെ ജയിച്ച ആ യുഗസ്രഷ്ടാവിന്റെ മരണമില്ലാത്ത സ്മരണകളില്‍ പ്രണാമം.
Content Highlights: Kumaransan@150, Alankode Leelakrishnan, Mathrubhumi
Published: 11 Apr 2023, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented