മഡ്ഗാവ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ തിരിച്ചെത്തി. 

To advertise here,

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ജോര്‍ജ് പെരെയ്‌ര ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ശേഷിച്ച ഒരു ഗോള്‍ അഡ്രിയാന്‍ ലൂണ സ്വന്തമാക്കി. 

മത്സരത്തിന്റെ 38-ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍വാരോ വാസ്‌ക്വസ് നല്‍കിയ ക്രോസ് പക്ഷേ ജോര്‍ജ് ഡിയാസിന് വലയിലെത്തിക്കാനായില്ല. 

എന്നാല്‍ ഈ പിഴവിന് 52-ാം മിനിറ്റില്‍ ഡിയാസ് പ്രായശ്ചിത്തം ചെയ്തു. ഖബ്ര നല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ മികച്ചൊരു പാസ് ഡിയാസ് വലയിലെത്തിച്ചു. 

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡിയാസ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും നേടി. ബോക്‌സിലേക്ക് വന്ന പന്തില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ പാസ് സ്വീകരിച്ച ശേഷം സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഡിയാസ് റീബൗണ്ട് വന്ന പന്ത് വിദഗ്ധമായി വലയിലെത്തിച്ചു.

കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു. 

ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത രണ്ടു കളികളും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.