കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എഫ്.സി ഗോവയെ പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍. സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം.

To advertise here,

ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബോമസ് എന്നിവര്‍ എടികെയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍വര്‍ അലിയാണ് ഗോവയുടെ ഏക ഗോള്‍ നേടിയത്.

ജയത്തോടെ 12 കളികളില്‍ നിന്ന് 23 പോയന്റുമായി എടികെ, കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 12 കളികളില്‍ നിന്ന് 19 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.

കളിതുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ദിമിത്രി പെട്രാറ്റോസിലൂടെ എടികെ മുന്നിലെത്തി. ലിസ്റ്റണ്‍ കൊളാസോ പെട്ടെന്നെടുത്ത ഒരു ത്രോ ഇന്നില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ പെട്രാറ്റോസ് ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് ഗോവ ഗോള്‍കീപ്പര്‍ ധീരജ് സ്ഥാനം തെറ്റിനില്‍ക്കുന്നത് കണക്കാക്കി അടിച്ച പന്ത് നേരേ വലയില്‍.

പിന്നാലെ 25-ാം മിനിറ്റില്‍ എഡു ബേഡിയ എടുത്ത ഫ്രീ കിക്കില്‍ നിന്ന് വലകുലുക്കിയ അന്‍വര്‍ അലി ഗോവയെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് 52-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് എടികെയുടെ വിജയമുറപ്പിച്ച ഗോള്‍ നേടി. ഗോവന്‍ താരത്തിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ബോമസ് അത് പെട്രാറ്റോസിന് നീട്ടി. താരത്തിന് പന്ത് വലയിലാക്കാമായിരുന്നെങ്കിലും പെട്രാറ്റോസ് പന്ത് ബോമസിന് മറിച്ച് നല്‍കി. ഒട്ടും സമയം കളയാതെ ബോമസ് അനായാസം പന്ത് വലയിലെത്തിച്ചു.

പിന്നാലെ 85-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടാനുള്ള എടികെയുടെ അവസരം ആഷിഖ് കുരുണിയന്‍ പാഴാക്കി. ആളില്ലാത്ത പോസ്റ്റിലേക്കുള്ള ആഷിഖിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.