
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോർ കുറിച്ച് ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ കിരീടപ്രതീക്ഷ വാനോളമായിരുന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്. കൊല്ലം സെയിലേഴ്സിനെ എളുപ്പത്തിൽ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടൽ. അടിമുടി ആവേശം നിറഞ്ഞ കലാശപ്പോരിൽ പക്ഷേ കാലിക്കറ്റിന്റെ സ്വപ്നങ്ങൾ തകർന്നുടഞ്ഞു. ഒരു സമ്മർദത്തിനും അടിപ്പെടാതെ പോരാടിയ സച്ചിൻ ബേബി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശക്കടലാക്കിയപ്പോൾ കാലിക്കറ്റ് കാഴ്ചക്കാരായി. കൊല്ലം സെയിലേഴ്സ് തിരിച്ചടിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലത്തിന്റെ മുത്തം.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20-ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 213-റൺസാണെടുത്തത്. മുൻനിര ബാറ്റർമാരായ രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ സ്‌കറിയ (30 പന്തിൽ 50), എം. അജ്‌നാസ് (24 പന്തിൽ 56) എന്നിവരുടെ അർധസെഞ്ചുറികളാണ് കാലിക്കറ്റിനെ മികച്ച ടോട്ടലിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് സ്‌കോര്‍ 29-ല്‍ നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 52- റണ്‍സെത്തി നില്‍ക്കുമ്പോള്‍ രണ്ടാം വിക്കറ്റും. പിന്നാലെ സച്ചിൻബേബി മുന്നിൽനിന്ന് നയിച്ചതോടെ കൊല്ലം വിജയതീരത്തോടടുത്തു. മൂന്നാംവിക്കറ്റിൽ വത്സൽ ഗോവിന്ദും (27 പന്തിൽ 45) സച്ചിനും ചേർന്ന് 10.1 ഓവറിൽ 114 റൺസാണ് അടിച്ചെടുത്തത്.
സെഞ്ചുറിയുമായി ക്യാപ്റ്റൻ സച്ചിൻബേബി മിന്നിയപ്പോൾ കാലിക്കറ്റ് ഉയർത്തിയ റൺമല ഏരീസ് കൊല്ലം സെയിലേഴ്‌സിന് നിസ്സാരമായി. കൂറ്റൻ സ്കോർ പിന്തുടർന്ന സച്ചിൻ ഒരു ഘട്ടത്തിലും സമ്മർദത്തിനടിപ്പെട്ടില്ല. 54 പന്തിൽ 105 റൺസുമായി കൊല്ലത്തിന് കിരീടം നേടിക്കൊടുത്ത സച്ചിന്‍ ബേബി മാൻ ഓഫ് ദ മാച്ചുമായി. ഇന്നിങ്സിൽ ഏഴ് സിക്സും എട്ട് ഫോറുമുണ്ട്. അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് ക്യാപ്റ്റൻ ടീമിനെ ചാമ്പ്യൻമാരാക്കി.
ടൂർണമെന്റിൽ സച്ചിന്‍ ബേബിയുടെ രണ്ടാം സെഞ്ചുറിയാണിത്. നാല് അർധസെഞ്ചുറിയും നേടി. കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിനെതിരേയായിരുന്നു ആദ്യ സെഞ്ചുറി (50 പന്തിൽ 105). സെമിഫൈനലിൽ തൃശ്ശൂരിനെതിരായ വിജയത്തിലും സച്ചിന്റെ ഇന്നിങ്‌സ് (49 പന്തിൽ 83*) പ്രധാനമായി. ആകെ 528 റൺസ് നേടിയ സച്ചിൻ ടൂർണമെന്റിലെ ടോപ് സ്കോററുമായി. കാലിക്കറ്റിന്റെ അഖിൽ സ്കറിയ (25 വിക്കറ്റ്) വിക്കറ്റ് നേട്ടത്തിൽ മുന്നിലെത്തി. ഏറെക്കാലം കേരള ടീമിനെ നയിച്ച സച്ചിൻ തൊടുപുഴ സ്വദേശിയാണ്.
Content Highlights: kerala cricket league sachin baby performance
Published: 19 Sept 2024, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented