തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗിന് ബുധനാഴ്ച കൊടിയിറക്കം. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏരീസ് കൊല്ലം സെയിലേഴ്‌സും കിരീടത്തിനായി ഏറ്റുമുട്ടും. വൈകിട്ട് 6.45-ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ആറുമണി മുതൽസമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രവേശനം സൗജന്യമാണ്. 

To advertise here,

ആദ്യസെമിയിൽ ചൊവ്വാഴ്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 18 റൺസിനാണ് ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തിയത്. സ്‌കോർ: കാലിക്കറ്റ്: 20 ഓവറിൽ അഞ്ചിന് 173. ട്രിവാൻഡ്രം: 20 ഓവറിൽ ഏഴിന് 155. രണ്ടാം സെമിയിൽ തൃശ്ശൂർ ടൈറ്റൻസിനെ കൊല്ലം സെയിലേഴ്‌സ് 16 റൺസിന് തോൽപ്പിച്ചു. സ്‌കോർ: ഏരീസ് കൊല്ലം: 20 ഓവറിൽ രണ്ടുവിക്കറ്റിന് 210. തൃശ്ശൂർ ടൈറ്റൻസ് 20 ഓവറിൽ എട്ടിന് 194. 

ആദ്യം ബാറ്റുചെയ്ത ടീമുകളാണ് രണ്ടുമത്സരങ്ങളിലും ജയിച്ചത്. ആദ്യ സെമിയിൽ ഒരുഘട്ടത്തിൽ വിജയം ഉറപ്പിച്ച ട്രിവാൻഡ്രം റോയൽസ്, അവസാന ഓവറുകളിലെ കൂട്ടത്തകർച്ചയോടെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഫൈനലിൽ കാലിക്കറ്റും കൊല്ലവും ഏറ്റുമുട്ടുമ്പോൾ കലാശപ്പോര് കടുക്കുമെന്നുറപ്പാണ്.