ലഖ്‌നൗ: ഇത്തവണത്തെ താരലേലത്തില്‍ 27 കോടിയെന്ന റെക്കോഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിയ താരമാണ് ഋഷഭ് പന്ത്. എന്നാല്‍, ഈ സീസണിലെ ഫ്‌ളോപ്പുകളുടെ പട്ടികയിലേക്കാണ് താരം നീങ്ങുന്നത്. തൊട്ടതെല്ലാം പിഴയ്ക്കുന്ന പന്ത്, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും പരാജയമായി. സാധാരണ നാലാം നമ്പറില്‍ ബാറ്റിങ്ങിന് എത്താറുള്ള താരം ഡല്‍ഹിക്കെതിരേ പക്ഷേ, അബ്ദുള്‍ സമദിനും ആയുഷ് ബധോനിക്കും ഡേവിഡ് മില്ലര്‍ക്കും ശേഷം ഏഴാം നമ്പറിലാണ് ബാറ്റിങ്ങിനെത്തിയത്. അവസാന ഓവറിലെ അവസാന രണ്ടു പന്തുകള്‍ മാത്രമാണ് പന്തിന് നേരിടാനുണ്ടായിരുന്നത്. ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ സാധിക്കാതിരുന്ന താരം, അവസാന പന്തില്‍ പുറത്താകുകയും ചെയ്തു.
പുറത്തായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന പന്ത് കടുത്ത ദേഷ്യത്തിലായിരുന്നു. പന്തിന്റെ മുഖം ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. താരത്തെ വൈകിയിറക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിലുള്ള അതൃപ്തിയാകാം പന്ത് പ്രകടിപ്പിച്ചതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പാനല്‍ ചര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെയും സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടു.
'വൈകി ഇറങ്ങുന്നത് നിങ്ങളുടെ സമ്മര്‍ദം കുറച്ച് സ്വതന്ത്രമായി ബാറ്റിങ്ങിന് അനുവദിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണ്. പക്ഷേ, ഇത് വളരെ വൈകിപ്പോയി. പന്ത് പ്രകടിപ്പിച്ച അതൃപ്തി അതിന് തെളിവാണ്. അദ്ദേഹത്തിന് താന്‍ കുറച്ചുകൂടി നേരത്തേ ഇറങ്ങേണ്ടിയിരുന്നു എന്ന തോന്നലുണ്ടായി. ഈ തീരുമാനം ആരുടേതായിരുന്നു, അദ്ദേഹത്തിന്റേത് തന്നെയോ അതോ കോച്ച് ജസ്റ്റിന്‍ ലാംഗറുടെയോ അല്ലെങ്കില്‍ മെന്റര്‍ സഹീര്‍ ഖാന്റെയോ? തീരുമാനം അരുടേതാണെങ്കിലും അതാണ് പന്തിന്റെ അതൃപ്തിക്ക് കാരണം', കുംബ്ലെ പറഞ്ഞു.
പുറത്തായി ഡഗ്ഔട്ടില്‍ മടങ്ങിയെത്തിയ പന്ത് അവിടെയുണ്ടായിരുന്ന സഹീര്‍ ഖാനോടും അതൃപ്തി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. കടുത്ത അമര്‍ഷത്തില്‍ സഹീറിനോട് സംസാരിക്കുന്ന പന്തിന്റെ ദൃശ്യങ്ങളും ക്യാമറകള്‍ പകര്‍ത്തിയിട്ടുണ്ട്.
Content Highlights: Rishabh Pant`s frustration boils over after a late innings appearance and poor performance. Did he
Published: 23 Apr 2025, 01:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented