ബെംഗളൂരു:  ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ്‌ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.

To advertise here,

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേരെപേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. 

ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.