
തിരുവനന്തപുരം: കാമറക്കണ്ണുകളില്ലാത്ത, ഓട്ടപ്പാച്ചിലുകളില്ലാത്ത വേദി തപ്പിയിറങ്ങപ്പോള്‍ കണ്ടെത്തിയതാണ് ചാല ഗവണ്‍മെന്റ് സ്‌കൂള്‍. വിഷയം 'വേള്‍ഡ് ടുഡെ', ഇംഗ്ലീഷ് പ്രസംഗ മത്സരം.
വേദിയിലെത്തുമ്പോൾ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മത്സരം അവസാന പാദത്തിലെത്തിയതുകൊണ്ട് പ്രതീക്ഷ ഹയര്‍ സെക്കന്‍ഡറിയിലായി.
ജെന്‍ ബീറ്റ, എ.ഐ, എച്ച്.എം.പി.വി വൈറസ്, കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ അക്രമണം, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, ഡിജിറ്റല്‍ സാക്ഷരത, വയനാട് ഉരുള്‍പ്പൊട്ടല്‍ അങ്ങനെ സമകാലികം കൊണ്ട് നിറഞ്ഞു വിദ്യാര്‍ഥികളുടെ അഞ്ചു മിനിട്ട്. വേദിയിൽ കയറുന്നതിന് തൊട്ടു മുമ്പ് കറൻ്റ് അഫയേഴ്സ് പരതി വന്നവരും കൃത്യമായ പരിശീലനത്തിനുശേഷം വന്നവരും തമ്മിലുള്ള മത്സരമായിരുന്നു അവിടെ.
ഒരാള്‍ പ്രസംഗം അവസാനിപ്പിച്ച വരികളിൽ 'ലോങിങ്' എന്ന വാക്ക് ശ്രദ്ധയില്‍പെട്ടു. വേദിയില്‍ നിന്ന് ഇറങ്ങാന്‍ നേരം വെറുതേ പോയി പരിചയപ്പെട്ടു. ഗവ.എച്ച്.എ്‌സ്.എസ് കൊട്ടാരക്കരയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ് ദേവനന്ദ.
ചോദിക്കുന്ന എല്ലാത്തിനും വ്യക്തമായ മറുപടി. മലയാള പ്രസംഗ മത്സരവും മലയാള ഉപന്യാസ മത്സരവും കഴിഞ്ഞാണ് ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് എത്തിയതെന്ന് പറഞ്ഞു. ആ സൗഹൃദ സംഭാഷണത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍.
ജില്ലാതല പ്രസംഗ മത്സരത്തിലെ വിഷയം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികൾ എന്നതായിരുന്നു. നാട്ടിലെ കുട്ടികളെല്ലാം നാടു വിടുന്നു എന്ന് വിലപിക്കേണ്ടതുണ്ടോ എന്നാണ് ദേവനന്ദ ചോദിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സാധ്യതകളും, ജീവിതം എളുപ്പമാക്കുന്നതുമൊക്കെ തള്ളികളയണോ. പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കിലും വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് എത്തുമെന്ന ധാരണയും കക്ഷിക്കുണ്ട്.
പ്ലസ്ടു കഴിഞ്ഞ് എന്താണ് പ്ലാനെന്ന ക്ലീഷെ ചോദ്യവും ഒരു ഫ്‌ളോയില്‍ ചോദിച്ച് പോയി. വലുതാകുംതോറും ഇന്ററസ്റ്റുകള്‍ മാറിമറിയുമെങ്കിലും, സ്‌കൂളില്‍ പഠിക്കുമ്പോഴെ ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് അറിയുക നിര്‍ബന്ധമല്ലെങ്കിലും പെട്ടന്നുള്ള അവിടെ കിട്ടിയ മറുപടി ആശ്വാസമായിരുന്നു. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ (ഇഫ്ളു) ബി. എ ഹോണേഴ്‌സ് (ആന്റ് റിസര്‍ച്ച്) ഇന്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍. ലിറ്ററേച്ചര്‍!
തനിക്ക് വേണ്ട ബി.എ ഹോണ്‍ര്‍സ് ആന്റ് റിസര്‍ച്ച് ഡിഗ്രി ഇഫ്‌ളുവില്‍ മാത്രമേ ഉള്ളു. ഇംഗ്ലീഷ് പഠിക്കാന്‍ ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റിയാണ് ഇഫ്‌ളുവെന്ന് കുഞ്ഞുനാളില്‍ കേട്ടതു മുതലേ മനസ്സിലുള്ള ആഗ്രഹമാണ് ഇതെന്നും മറുപടി വന്നു.
പ്ലസ്ടു വിദ്യാര്‍ഥിയുടെ ശാസ്ത്ര അവബോധം
സംസ്ഥാന കലോത്സവത്തില്‍ മലയാളം ഉപന്യാസ മത്സരത്തിലെ വിഷയം ശാസ്ത്ര അവബോധം സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് എന്നതായിരുന്നു.
അവബോധം വേണ്ടത് ചില പ്രത്യേക കാര്യങ്ങളുടെ ഉന്നതിക്ക് വേണ്ടി മാത്രമല്ല എന്ന സ്റ്റാന്റായിരുന്നു ദേവനന്ദയ്ക്ക് എന്താണ് എഴുതിയതെന്ന ചോദ്യത്തിന്, ജനാധിപത്യ ബോധമുണ്ടാകാന്‍, മതത്തിന്റെ പേരില്‍ തല്ലുകൂടേണ്ടതില്ലെന്ന് തിരിച്ചറിയാന്‍, ലിംഗ സമത്വത്തെ പറ്റി അറിയാനുമൊക്കെ വേണ്ടത് ശാസ്ത്ര അവബോധമാണ് എന്നാണ് കുറിച്ചതെന്നും മറുപടി തന്നു.
