
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കഴിഞ്ഞ ഏഴ് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. എന്നാല്‍, ഇതുപോലെ മനോഹരമായി കളിക്കുന്ന, ജയം സ്വന്തമാക്കുന്ന ടീം വേറെയുണ്ടായിട്ടില്ല. അരങ്ങില്‍ അല്‍വാരോ വാസ്‌ക്വസും യോര്‍ഗെ ഡയസും അഡ്രിയന്‍ ലൂണയും സഹല്‍ അബ്ദുസമദുമൊക്കെ ആടിത്തിമിര്‍ക്കുമ്പോള്‍ അണിയറ ബുദ്ധികേന്ദ്രങ്ങളായ രണ്ടുപേരുണ്ട്. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും.
മോശം പ്രകടനങ്ങളുടെ നാല് സീസണുകള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് സെമിഫൈനലില്‍ കടക്കുമ്പോള്‍ ഈ രണ്ട് പേരോടാണ് ക്ലബ്ബ് കടപ്പെടുന്നത്. അവരുടെ ജോലി ശാന്തമായി ചെയ്യുന്ന, പ്രശസ്തി അധികം ഇഷ്ടപ്പെടാത്ത, ജയങ്ങളില്‍ അമിതമായി അഭിരമിക്കാത്തവര്‍.
ഇവാന്‍ ആദ്യസീസണില്‍തന്നെ അദ്ഭുതം സൃഷ്ടിക്കുമ്പോള്‍ അതിന് ചുക്കാന്‍പിടിച്ച കരോളിസിന് ക്ലബ്ബില്‍ രണ്ടാം സീസണ്‍ മാത്രമേയായിട്ടുള്ളു. ഇന്ത്യന്‍ ഫുട്ബോളിലേക്ക് കരോളിസിന്റെ വരവ് അമ്പരപ്പിച്ചുകൊണ്ടായിരുന്നു. അതുവരെയുള്ള ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോള്‍ സങ്കല്പങ്ങളെ മാറ്റിമറിച്ചാണ് ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്ടിങ് ഡയറക്ടറെ നിയമിച്ചത്. അത് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായിരുന്നു. ലിത്വാനിയന്‍ ക്ലബ്ബ് ഫുട്ബോളില്‍ എഫ്.സി. സുഡുവയുടെ വമ്പന്‍നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കരോളിസ് ഇന്ത്യന്‍ ഫുട്ബോളിലും തന്റെ മാന്ത്രികത പുറത്തെടുക്കാന്‍ തുടങ്ങിയെന്ന് നടപ്പുസീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം സൂചിപ്പിക്കുന്നു.
പരിശീലകജോലിയൊന്നുമില്ലാതെയിരുന്ന സെര്‍ബിയക്കാരന്‍ ഇവാനെ കരോളിസ് കൊണ്ടുവരുമ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചിരുന്നു. വമ്പന്‍പേരുകാരെക്കാള്‍ ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നയാളെയാണ് കൊണ്ടുവരികയെന്ന് കരോളിസ് അന്ന് തന്റെ നയം വ്യക്തമാക്കി. അത് അച്ചട്ടായി.
Content Highlights: Karolis Skinkys and ivan vukomanovic tha master brains behind kerala blasters
Published: 07 Mar 2022, 05:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented