തൃശ്ശൂർ: മലപ്പുറം തിരൂർ ബോയ്സിൽ ജില്ലാ സ്കൂൾ കലോത്സവം നടക്കുകയാണ്. തൊട്ടുചേർന്ന മതിലിനപ്പുറത്തെ പോളി ടെക്നിക്കിലെ കലാകാരന് കലോത്സവമേളം കേട്ടിട്ട് ഇരിപ്പുറയ്ക്കുന്നില്ല. ഉള്ളിലെ ആഗ്രഹത്തെ അടക്കാനാകാതെവന്നപ്പോൾ ഒന്നെത്തിനോക്കാൻ തോന്നി. ആ നോട്ടം ചെന്നുതറച്ചത് ഒരു ഹൃദയത്തിലേക്കായിരുന്നു- വഞ്ചിപ്പാട്ട് സംഘത്തിലെ പെൺകുട്ടിയിൽ. തന്റെ ബന്ധുവായ പെൺകുട്ടിക്കൊപ്പമുള്ള ഗായിക പതുക്കെ ആ കൗമാരക്കാരന്റെ ഉള്ളിൽ കൂട്ടിന്റെ താളമിട്ടു. കലാകാരിക്ക് ആ ജില്ലാകലോത്സവത്തിൽ ലഭിച്ച എ ഗ്രേഡിനൊപ്പം ഒരു കൂട്ടുകാരനെയും കിട്ടി. ഒരു മതിലിനപ്പുറമുള്ള കലാലയങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ താനൂർ സ്വദേശി ഐശ്വ ര്യയും പരപ്പനങ്ങാടി സ്വദേശി വിനായകും വീണ്ടും കലോത്സവവേദിയിലെത്തുകയാണ്- പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ജീവിതത്തിൽ ഒന്നിക്കാൻ.

To advertise here,

കലോത്സവ വേദിയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തുമ്പോൾ അവർക്ക് കലോത്സവവേദിയിലേക്ക് മടങ്ങിവരാതിരിക്കാൻ ആകില്ലായിരുന്നു. അങ്ങനെയാണ് വിവാഹത്തിന്റെ ‘സേവ് ദ ഡേറ്റ്’ വേദി സംസ്ഥാന കലോത്സവം തന്നെയെന്ന് ഉറപ്പിച്ചത്. ഫോട്ടോഗ്രാഫർ ശ്യാമിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവരുടെ ഫോട്ടോഷൂട്ടും നടന്നു. 2017- ജനുവരി 14-നായിരുന്നു ഇവരുടെ കണ്ടുമുട്ടൽ.

പ്ലസ്ടു വരെ വൃന്ദവാദ്യത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടിയ സംഘാംഗമാണ് വിനായക്. ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിലെ സൈറ്റ് എൻജിനിയർ എന്ന ജോലിക്കൊപ്പം ചെണ്ടകലാകാരനുമാണ്. കലോത്സവത്തിന് കുട്ടികളെ തയ്യാറാക്കുന്നതിലേക്ക് മാറി കടുങ്ങാത്തുരുത്ത് ബാഫക്കി സ്കൂൾ അധ്യാപികയായ ഐശ്വര്യയുടെ കലാജീവിതം. ഏപ്രിൽ 22-ന് വിവാഹിതരാകുന്ന ഇവർക്ക് ഓരോ കലോത്സവ വാർത്തയും പ്രണയത്തോളംതന്നെ പ്രിയം. പരപ്പനങ്ങാടി ചെമ്പ് വിജയന്റെയും രജിതയുടേയും മകനാണ് വിനായക്. താനൂർ സുനിൽനിവാസിൽ സുനിൽ കുമാറിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഐശ്വര്യ.