ഈ വ്യക്തതയുടെ ഉറവിടമറിയാനുള്ള ആകാംക്ഷയില്‍ വായനയെ പറ്റിയായി പിന്നീടുള്ള സംസാരം.
മിത്തിക്കല്‍ ഫിക്ഷനാണ് ദേവനന്ദയുടെ ഇഷ്ട വിഭാഗം. ഇംഗ്ലീഷില്‍ താത്പര്യം അമീഷിനെയാണ്. മുഹമ്മദ് അബ്ബാസിന്റെ ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍ ആണത്രെ മലയാളത്തില്‍ ഈ അടുത്ത് വായിച്ചതില്‍ ആസ്വദിച്ച പുസ്തകം. പത്രവായനയൊക്കെ ഇത്ര ആസ്വദിച്ച് ചെയ്യുന്ന കുട്ടികള്‍ ഇപ്പോഴുമുണ്ടോ എന്ന അത്ഭുതമുണ്ടാക്കുന്നതായിരുന്നു പിന്നീടുള്ള സംഭാഷണം.
ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയുടെ പേരുണ്ടല്ലോ, ജ്യോതിശാസ്ത്രജ്ഞന്‍ അശ്വിന്‍ ശേഖര്‍. അദ്ദേഹത്തിന്റെ ബൈലൈനില്‍ അച്ചടിച്ചുവരുന്ന സ്റ്റോറികള്‍ ജിജ്ഞാസയോടെ വായിക്കാറുണ്ട്. ഹിന്ദുവിലെ സോഷ്യല്‍ അഫയേര്‍സ് എഡിറ്റര്‍ ജി. സമ്പത്തിനെ കാത്തിരുന്ന് വായിക്കുന്നവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്നും മറുപടി വന്നു.
ഇന്‍സ്റ്റഗ്രാമുള്‍പ്പടെയുള്ള സമൂഹിക മാധ്യമങ്ങള്‍ ചെറിയ രീതിയില്‍ ഡിസട്രാക്ഷന്‍ ആണെന്നുള്ള വിശ്വാസക്കാരിയാണ്. ഫോണിലൂടെയുള്ള പഠനവും പുസ്‌ക പഠനവും സംയോജിപ്പിച്ച് മാത്രമേ മുന്നോട്ട് പോകാനാകുവെന്നാണ് ദേവനന്ദയുടെ അഭിപ്രായം.
സംസ്ഥാന കലോത്സവത്തിലെ ഗ്രേഡ് സിസ്റ്റവുമായി ബന്ധപ്പെട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയെത്തി. പ്ലസ്ടുവില്‍ മികച്ച മാർക്ക് കിട്ടുന്നവര്‍ക്ക് ഗ്രേസ് മാർക്കിൻ്റെ ആവശ്യം വരുന്നില്ല. ഗ്രേസ് മാര്‍ക്ക് കിട്ടുന്നതോടെ ഫുള്‍ മാര്‍ക്ക് കിട്ടുന്നതില്‍ എതിര്‍പ്പുണ്ട്. അഡ്മിഷനില്‍ ബോണസ് പോയിന്റായി കലോത്സവങ്ങളിലെ മാര്‍ക്ക് മാറുന്നതാകും നല്ലത്, അവള്‍ പറഞ്ഞു.
ഇറാനിയന്‍ സംഗീതജ്ഞ
ഇറാനില്‍ പൊതുനിരത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡിയില്‍ മരിച്ച മഹ്സ അമീനിക്കായി ഇറാനിയന്‍ സംഗീതജ്ഞ ഷെര്‍വിന്‍ ഹാജിപോര്‍ രചിച്ച് ഗാനത്തിന്റെ വരികള്‍ പറഞ്ഞാണ് ദേവനന്ദ പ്രസംഗം അവസാനിപ്പിച്ചത്. പാട്ടിന്റെ എല്ലാ വരികളും 'ഫോര്‍' എന്ന് അര്‍ത്ഥം വരുന്ന ബരായെ എന്ന വാക്കിലാണ് തുടങ്ങുന്നത്.
for a change in the minds of the fanatics
for the longing for a normal life
for the girl who wished she was a boy
for women, life, freedom
ആരവങ്ങളോ മാധ്യമപ്രവര്‍ത്തകരുടെ തള്ളിക്കയറ്റമോ ഇല്ലാത്ത ചാലയിലെ ഗവണ്‍മെന്റ് സ്‌കൂള്‍വേദിയില്‍ ദേവനന്ദ പറഞ്ഞത് പലരു കേട്ട് കാണില്ല. സാമൂഹ്യ ബോധമില്ലാതെ, നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തയില്ലാതെ ചെറുപ്പക്കാർ മന്തി കഴിച്ച് നടക്കുകയാണെന്ന പി.വി.അൻവറിൻ്റെ അഭിപ്രായം ഓർത്തുപോയി.
പെരിഫറല്‍ വിവരം മാത്രമാണ് ഇന്നത്തെ കുട്ടികള്‍ക്ക് ഉള്ളതെന്ന് ആവര്‍ത്തിച്ച് കേള്‍ക്കുന്ന കാലത്ത് ദേവനന്ദമാരും കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്ന തിരിച്ചറിവായിരുന്നു ആ പ്രസംഗ മത്സരം.
Content Highlights: -
Published: 08 Jan 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented