പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്.സി. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഹൈദരാബാദിനുവേണ്ടി ജാവോ വിക്ടര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹാളിചരണ്‍ നര്‍സാരിയും ലക്ഷ്യം കണ്ടു. മുംബൈയ്ക്ക് വേണ്ടി ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ആല്‍ബര്‍ട്ടോ നൊഗുവേര എന്നിവര്‍ ഗോളടിച്ചപ്പോള്‍ ചിംഗ്ലന്‍സനയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
24-ാം മിനിറ്റില്‍ ചിംഗ്ലന്‍ സന വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ മുംബൈ സിറ്റി എഫ്.സി മത്സരത്തില്‍ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മുംബൈയുടെ ബിപിന്‍ സിങ് ഓര്‍ഗെ ഡയസ്സിനെ ലക്ഷ്യമാക്കി ക്രോസ് ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സനയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് പന്ത് വലയിലെത്തുമ്പോള്‍ മുംബൈ ആഘോഷം തുടങ്ങിയിരുന്നു.
എന്നാല്‍ ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഹൈദരാബാദ് ഒരു ഗോള്‍ തിരിച്ചടിച്ചു. പെനാല്‍ട്ടിയിലൂടെ ജാവോ വിക്ടറാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി ഗോളടിച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയെ അപൂയിയ വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി ഹൈദരാബാദിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു കിക്കെടുത്ത വിക്ടറിന് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് വിക്ടര്‍ ടീമിന് സമനില സമ്മാനിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് രണ്ടാം ഗോളടിച്ചു. 51-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയാണ് ലക്ഷ്യം കണ്ടത്. യാസിര്‍ ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച നര്‍സാരി അനായാസം വലകുലുക്കി. ഇതോടെ ഹൈദരാബാദ് 2-1 ന് മുന്നിലെത്തി.
ഗോള്‍ വഴങ്ങിയതും മുംബൈ ആക്രമണം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി ടീം 67-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മുംബൈ മത്സരം സമനിലയിലാക്കി. സൂപ്പര്‍ താരം ഗ്രെഗ് സ്റ്റ്യുവര്‍ട്ടാണ് ഗോളടിച്ചത്. അപ്രതീക്ഷിതമായി അഹമ്മദ് ജാഹു ബോക്‌സിനകത്തേക്ക് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സ്റ്റ്യുവര്‍ട്ട് പന്ത് വലയിലാക്കി. ഇതോടെ മത്സരം ആവേശത്തിലാണ്ടു.
പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തി 76-ാം മിനിറ്റില്‍ ഹൈദരാബാദ് വീണ്ടും മുന്നിലെത്തി. ഇത്തവണയും സൂപ്പര്‍ താരം ജാവോ വിക്ടറാണ് ഗോളടിച്ചത്. മികച്ച ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. കോര്‍ണര്‍ കിക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. ബോര്‍ഹ ഹെരേരയെടുത്ത കോര്‍ണര്‍ കിക്ക് ഒഡെയ് ഒനൈന്‍ഡിയയ്ക്ക് കണക്കായാണ് വന്നത്. ഒഡെയ് പന്ത് തലകൊണ്ട് വിക്ടറിലേക്ക് നീട്ടി. അനായാസം ഹെഡ്ഡറിലൂടെ വലകുലുക്കി വിക്ടര്‍ ടീമിന് ലീഡ് സമ്മാനിച്ചു. മത്സരത്തില്‍ വിക്ടറുടെ രണ്ടാം ഗോളാണിത്.
മത്സരം ഹൈദരാബാദ് സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ് മുംബൈയുടെ രക്ഷകനായി ആല്‍ബെര്‍ട്ടോ നൊഗുവേര അവതരിച്ചത്. പകരക്കാരനായി വന്ന നൊഗുവേര മുംബൈയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് നൊഗുവേര വലകുലുക്കിയത്. ഗ്രെഗ് സ്റ്റിയുവര്‍ട്ടിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതോടെ മത്സരം 3-3 എന്ന നിലയിലായി. പിന്നീട് ഗോളടിക്കാന്‍ ഇരുടീമുകളും കഠിനമായി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആവേശകരമായ മത്സരം സമനിലയില്‍ കലാശിച്ചു
Content Highlights: isl 2022-2023, isl, indian super league, mumbai city fc vs hyderabad fc, mumbai city, hyderabad fc
Published: 09 Oct 2022, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented