ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആറാം ജയം. 51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്റാകോസ് നേടിയ പെനാല്‍ട്ടി ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം. ഐലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ പഞ്ചാബിനെയാണ് തോല്‍പ്പിച്ചത്. ഈ സീസണില്‍ ഒരു മത്സരമെങ്കിലും ജയിക്കാന്‍ പഞ്ചാബിന് ഇനിയും കാത്തിരിക്കണം. 10 കളിയില്‍നിന്ന് ആറ് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സിന് 20 പോയിന്റ് ആണ്. ഒന്നാമതുള്ള ഗോവയ്ക്കും ഇതേ പോയിന്റ് തന്നെ. 

വിലക്ക് നേരിട്ട പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചും പരിക്കേറ്റ നായകന്‍ അഡ്രിയന്‍ ലൂണയുമില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യസമയം മുതല്‍തന്നെ ബ്ലാസ്റ്റേഴ്‌സ് അക്രമിച്ചു കളിച്ചെങ്കിലും ഒന്നാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. കേരളത്തിന്റെ മുന്നേറ്റങ്ങളെ പഞ്ചാബ് ഫലപ്രദമായി പ്രതിരോധിച്ചു. പക്ഷേ, രണ്ടാംപകുതിയുടെ ആദ്യ സമയത്തുതന്നെ ഗോള്‍വരള്‍ച്ചയ്ക്കു ശമനമുണ്ടായി. 48-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗ്രീസ് താരം ഡയമെന്റാകോസ് വളരെ ശാന്തമായി അടിച്ചുകയറ്റി. കേരള ബ്ലാസ്‌റ്റേഴ്‌സ് 1-0 പഞ്ചാബ് എഫ്.സി. സീസണിലെ ഡയമെന്റാകോസിന്റെ അഞ്ചാംഗോള്‍. 

To advertise here,

52-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്തുവെച്ച് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പന്ത് പഞ്ചാബ് വലയിലെത്തിക്കാനായില്ല. ഗോള്‍ ഒന്ന് വീണതോടെ പഞ്ചാബ് അല്പംകൂടി ഉണര്‍ന്നുകളിച്ചു. എന്നാല്‍ കേരള പ്രതിരോധത്തെയോ ഗോളിയെയോ മറികടക്കാനായില്ല. പഞ്ചാബിന്‌ പത്ത് കളിയില്‍നിന്ന് അഞ്ചുവീതം തോല്‍വിയും സമനിലയുമാണുള്ളത്.