ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ തകര്‍പ്പന്‍ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിന്റെ അനായാസജയമാണ് ആര്‍സിബി പഞ്ചാബിന്റെ തട്ടകത്തില്‍ നേടിയത്. മത്സരത്തില്‍ വിജയറണ്‍ കുറിച്ചതിന് പിന്നാലെ വിരാട് കോലി നടത്തിയ ആഘോഷപ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ശ്രേയസ്സ് അയ്യരിനു നേര്‍ക്കാണ്‌ കോലി ആഘോഷപ്രകടനം നടത്തിയത്. 

To advertise here,

ജിതേഷ് ശര്‍മ ടീമിനെ ജയത്തിലെത്തിച്ചതിന് പിന്നാലെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കോലി അയ്യര്‍ക്ക് നേരെ തിരിഞ്ഞാണ് ആഘോഷപ്രകടനം നടത്തിയത്. എന്നാല്‍ കോലിയുടെ ഈ ആഹ്‌ളാദപ്രകടനത്തില്‍ ശ്രേയസ്സ് അയ്യര്‍ അതൃപ്തി പ്രകടിപ്പിച്ചു. പിന്നാലെ കോലി അയ്യരുടെ അടുത്തുപോയി സംസാരിച്ചു. മത്സരശേഷം കുറച്ചുസമയം തര്‍ക്കിച്ചെങ്കിലും പഞ്ചാബ് നായകനെ ആലിംഗനം ചെയ്താണ് കോലി മടങ്ങിയത്. 

വിരാട് കോലിയും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ചുറിയോടെ തിളങ്ങിയതാണ് ആർസിബിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഐപിഎല്ലിലെ താരത്തിന്റെ 59-ാം അര്‍ധസെഞ്ചുറിയാണിത്. ലീഗില്‍ എട്ട് സെഞ്ചുറികള്‍ നേടിയ താരം 67 തവണയാണ് അമ്പതോ അതിലധികമോ സ്‌കോര്‍ നേടുന്നത്. 66 തവണ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറിന്റെ റെക്കോഡും കോലി പഴങ്കഥയാക്കി. 54 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത കോലി പുറത്താവാതെ നിന്നു.