ഭുവനേശ്വര്‍: നന്നായി കളിച്ച് അവസാനം കളിതുലയ്ക്കുന്ന പതിവ് തുടര്‍ന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ സെമി കാണാതെ പുറത്ത്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി.
67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87'), ഐസക്ക് (98') എന്നിവരിലൂടെ സ്‌കോര്‍ ചെയ്ത ഒഡിഷ ജയവുമായി മടങ്ങുകയായിരുന്നു. സെമിയില്‍ മോഹന്‍ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.
ബ്ലാസ്റ്റേഴ്‌സിനായി സന്ദീപ് സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം എന്നിവര്‍ പ്രതിരോധത്തിലും ദയ്‌സുകെ സകായ്, ഫ്രെഡി, വിബിന്‍ മോഹന്‍, സൗരവ് മണ്ഡല്‍ എന്നിവര്‍ മധ്യനിരയിലും മുഹമ്മദ് ഐമനും ഫെദോര്‍ ചെര്‍നിച്ചും മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശര്‍മയായിരുന്നു ബാറിന് കീഴില്‍.
കളിയുടെ തുടക്കത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മികവ് പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തോടെ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ ആദ്യ 10 മിനിറ്റിന് ശേഷം ഒഡിഷ കളിയില്‍ താളം കണ്ടെത്തി. 13-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള അഹമ്മദ് ജാഹുവിന്റെ ഹെഡര്‍ പുറത്തേക്ക് പോയി. പിന്നാലെ 18-ാം മിനിറ്റില്‍ മികച്ചൊരു സേവിലൂടെ ലാറ ശര്‍മ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി.
തുടര്‍ന്ന് 27-ാം മിനിറ്റില്‍ സ്‌റ്റേഡിയം ഏറ്റവും മോശം റഫറിയിങ്ങിനും സാക്ഷിയായി. കോര്‍ണര്‍ എടുത്ത ശേഷം കോര്‍ണര്‍ ഫ്‌ളാഗിനടുത്ത് ഓഫ് സൈഡ് പൊസിഷനില്‍ നിന്ന് പന്ത് സ്വീകരിച്ച് അഹമ്മദ് ജാഹു നല്‍കിയ പാസ് ഓഫ് സൈഡ് പൊസിഷനിലായിരുന്ന മുര്‍ത്താത ഫാള്‍ ബാക്ക് ഹീലിലൂടെ വലയിലാക്കി. റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത് മുഖ്യ റഫറി ഗോള്‍ പിന്‍വലിക്കുകയായിരുന്നു. ഒന്നിലേറെ ഒഡിഷ താരങ്ങള്‍ ഓഫ്‌സൈഡായിരുന്നപ്പോഴാണ് ഫാള്‍ പന്ത് വലയിലെത്തിക്കുന്നത്.
റോയ് കൃഷ്ണയെ കൃത്യമായി പൂട്ടാന്‍ ഡ്രിന്‍സിച്ചിനും ലെസ്‌കോവിച്ചിനും സാധിച്ചതോടെ ഫൈനല്‍ തേര്‍ഡില്‍ ഒഡിഷ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. എന്നാല്‍ ഇടതുവിങ്ങിലൂടെയുള്ള ജെറിയുടെ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. ഒഡിഷ ഗോളി അമരീന്ദറിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. എന്നാല്‍ ചെര്‍നിച്ചിന്റെ ഷോട്ട് പുറത്തേക്ക് പോയി.
53-ാം മിനിറ്റില്‍ ലഭിച്ച മികച്ചൊരു അവസരം അയ്മനും വലയിലെത്തിക്കാനായില്ല. ചെര്‍നിച്ച് ഫ്‌ളിക്ക് ചെയ്ത് നല്‍കിയപന്തുമായി മുന്നേറിയ അയ്മന്റെ ഗ്രൗണ്ട് ഷോട്ട് ഗോളി അമരീന്ദറിന്റെ കാലില്‍ തട്ടി പോസ്റ്റിലിടിച്ച് മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്.
എന്നാല്‍ 67-ാം മിനിറ്റില്‍ ചെര്‍നിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലപ്പൂട്ട് പൊളിച്ചു. മിഡ്ഫീല്‍ഡില്‍ നിന്ന് വിബിന്‍ മോഹന്‍ നല്‍കിയ പന്തുമായി മുന്നേറി ഐമന്‍ കിറുകൃത്യമായി നല്‍കിയ പന്ത് ചെര്‍നിച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍വീണതോടെ ആക്രമണം കടുപ്പിച്ച ഒഡിഷ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കൃത്യമായി പൂട്ടി. ഇതിനിടെ 72-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഷോട്ട് തടുത്തിട്ട് ലാറ വീണ്ടും രക്ഷകനായി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളുകള്‍ക്ക് ശേഷം 81-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ അഡ്രിയാന്‍ ലൂണയെ നിറഞ്ഞ കൈയടികളോടെ സ്‌റ്റേഡിയം സ്വീകരിക്കുകയും ചെയ്തു.
പിന്നാലെ ഡീഗോ മൗറീസിയോയെ കളത്തിലിറക്കിയ ഒഡിഷ കോച്ച് സെര്‍ജി ലൊബേറയുടെ തന്ത്രം ഫലംകണ്ടു. 87-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലേക്ക് വന്ന പാസില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ സന്ദീപ് സിങ് വരുത്തിയ അലംഭാവമാണ് ഒഡിഷയുടെ ഗോളില്‍ കലാശിച്ചത്. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ പോസ്റ്റിന്റെ വലതുമൂലയില്‍ നിന്ന് പന്ത് സ്വീകരിച്ച് കൃഷ്ണ നല്‍കിയ ക്രോസ് ഒന്ന് ടാപ് ചെയ്ത് വലയിലാക്കേണ്ട കാര്യമേ ഡീഗോ മൗറീസിയോയ്ക്കുണ്ടായുള്ളൂ.
ഇതോടെ മത്സരം അധികസമയത്തേക്ക്. തളര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കെതിരേ വിജയഗോള്‍ നേടാന്‍ പിന്നീട് എട്ടു മിനിറ്റ് മാത്രമേ ഒഡിഷയ്ക്ക് കാത്തിരിക്കേണ്ടിവന്നുള്ളൂ. ആദ്യ ഗോളിന്റെ കാര്‍ബണ്‍ കോപ്പിയായിരുന്നു അവരുടെ രണ്ടാം ഗോളും. ജാഹു കൃഷ്ണയെ ലക്ഷ്യമാക്കി വലതുഭാഗത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഒന്ന് പ്രതിരോധിക്കാന്‍ പോലും ശ്രമിക്കാതിരുന്ന സന്ദീപിനെ കാഴ്ചക്കാരനാക്കി കൃഷ്ണയുടെ വക സമാനമായ ക്രോസ്. ഇത്തവണ പക്ഷേ മൗറീസിയോക്ക് പകരം ഐസക്കായിരുന്നു ആ സ്ഥാനത്ത്. അനായാസം പന്ത് വലയിലെത്തിച്ച ഐസക്ക് ഒരിക്കല്‍ കൂടി മറ്റൊരു ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണീരുവീഴ്ത്തി.
Content Highlights: isl 2023-24 odisha fc beat kerala blasters in playoff
Published: 19 Apr 2024, 10:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented