കൊച്ചി: തുടര്‍ച്ചയായ നാലാം തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങള്‍. എന്നാല്‍ മഞ്ഞപ്പടയ്ക്ക് തോല്‍ക്കാന്‍ മനസില്ലായിരുന്നു. പിന്നെ സാക്ഷിയായത് വീറുറ്റ പോരാട്ടത്തിന്. ഒന്നും അവസാനിച്ചിട്ടില്ലെന്നും തങ്ങളെ എഴുതിത്തള്ളാനാവില്ലെന്നും പ്രഖ്യാപിച്ച് വുകുമാനോവിച്ചും സംഘവും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തലയുയര്‍ത്തി നിന്നു. ഐഎസ്എല്ലില്‍ ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. അതും രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം. ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച് ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നുണ്ട്. എന്നാല്‍ ഗോവയ്‌ക്കെതിരായ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ ടീമിനായി.

To advertise here,

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോര്‍ജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം ശക്തമാക്കി. എന്നാല്‍ 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്‌റ്റേഴ്‌സിന് പ്രഹരമേല്‍പ്പിച്ചത്. 

ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് കിട്ടിയ പന്തുമായി നോവ സദോയി ഇടതുവിങ്ങിലൂടെ മുന്നേറിയാണ് അവസരം സൃഷ്ടിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരങ്ങളെ കടന്ന് നല്‍കിയ ക്രോസ് മുഹമ്മദ് യാസിര്‍ അനാസായം വലയിലേക്ക് കയറ്റി. ഇതോടെ വുകുമാനോവിച്ചും സംഘവും പ്രതിരോധത്തിലായി. തിരിച്ചടിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിനെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ പകുതി രണ്ട് ഗോളിന് ഗോവ മുന്നിട്ടുനിന്നു.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീകിക്കിലൂടെ ജപ്പാന്‍ താരം ഡെയ്‌സുക് സകായിയാണ് ലക്ഷ്യം കണ്ടത്. സകായിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു. ഒരു ഗോളടിച്ചതിന് ശേഷം സമനില പിടിക്കാന്‍ മുന്നേറ്റം ശക്തമാക്കി. എന്നാല്‍ ഗോവന്‍ പ്രതിരോധം ഉറച്ചുനിന്നത് വെല്ലുവിളിയായി. 

മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ അവസാനം സമനില ഗോള്‍ നേടി. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റക്കോസ് വലയിലെത്തിച്ചതോടെ സ്‌കോര്‍ 2-2 ആയി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം അവസാനിച്ചില്ല. അവസാനമിനിറ്റുകളില്‍ എന്തുവിലകൊടുത്തും ജയം നേടാന്‍ ഗോവന്‍ ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കയറിയിറങ്ങി. ഒടുക്കം 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസ് ഗോവന്‍ ഗോളി അര്‍ഷ്ദീപ് സിങ്ങിന് കൈയ്യിലൊതുക്കാനായില്ല. കൈയ്യില്‍ നിന്ന് വഴുതിയ പന്ത് ഡയമെന്റക്കോസ് വലയിലേക്ക് അടിച്ചുകയറ്റി. സ്‌കോര്‍ 3-2.

ലീഡെടുത്ത ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് ഉള്‍വലിയാതെ മുന്നേറിക്കൊണ്ടിരുന്നു. ഗോവയ്ക്ക് പന്ത് കിട്ടുമ്പോള്‍ ഹൈ പ്രസ്സിങ് ഫുട്‌ബോള്‍ പുറത്തെടുത്തു. കളി വരുതിയിലാക്കിയ ടീം 88-ാം മിനിറ്റില്‍ നാലാം ഗോളും നേടി. ഇത്തവണ തകര്‍പ്പന്‍ ഷോട്ടിലൂടെ ഫെഡറിക് ചെര്‍നിച്ചാണ് ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. അതോടെ ഗോവന്‍ പതനം പൂര്‍ണമായി. കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആവേശം അലതല്ലി. ജയത്തോടെ പട്ടികയില്‍ നാലാമതെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. 16-മത്സരങ്ങളില്‍ നിന്ന് 29-പോയന്റാണ് ടീമിനുള്ളത്.